WORLD

'ഏജന്റ് സാഡ്‌നെസ്' ടൂത്ത് പേസ്റ്റിൽ കലർത്തിയ വിഷം, മരണം മാസങ്ങൾ കൊണ്ട് ഇഞ്ചിഞ്ചായി! മൊസാദിന്റെ ക്രൂരതകൾ നിഴലിക്കുന്ന വാദി ഹദ്ദാദി വധം

വെബ് ഡെസ്ക്

ഹമാസ് രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായിൽ ഹനിയയുടെ കൊലപാതകം പശ്ചിമേഷ്യയിലെ സമാധാനത്തിന് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമങ്ങളിൽ പൊതുവിൽ അസ്വസ്ഥമായിരിക്കുന്ന മേഖലയിൽ യുദ്ധഭീതി കൂടുതൽ തീവ്രമാക്കുകയാണ് ഹനിയയുടെ കൊലപാതകം. പലസ്തീൻ വിമോചന സായുധ പ്രസ്ഥാനമായ ഹമാസിന്റെ നേതാവ് കൊല്ലപ്പെട്ടത് ഇറാനിൽ വെച്ചാണ്. അതും ഇറാൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്ന് മണിക്കൂറുകൾക്ക് ശേഷം. ഇസ്രയേലിൻ്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദാണ് ദൗത്യത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇതാദ്യമായല്ല രാജ്യത്തിനു പുറത്ത് ഇസ്രയേലിനു വേണ്ടി മൊസാദ് കൊലപാതക ദൗത്യങ്ങള്‍ നടത്തുന്നത്.

എന്താണ് മൊസാദ്

ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ് മൊസാദ്. അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയോടും ബ്രിട്ടന്റെ എം.ഐ. 6 നോടും കിടപിടിക്കുന്ന,ലോകത്തിലെ ഏറ്റവും വലിയ ചാരസംഘടനകളിൽ ഒന്നാണിത്. 1951 ഏപ്രിലിൽ രൂപവത്കരിച്ച ഈ സംഘടനയുടെ ആസ്ഥാനം ടെൽ അവീവാണ്. "മാർഗനിർദേശമില്ലാത്തിടത്ത് ഒരു രാഷ്ട്രം വീഴും, എന്നാൽ ഉപദേശകരുടെ സമൃദ്ധിയിൽ സുരക്ഷിതത്വമുണ്ട്" എന്ന ബൈബിൾ വാചകമാണ് മൊസാദിന്റെ ആപ്തവാക്യം. മൊസാദിന്റെ അംഗങ്ങളിൽ പലരും ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനം അനുഷ്ഠിച്ചവരും, അതിലെ ഉയർന്ന ഉദ്യോഗസ്ഥരും ആണെങ്കിലും ഇത് ഒരു സൈനിക സ്ഥാപനമല്ല. ഏകദേശം 7,000 പേർ മൊസാദിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് എന്നാണ് കരുതപ്പെടുന്നത്.

വ്യാപകമായ ആരോപണങ്ങൾ നേരിടുന്ന സംഘടനയാണ് മൊസാദ്. ഇസ്രയേലിന്റെ സുരക്ഷക്കെന്ന പേരിൽ, രാജ്യത്തിന്റെ ശത്രുക്കളെ അതിക്രൂരമായ ആക്രമങ്ങൾ നടത്തി വധിച്ച ചരിത്രം മൊസാദിനുണ്ട്. കൊലപാതകങ്ങൾ ,തട്ടിക്കൊണ്ടുപോകൽ പീഡിപ്പിക്കൽ എന്നിവയും മൊസാദ് ചെയ്യുന്നു. അന്താരാഷ്ട്ര നിയമങ്ങൾ പോലും ലംഘിച്ചാണ് മൊസാദ് പല ഓപ്പറേഷനുകളും നടത്തുന്നത്. മറ്റു രാജ്യങ്ങളുടെ നിയമങ്ങൾ കാറ്റിൽ പറത്തിയും രാജ്യങ്ങളുടെ പരമാധികാരത്തിൽ കടന്ന് കയറിയുമാണ് ഓപ്പറേഷനുകളും കൊലപാതകങ്ങളും മൊസാദ് നടത്താറുള്ളത്.

അത്തരത്തിൽ മൊസാദ് നടത്തിയ സുപ്രധാനവും ക്രൂരവുമായ രഹസ്യ കൊലപാതകങ്ങളിൽ ഒന്നാണ് പലസ്തീന്‍ കമാന്‍ഡര്‍ വാദി ഹദ്ദാദിന്റെ വധം.

വാദി ഹദ്ദാദ്

വിഷം കലർത്തിയ ടൂത്ത് പേസ്റ്റ്

പലസ്തീൻ വിമോചനത്തിനായുള്ള പോപ്പുലർ ഫ്രണ്ടിൻ്റെ തലവനായ വാദി ഹദ്ദ്ദിനെ മൊസാദ് കൊലപ്പെടുത്തുന്നത് 1978-ലാണ്. 1976 ല്‍ എയര്‍ ഫ്രാസ് വിമാനം ടെല്‍അവീവില്‍ നിന്ന് റാഞ്ചിയെടുത്ത് പാരീസിലേക്കും, അവിടുന്ന് ലിബിയയിലേക്കും പിന്നീട് ഉഗാണ്ടയിലേക്കും കൊണ്ടുപോയതടക്കമുള്ള നിരവധി ആക്രമണങ്ങളുടെ സൂത്രധാരന്‍ ആയിരുന്നു വാദി ഹദ്ദാദ്.

'എന്റബേ റാഞ്ചല്‍' എന്നറിയപ്പെടുന്ന ഈ വിമാനം റാഞ്ചലിനോട് ലഫ്റ്റനന്റ് കേണല്‍ യോനാഥന്‍ നെതന്‍യ്യാഹു നയിച്ച ഓപ്പറേഷന്‍ തണ്ടര്‍ ബോള്‍ട്ടിലൂടെയാണ് ഇസ്രേയല്‍ പ്രതികരിച്ചത്. ദൗത്യം വിജയിച്ചെങ്കിലും യോനാഥന്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. നിലവിലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഹോദരനാണ് യോനാഥന്‍.

എന്റബേ റാഞ്ചലിന് പ്രതികാരം ചെയ്യാനായി ഹൈജാക്കിംഗിന്റെ മുഖ്യ സൂത്രധാരനായ വാദി ഹദ്ദാദിനെ മൊസാദ് ലക്ഷ്യം വെച്ചു. വലിയൊരു തിരിച്ചടിയിലൂടെ ആഗോളതലത്തിൽ വലിയ ബഹളം സൃഷ്ടിക്കാൻ ആഗ്രഹിക്കാതിരുന്നതിൽ വളരെ ശാന്തവും നിശബ്ദവുമായ ഒരു രീതിയാണ് ഹദ്ദാദിനെ കൊലപ്പെടുത്താൻ മൊസാദ് തിരഞ്ഞെടുത്തത്. രഹസ്യദൗത്യത്തിന്റെ ചുമതല 'ഏജന്റ് സാഡ്‌നെസ് ' എന്നയാൾക്കായിരുന്നു. ഹദ്ദാദിന്റെ വീട്ടിലും ഓഫിസിലും പ്രവേശന അനുമതിയുള്ളയാളായിരുന്നു ഏജന്റ് സാഡ്‌നെസ്. 1978 ജനുവരി 10 ന് ഏജന്റ് സാഡ്‌നെസ്, ഹദ്ദാദ് പതിവായി ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് മാറ്റി വിഷം കലര്‍ന്ന പേസ്റ്റ് വച്ചു. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ വികസിപ്പിച്ചെടുത്ത വിഷവസ്തുവായിരുന്നു പേസ്റ്റിൽ അടങ്ങിയിരുന്നത്. ഹദ്ദാദിന്റെ ശരീരത്തിൽ അടങ്ങിയ വിഷാംശം ക്രമേണ മാരകമായ അളവിൽ അദ്ദേഹത്തിന്റെ ദേഹമാകെ പടർന്നു.

ജനുവരി പകുതിയോടെ, വാദി ഹദ്ദാദ് ബാഗ്ദാദിൽ ഗുരുതരമായ രോഗബാധിതനായി. വയറുവേദന, വിശപ്പില്ലായ്മ, വേഗത്തിലുള്ള ഭാരം കുറയൽ തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ രോഗം. ഇറാഖിയിലെ ഉന്നത ഡോക്ടർമാരുടെ ചികിത്സ തേടിയെങ്കിലും രോഗം എന്താണെന്ന് കണ്ടെത്താനായില്ല. ആന്റിബയോട്ടിക്കുകൾ കൊണ്ട് പോലും ഫലമുണ്ടായില്ല. അദ്ദേഹത്തിന്റെ നില ദിനംപ്രതി വഷളായിക്കൊണ്ടിരുന്നു.

പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ നേതാവ് യാസർ അറാഫത്ത് കിഴക്കൻ ജർമ്മൻ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റാസിയുടെ സഹായം തേടി.

സ്റ്റാസി വിമാനമാർഗം വാദി ഹദ്ദാദിനെ കിഴക്കൻ ബെർലിനിലേക്ക് കൊണ്ടുപോയി, 'അഹമ്മദ് ഡൗക്ലി' എന്ന പേരിൽ ഒരു രഹസ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്‌ടർമാർ അദ്ദേഹത്തെ വിശദമായി പരിശോധിച്ചെങ്കിലും അസുഖത്തിൻ്റെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. കൃത്യമായ തെളിവുകളില്ലെങ്കിലും അവർ എലിവിഷമോ താലിയം വിഷമോ ആണെന്ന് സംശയം പ്രകടിപ്പിച്ചു.

വാദി ഹദ്ദാദിയുടെ ആരോഗ്യം അനുദിനം മോശമായികൊണ്ടിരുന്നു. ഗുരുതരമായ രക്തസ്രാവവും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്തു. ഡോക്‌ടർമാർ അദ്ദേഹത്തെ പത്ത് ദിവസത്തോളം മയക്കി കിടത്തി. 1978 മാർച്ച് 29-ന് വാദി ഹദ്ദാദ് മരിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പോലും മൊസാദിന്റെ വിഷപ്രയോഗത്തിന്റെ കാര്യം പുറത്ത് വന്നിരുന്നില്ല. ഏകദേശം മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് വാദി ഹദ്ദാദിൻ്റെ മരണത്തിന്റെ രഹസ്യം പുറത്തവരുന്നത്. പേസ്റ്റിൽ അല്ല ചോക്ലേറ്റിൽ ആണ് വിഷം കലർത്തിയതെന്ന മറ്റൊരു തിയറിയും ഇതേ വിഷയത്തിൽ നിലനിൽക്കുന്നുണ്ട്.

ഇറാനിൽ വെച്ച് സമാനമായ പല കൊലപാതകങ്ങളും മൊസാദ് നടത്തിയതായി കരുതപ്പെടുന്നുണ്ട്. ഇറാന്റെ ഖുദ്സ് സേനാ തലവൻ ഖാസിം സുലൈമാനിയുടെ കൊലപാതകം, ഇറാന്റെ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന മൊഹ്‌സീൻ ഫക്രിസാദെയുടെ കൊലപാതകം, തുടങ്ങിയവ അതിൽ ചിലതാണ്. ദുബായിലെ അൽ ബുസ്താൻ റൊട്ടാന ഹോട്ടൽ മുറിയിൽ വെച്ച് അൽ-മബൂഹ് കൊല്ലപ്പെട്ടത്തിലും മൊസാദിന്റെ കൈകളുണ്ടെന്നാണ് കരുതുന്നത്.

അമേരിക്ക, അർജന്റീന, ഉറുഗ്വേ, ഇറാൻ, മധ്യേഷ്യ, ഇറാഖ്, ജോർദാൻ, പലസ്തീൻ, സിറിയ, മലേഷ്യ, വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ രഹസ്യ ഓപ്പറേഷനുകൾ മൊസാദ് നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

അന്താരാഷ്ട്ര നിയമങ്ങളോ, അതാത് രാജ്യങ്ങളുടെ നിയമങ്ങളോ പാലിക്കാതെ മൊസാദ് നടത്തുന്ന നീക്കങ്ങൾ വലിയ നയതന്ത്ര പ്രശ്നങ്ങൾ ആണ് സൃഷ്ടിക്കുന്നത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും