കാനഡയിൽ വച്ച് ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നൈജർ കൊലചെയ്യപ്പെട്ടതിനെത്തുടർന്ന്, ഇന്ത്യ അവരുടെ ശത്രുക്കളായി പ്രഖ്യാപിച്ച ആളുകളെ വിദേശ രാജ്യങ്ങളിൽ വകവരുത്തുന്നതായുള്ള ചർച്ചകൾ സജീവമാണ്. പാകിസ്താനിൽ അടക്കം സംഭവിച്ച അത്തരം നിരവധി അക്രമങ്ങളുടെ വിവരങ്ങൾ പുറത്ത് വരുന്നു. 2021 ജൂൺ 23നാണ് പാകിസ്താനിലെ ലാഹോറിൽ ലഷ്കറെ തോയിബ തലവൻ ഹഫീസ് സയീദിന്റെ വീടിനു മുന്നിൽ ഒരു ചാവേർ ആക്രമണം നടക്കുന്നത്. സയീദിന്റെ കുടുംബത്തിലുള്ള ആർക്കും പരിക്കുകളൊന്നും ഉണ്ടായില്ല. 2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനുമാണ് ഹഫീസ് സയീദ്. ആക്രമണം നടന്ന ദിവസം സയീദ് തന്റെ വീട്ടിയിലുണ്ടായിരുന്നില്ല.
അന്ന് തന്നെ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണ് എന്ന് ആരോപണമുയര്‍ന്നിരുന്നു. ഇന്ത്യ നടത്തിയ അക്രമണമാണെന്നതിന് തങ്ങളുടെ കൈവശം ആവശ്യത്തിന് തെളിവുകളുണ്ടെന്ന് പാകിസ്ഥാൻ മന്ത്രി റാണാ സനൗള്ള 2022ൽ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയിരുന്നു. അന്ന് പ്രതികരണം തേടി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ റോയിട്ടേഴ്‌സ് ബന്ധപ്പെട്ടിരുന്നെങ്കിലും പ്രതികരിക്കാൻ ഇന്ത്യ തയ്യാറായില്ല. വിവിധ ഭീകരപ്രവർത്തനങ്ങൾക്ക് സഹായം ചെയ്തതിന്റെ പേരിൽ സയീദ് 2019 മുതൽ നിരവധി കേസുകൾ നേരിടുകയാണ്. 31 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട് ഇപ്പോൾ സയീദ് ജയിലിൽ കഴിയുകയാണ്. എന്നാൽ 2008ലെ മുമ്പായി ഭീകരാക്രമണത്തിന്റെ ഭാഗമായി ഇതുവരെ വിചാരണചെയ്യപ്പെട്ടിട്ടില്ല. സയീദ് മാത്രമാണ് ഇത്തരത്തിൽ ഒരു ആക്രമണത്തെ അതിജീവിച്ചത്. സയീദിന്റെ സഹായികൂടിയായ അബ്ദുൽ സലാം ഭുട്ടാവി ഇതുപോലെ ജയിലിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിനായി ആളുകളെ തിരഞ്ഞെടുത്തത് അബ്ദുൽ സലാമ് ഭുട്ടാവിയാണ്. ഹൃദയസ്തംഭനം മൂലമാണ് മരണം എന്നാണ് ജയിൽ അധികൃതർ അറിയിച്ചതെങ്കിലും ആ മരണത്തിലും ദുരൂഹതയുണ്ടായിരുന്നു.
ഇന്ത്യ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച, വിദേശത്ത് വച്ച് കൊല്ലപ്പെയട്ട ഭീകരവാദികളിൽ ചിലർ ഇവരാണ്
ഹർദീപ് സിങ് നിജ്ജാർ
ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ തലവനും, ഇന്ത്യൻ സർക്കാർ തലയ്ക്ക് പത്ത് ലക്ഷം രൂപ വിലപ്രഖ്യാപിക്കുകയും ചെയ്ത വ്യക്തിയാണ് ഹർദീപ് സിംഗ് നിജ്ജാർ. കാനഡയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് പുറത്ത് വച്ച് രണ്ട് അക്രമികൾ ചേർന്ന് വെടിവച്ച് കൊല്ലുകയായിരുന്നു. കാനഡയിൽ സ്ഥിരതാമസക്കാരനായ, അവിടെ പൗരത്ത്വമുള്ള വ്യക്തിയായിരിക്കുമ്പോൾ തന്നെ നിജ്ജാർ പ്രത്യക്ഷമായി തന്നെ പഞ്ചാബിൽ സിഖ്സ്വതന്ത്ര ഭൂമിയായി ഖാലിസ്ഥാൻ വേണമെന്ന് ആവശ്യപ്പെടുന്ന നേതാവാണ്. അതുകൊണ്ടു തന്നെ ഇന്ത്യ നേരത്തെ തന്നെ നിജ്ജാറിനെ ലക്‌ഷ്യം വച്ചിരുന്നു.
ഭീകരവാദ നിരോധന നിയമപ്രകാരം (യുഎപിഎ) 2020 ജൂലൈയിൽ തന്നെ ദേശീയ അന്വേഷണ ഏജൻസി നിജ്ജാറിനെ ഭീകരവാദിയായി പ്രഖ്യാപിക്കുകയും, ഇന്ത്യയിലെ സ്വത്ത് വകകൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. 2016ൽ നിജ്ജാറിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2018ൽ സംശയദൃഷ്ടിയിലായ നിജ്ജാറിനെ കാനഡയിൽ പോലീസ് വീട്ടു തടങ്കലിലാക്കിയിരുന്നു. എന്നാൽ പിന്നീട് വെറുതെ വിട്ടു. കാനഡയിൽ] നടക്കുന്ന ഇന്ത്യ വിരുദ്ധ പ്രതിഷേധങ്ങളിൽ നേരത്തെ തന്നെ ൻഡ്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജൂണിൽ കാനഡയിൽ നടന്ന ഒരു പരിപാടിയിൽ ഇന്ത്യൻ മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധി സിഖുകാരായ സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റ് മരിച്ചത് സിഖ് വികാരം ഉയർത്തിപ്പിടിക്കേണ്ട സംഭവമായി ഉയർത്തിക്കാട്ടുന്ന ടാബ്ലോയിഡ് പ്രദർശിപ്പിച്ച സംഭവത്തിൽ ഇന്ത്യ ഒരതിഷേധം അറിയിച്ചിരുന്നു.
നിജ്ജാറിന്റെ കൊലപാതകം നടന്നയുടൻ തന്നെ ഇന്ത്യയുടെ പങ്കിനെ കുറിച്ച് സംശയങ്ങൾ ഉയർത്തിയിരുന്നു എന്നാൽ ഇന്ത്യ അത് അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് ഇന്ത്യ തള്ളി.
ഷാഹിദ് ലത്തീഫ്
2016ൽ ഇന്ത്യൻ എയർ ഫോഴ്സ് ബേസായ പത്താൻകോട്ടിൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രക്കാരിൽ ഒരാളായ ഷാഹിദ് ലത്തീഫ് ഈ ഒക്ടോബറിൽ പാകിസ്താനിലെ സിയൽക്കൊട്ട് ജില്ലയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. ജെയ്‌ഷെ മൊഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ അടുത്തയാളായ ഷാഹിദ് ലത്തീഫും, ഷാഹിദിന്റെ അനുജൻ ഹാരിസ് ഹാഷിമും ഒരുമിച്ചാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. മൂന്നു ദിവസങ്ങളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊലപാതകങ്ങളായിരുന്നു അത്. നൂർ മദീന പള്ളിയിൽ പ്രഭാത നമസ്കാരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർത്തത്.
ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. എന്നാൽ പോലീസ് കണ്ടെത്തിയത് ഷാഹിദ് ലത്തീഫിനെ ഉന്നം വച്ച് തന്നെ നടത്തിയ അക്രമമാണ് ഇതെന്നായിരുന്നു. ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിൽ ശക്തമായ പങ്കുവഹിച്ചതായി കണക്കാക്കുന്ന വ്യക്തിയാണ് ഷാഹിദ്. ഭീകരവാദ സംഘമായ ഹക്കർ ഉൽ അൻസർ എന്ന ഭീകരവാദ സംഘത്തിന്റെ ഭാഗമായി 1993ലാണ് ഷാഹിദ് ആദ്യമായി കാശ്മീരിലൂടെ ഇന്ത്യയിലേക്ക് കടക്കുന്നത്. പിന്നീട് പിടിക്കപ്പെട്ട് ജമ്മുവിലെ കോട്ട് പാൽവോ ജയിലിലിലായി. അവിടെ നിന്നാണ് ജെയ്‌ഷെ മൊഹമ്മദ് തലവൻ അസറിന്റെ സ്വാധീനമുണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. 16 വർഷത്തെ ജയിൽ വാസത്തിനു ശേഷം 2010ൽ ഷാഹിദ് പാകിസ്താനിലേക്ക് ഡീപോർട് ചെയ്യപ്പെട്ടു. അതിനു ശേഷം അസഹറിനെ വീണ്ടു ബന്ധപ്പെടുകയും ജെയ്‌ഷെ മൊഹമ്മെദിലേക്ക് തിരിച്ചു വരികയും ചെയ്യുകയായിരുന്നു.
റിയാസ് അഹമ്മദ്
ഈ വർഷം സെപ്റ്റംബറിലാണ് ലഷ്കറെ തോയിബ നേതാവ് റിയാസ് അഹമ്മദ് കശ്മീരിലെ അൽ ഖുദുസ് പള്ളിക്കുള്ളിൽ കൊല്ലപ്പെട്ടത്. റിയാസ് അഹമ്മദ് അഥവാ അബു ഖാസിം, ജനുവരിയിൽ കാശ്മീരിൽ നടന്ന രജൗരി ആക്രമണത്തിന്റെ പ്രധാന സൂത്രധാരനാണ്. രജൗരിയിൽ ഏഴുപേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകും, പന്ത്രണ്ടോളം പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. അക്രമികൾ ഒരു ഐഇഡി സ്‌ഫോടകവസ്‌തു അവിടെ ബാക്കിവച്ചിട്ടായിരുന്നു പോയത്. അത് തൊട്ടടുത്ത ദിവസം പൊട്ടിത്തെറിച്ച് വീണ്ടും ആളുകൾക്ക് പരുക്കേറ്റു.
മൗലാന സിയാവുർ റഹ്മാൻ
പുരോഹിതനായ മൗലാന സിയാവുർ റഹ്മാൻ ഈ സെപ്തംബര് 12 നാണ് ബൈക്കിലെത്തിയ തിരിച്ചറിയാൻ കഴിയാത്ത രണ്ടുപേരുടെ വെടിയേറ്റ് മരണപ്പെടുന്നത്. ലോക്കൽ പോലീസ് സംഭവസ്ഥലത്ത് നിന്ന് തോക്കിന്റെ 11 കാട്രിഡ്ജുകളാണ് കണ്ടെത്തിയത്.
സിയാവുർ റഹ്‌മാൻ ഒരു ലഷ്കർ ഭീകരനായിരുന്നു. ജാമിയ അബു ബക്കർ എന്ന സെമിനാരിയുടെ നടത്തിപ്പിൽ മേൽനോട്ടം വഹിച്ച് മുന്നൊട്ടു പോവുകയായിരുന്നു ഇയാൾ. ഈ സ്ഥാപനത്തിലെ ജോലി ഇയാളുടെ ഭീകരപ്രവർത്തനങ്ങൾക്കുള്ള മറയായാണ് വിലയിരുത്തപ്പെടുന്നത്. പാകിസ്ഥാൻ പോലീസ് കൊലപാതകത്തെ പാകിസ്ഥാനിൽ തന്നെയുള്ള ഭീകരവാദ സംഘങ്ങൾ തമ്മിലുള്ള പകപോക്കലിന്റെ ഭാഗമായാണ് വിലയിരുത്തിയത്. റഹ്മാന്റെ കൊലപാതകത്തെ തുടർന്ന് മതപണ്ഡിതന്മാർക്കെതിരെ വീണ്ടും ആക്രമണങ്ങൾ കറാച്ചിയിൽ നടന്നു. യുവാക്കളെ ഭീകരവാദത്തിലേക്കെത്തിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നതിൽ ഇത്തരം മത പണ്ഡിതരാണ് നിർണ്ണായക പങ്കു വഹിക്കുന്നതെന്നാണ് കരുതിയിരുന്നത്.
പരംജിത് സിംഗ് പഞ്ച് വാർ
ഖലിസ്ഥാനി നേതാവായ പരംജിത് സിംഗ് പഞ്ച് വാർ ലാഹോറിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ട് പേരുടെ വെടിയേറ്റ് മരണപ്പെട്ടു. നിരോധിത സംഘടനയായ ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സിലെ പഞ്ച് വാർ വിഭാഗത്തിന്റെ തലവനായിരുന്നു പരംജിത്. ആയുധവും മയക്കുമരുന്നും കള്ളക്കടത്ത് നടത്തുന്നതിലുൾപ്പെടെ പങ്കുണ്ടെന്ന് കണ്ടെത്തി, 2020 ജൂലൈയിൽ ഭീകരവാദ നിരോധന നിയമപ്രകാരം (യുഎപിഎ) ഭീകരവാദിയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ച വ്യക്തിയാണ് പരംജിത് സിംഗ്.
സൺഫ്ലവർ ഹൗസിങ് സൊസൈറ്റിയുടെ അടുത്ത് വച്ചാണ് പരംജിത്തിന് വെടിയേറ്റതെന്നും. വെടിവച്ചവർ ഒരു മോട്ടോർ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നെന്നും. ലാഹോറിലെ പഞ്ചാബ് പോലീസ് അറിയിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും പരംജിത് മരണപ്പെട്ടിരുന്നു.
1986ൽ പരംജിത് ഖലിസ്ഥാൻ കമാൻഡോ ഫോസിൽ ചേർന്നതായാണ് കരുതുന്നത്. പിന്നീട് പാക്കിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. ശേഷം ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് യുഎപിഎ പ്രകാരം നിരോധിക്കപ്പെട്ടു. കുറച്ച് വർഷങ്ങളായി സജീവമല്ലെങ്കിലും ലാഹോറിലിരുന്ന് പരംജിത് കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നുണ്ടായിരുന്നു. യുവാക്കൾക്ക് പരിശീലനം നൽകുകയും ആയുധങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾ നൽകി ഇന്ത്യയിലേക്ക് ഭീകരവാദ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുകയും ചെയ്യുകയായിരുന്നു പരംജിത്. 'റേഡിയോ പാകിസ്ഥാൻ' വഴി ഇയാൾ ഇന്ത്യയ്‌ക്കെതിരായി വിഘടനവാദപരമായ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നു.
മിസ്ത്രി സാഹൂർ ഇബ്രാഹിം
ഇന്ത്യൻ വിമാനമായ ഐസി 814 റാഞ്ചിയവരിൽ പ്രധാനിയാണ് മിസ്ത്രി സഹൂർ. ഈ മാർച്ച് ഒന്നാം തീയ്യതി കറാച്ചിയിൽ വച്ച് കൊല്ലപ്പെട്ടു. കറാച്ചിയിലെ ഒരു ഫർണിച്ചർ കടയിൽ വച്ച് തിരിച്ചറിയാൻ കഴിയാത്ത അക്രമികളിൽ നിന്ന് വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്. സഹൂർ തന്റെ പേരുമാറ്റി സഹീദ് എന്നാക്കി 'ക്രസന്റ് ഫർണിച്ചർ' എന്ന കട നടത്തുകയായിരുന്നു. അവിടെവച്ചാണ് സഹൂർ വെടിയേറ്റ് മരിച്ചത്.
അക്രമികൾ മാസ്‌ക്കുകളും ഹെല്മറ്റുകളും ധരിച്ചിരുന്നു എന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലായി. ഇബ്രാഹിമും മാറ്റ് നാല് പേരും ചേർന്നാണ് 1999 ഡിസംബർ 24ന് വിമാനം റാഞ്ചുന്നത്. കാത്മണ്ഡുവിൽ നിന്ന് നേപ്പാൾ വഴി ഡൽഹിയിലേക്ക് പോവുകയായിരുന്ന ഐസി 814 വിമാനമാണ് അവർ റാഞ്ചിയത്. രൂപിൻ കട്ടിയാൽ എന്ന യാത്രികനെ ഇബ്രാഹിം കുത്തിക്കൊന്നതായാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.
ജെയ്‌ഷെ മൊഹമ്മദ് നേതാവായ യൂസഫ് അസ്ഹർ അഥവാ മുഹമ്മദ് സലിം ആണ് വിമാനം റാഞ്ചലിന്റെ ബുദ്ധികേന്ദ്രം. അസ്ഹർ പിന്നീട് ബാലാക്കോട്ട് എയർ ഫോഴ്സ് ക്യാമ്പിന്റെ പരിസരത്ത് നിന്ന് 2019 ഫെബ്രുവരിയിൽ കൊല്ലപ്പെട്ടു. അസ്ഹർ പത്താൻകോട്ട്, പുൽവാമ, ഉറി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവൃത്തിച്ചിരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.