WORLD

'പ്രതിസന്ധികളിലെല്ലാം ഹസീനയ്‌ക്കൊപ്പം, ഒടുവിൽ അഭയവും'; ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ഇനി എങ്ങനെ?

വെബ് ഡെസ്ക്

രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വന്നിറങ്ങിയത് ഇന്ത്യയിലാണ്. തിങ്കളാഴച വൈകിട്ട് ഗാസിയാബാദിലെ ഹിന്റൺ എയർബേസിലാണ് ഷെയ്ഖ് ഹസീന വന്നിറങ്ങിയത്. ശേഷം ഹസീന ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ശേഷം അവരെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ധാക്കയിലെ തെരുവുകളിൽ ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അതിശക്തമായ സമരവും അതിന്റെ ഒടുവിൽ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും അവർക്ക് പുറത്ത് പോകേണ്ടി വന്ന സാഹചര്യവും ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ബംഗ്ലാദേശിലെ ഭരണകക്ഷിയായിരുന്ന അവാമി ലീഗുമായി നല്ല ബന്ധത്തിലാണെന്നതുകൊണ്ടുതന്നെ ഇപ്പോൾ ബംഗ്ലാദേശിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇന്ത്യ എല്ലാവിധ മുൻകരുതലുകളും എടുത്തിട്ടുണ്ട്.

ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ, ധനകാര്യ മന്ത്രി നിർമല സീതാരാമൻ, മറ്റ് ഇന്റലിജിൻസ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ബംഗ്ലാദേശിലെ നിലവിലെ സ്ഥിഗതികൾ വിലയിരുത്തി.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നിലവിലെ സ്ഥിതി പ്രധാനമന്ത്രിയെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും അറിയിച്ചു. തന്റെ സഹോദരിയോടൊപ്പം ഡൽഹിക്കടുത്തുള്ള ഹിന്റൺ എയർബേസിൽ ഇറങ്ങിയ ഹസീന യുകെയിലേക്ക് പോകുമെന്നാണ് സൂചന. വൈകുന്നേരം 5.15 ന് സി-130ജെ മിലിറ്ററി വിമാനത്തിൽ വന്നിറങ്ങിയ ഹസീന ആദ്യം തന്നെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തുകയാണ് ചെയ്തത്.

ഹസീന ഇന്ത്യയിലുള്ള തന്റെ മകൾ സൈമ വാസിദിനെ കാണുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ലോകാരോഗ്യസംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണൽ ഡയറക്ടറാണ് സൈമ വാസിദ്. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈകമ്മീഷൻ ഉൾപ്പെടെയുള്ള ആളുകളെ രക്ഷപ്പെടുത്താനുള്ള ഇന്ത്യൻ വ്യോമസേനയുടെ ശ്രമം ചൊവ്വാഴ്ച ആരംഭിക്കും.

ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിലേക്കും പാർലമെന്റിലേക്കും പ്രക്ഷോഭകർ ഇടിച്ചു കയറി, അവാമി ലീഗ് ഓഫീസുകൾ ആക്രമിച്ച സമരക്കാർ ഷെയ്ഖ് ഹസീനയുടെ പിതാവും രാഷ്ട്രസ്ഥാപകരിൽ ഒരാൾ കൂടിയായ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ പ്രതിമ തകർക്കുകയും ചെയ്തു. നയതന്ത്ര സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഇന്ത്യ സുരക്ഷാ വർധിപ്പിച്ചതായാണ് പുറത്തു വരുന്ന വിവരം.

ഇന്ത്യയും ബംഗ്ലാദേശും പങ്കുവയ്ക്കുന്ന സൗഹൃദം 2008ൽ ഹസീന അധികാരത്തിൽ വന്നതുമുതൽ ശക്തിപ്പെട്ടു വന്നതാണ്. തീവ്രവാദത്തെ ഒരുമിച്ച് നേരിടുക എന്നതായിരുന്നു ഇന്ത്യയെയും ബംഗ്ലാദേശിനെയും ഒരുമിച്ച് നിർത്തിയ കാര്യം. ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദസംഘത്തെ നിർവീര്യമാക്കാനും ഈ ബന്ധത്തിലൂടെ സാധിച്ചു.

ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയെ നേരിടാൻ ഷെയ്ഖ് ഹസീനയ്ക്ക് ഏറ്റവുമധികം പിന്തുണ നൽകിയിട്ടുള്ളത് ഇന്ത്യയാണ്. മാത്രവുമല്ല ഹസീന കാലക്രമേണ പ്രതിപക്ഷ കക്ഷികൾക്കെതിരെ നീങ്ങാനും മാധ്യമങ്ങളും ജനങ്ങളും ഉയർത്തുന്ന വിരുദ്ധസ്വരങ്ങളെ അടിച്ചമർത്താനും ആരംഭിച്ചു. 16 വർഷങ്ങൾ നീണ്ട ബന്ധമാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ളത്. ഇന്ത്യ ശക്തമായ പിന്തുണയാണ് ഷെയ്ഖ് ഹസീനയ്ക്കു നൽകിയിട്ടുള്ളത്. പ്രതിപക്ഷത്തെ അടിച്ചമർത്തുന്നതിനെ ചോദ്യം ചെയ്യാൻ നിൽക്കാതെ ധാക്കയിലെ അടിസ്ഥാനസൗകര്യ വികസനത്തിനുൾപ്പെടെ സഹായിക്കുകയും ചെയ്തിരുന്നു ഇന്ത്യ.

ഷെയ്ഖ് ഹസീന കഴിഞ്ഞ ഒരു വർഷത്തിനിടക്ക് മാത്രം മൂന്നു തവണയാണ് ഇന്ത്യ സന്ദർശിച്ചത്. ഒടുവിൽ ഈ ജൂൺ മാസം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒരു സർക്കാർ മൂന്നാം തവണയും അധികാരത്തിലേറ്റു കഴിഞ്ഞ് ആദ്യം ഇന്ത്യയിലെത്തുന്ന വിദേശനേതാവ് കൂടിയായിരുന്നു ഷെയ്ഖ് ഹസീന. അവാമി ലീഗിനെതിരെ വലിയ തോതിലുള്ള ഭരണവിരുദ്ധ വികാരം ഉയർന്നുവന്നപ്പോഴും പ്രതിപക്ഷത്തെയും വിമർശനങ്ങളെയും അധികാരമുപയോഗിച്ച് അടിച്ചമർത്തുക എന്ന തന്ത്രമാണ് ഹസീന പിന്തുടർന്നത്.

ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നവരുടെ മക്കൾക്ക് പ്രത്യേകമായി നൽകിയിരുന്ന സംവരണം സുപ്രീംകോടതി പുനഃസ്ഥാപിച്ചപ്പോഴാണ് ഇപ്പോഴുള്ള വിദ്യാർഥി പ്രക്ഷോഭം ആരംഭിക്കുന്നത്. 200 പേർ ഈ പ്രക്ഷോഭത്തിൽ മരിച്ചതിനെ തുടർന്നാണ് സംവരണം വേണ്ടെന്നു വയ്ക്കാം എന്ന തീരുമാനത്തിലേക്ക് സുപ്രീം കോടതി എത്തിയത്. ശേഷം കഴിഞ്ഞ ദിവസം ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭം ശക്തമാക്കുകയായിരുന്നു. ഹസീന അധികാരത്തിൽ നിന്ന് പുറത്തേക്കു പോകുന്നു എന്നത് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. പ്രതിപക്ഷ കക്ഷികളും പ്രക്ഷോഭകരും നിയന്ത്രിക്കുന്ന ഭരണകൂടമാണ് ബംഗ്ലാദേശിൽ വരുന്നതെങ്കിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാകുമെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും