WORLD

ഫ്രഞ്ച് തിരഞ്ഞെടുപ്പ്: തീവ്രവലതുപക്ഷത്തെ തടയാൻ നൂറുകണക്കിന് മധ്യ-ഇടതുപക്ഷ സ്ഥാനാർഥികൾ പിന്മാറി; ശ്രമം വോട്ട് ഏകീകരണം

വെബ് ഡെസ്ക്

ഫ്രഞ്ച് തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷത്തിന്റെ ജയം തടയാൻ ലക്ഷ്യമിട്ട് ഫ്രാൻസിലെ ഇടതുപക്ഷ, മധ്യപക്ഷ പാർട്ടികൾ. അതിന്റെ ഭാഗമായി ജൂലൈ ഏഴിന് നടക്കുന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പിൽനിന്ന് വിവിധ പാർട്ടികളിൽനിന്നായി നിരവധി സ്ഥാനാർഥികളാണ് പിന്മാറിയത്. തീവ്രവലതുപക്ഷ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കുകയാണ് പാർട്ടികളുടെ ലക്ഷ്യം.

രണ്ടാം ലോകയുദ്ധത്തിന് ശേഷം ആദ്യമായി ഫ്രാൻസിലൊരു തീവ്രവലതുപക്ഷം അധികാരത്തിലേറാൻ പോകുന്നുവെന്ന് തിരഞ്ഞെടുപ്പ് സർവേകള്‍ പ്രവചിച്ചിരുന്നു. മറീൻ ലെ പെന്നിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയും സഖ്യവും, തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ ഏകദേശം 33 ശതമാനം വോട്ട് നേടി മുൻപിലാണ്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ റിനൈസൻസ് പാർട്ടിയും സഖ്യവും 20 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടര്‍ന്നാണ്‌ ജൂണിൽ ഇമ്മാനുവൽ മാക്രോൺ പെട്ടെന്ന് പാർലമെൻ്റ് തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തത്. തീവ്രവലതുപക്ഷത്തിനെതിരെ ജനവിധി ഉണ്ടാകുമെന്ന തോന്നലായിരുന്നു ഇതിന് പിന്നിലെന്ന് വിലയിരുത്തലുകൾ ഉണ്ടായെങ്കിലും നീക്കം വലിയ തോതിൽ തിരിച്ചടിയാണ് ഉണ്ടാക്കിയത്. അതിന്റെ ഉദാഹരണമായിരുന്നു ജൂൺ 30 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ഫലങ്ങൾ.

നിലവിൽ പിന്മാറിയിരിക്കുന്ന സ്ഥാനാർഥികളിൽ പലരും മാക്രോണിന്റെ സഖ്യപാർട്ടികളിൽ നിന്നുള്ളവരോ ഇടതുപക്ഷ പാർട്ടിക്കാരോ ആണ്. ഇസ്‌ലാമോഫോബിക് നയങ്ങളുള്ള കുടിയേറ്റ വിരുദ്ധത ഉയർത്തിപ്പിടിക്കുന്ന ലെ പെന്നിൻ്റെ പാർട്ടി, രണ്ടാം റൗണ്ട് വോട്ടിങ്ങില്‍ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിന് ഇടയിലാണ് പുതിയ നീക്കങ്ങൾ ഉണ്ടാകുന്നത്.

തീവ്രവലതുപക്ഷം ലീഡ് ചെയ്യുന്ന, ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് പിന്മാറിയവരിൽ അധികവും. ഇതോടെ തീവ്രവലതുപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ പ്രതിഫലനം ഞായറാഴ്ചത്തെ വോട്ടെടുപ്പ് ഫലത്തിൽ ഉണ്ടാകുമെന്നും തീവ്രവലതുപക്ഷ വിരുദ്ധ ചേരി കരുതുന്നു. ഫ്രാൻസിലെ തീവ്രവലതുപക്ഷത്തെ തടയാൻ മധ്യപക്ഷ-ഇടതുപക്ഷ പാർട്ടികളുടെ വിശാലസഖ്യം കെട്ടിപ്പടുക്കാനുള്ള സമാനമായ ശ്രമങ്ങൾ മുൻപ് വിജയിച്ച ആത്മവിശ്വാസവും അവർക്കുണ്ട്. 2002ൽ മരീൻ ലെ പെന്നിന്റെ പിതാവും നാഷണൽ റാലിയുടെ സ്ഥാപകനാവുമായ ജീൻ മരീനെ അങ്ങനെയായിരുന്നു പരാജയപ്പെടുത്തിയത്.

കേവലഭൂരിപക്ഷത്തിലേക്ക് നാഷണൽ റാലി പാർട്ടി എത്തിയിട്ടില്ല എന്നാണ് ആദ്യറൗണ്ട് ഫലത്തിന് ശേഷമുള്ള റിപ്പോർട്ടുകൾ. എന്നാൽ 577 സീറ്റുകളുള്ള ദേശീയ അസംബ്ലിയിൽ കേവലഭൂരിപക്ഷമായ 289 സീറ്റുകളിൽ കുറവാണെങ്കിലും പാർട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന് ലെ പെൻ ചൊവ്വാഴ്ച പറഞ്ഞിരുന്നു. സമ്മർ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ തയാറെടുക്കുന്ന സമയത്ത്, മാസങ്ങളോളം രാഷ്ട്രീയ അസ്ഥിരതയിലേക്ക് നയിച്ചേക്കാവുന്ന തൂക്കു പാർലമെൻ്റായിരിക്കും ഉണ്ടാകാൻ സാധ്യതയെന്നാണ് നിലവിലെ വിലയിരുത്തലുകൾ.

പറന്നുയരാന്‍ ഒരുങ്ങി 'എയര്‍ കേരള'; മലയാളി വ്യവസായികളുടെ വിമാനക്കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കി കേന്ദ്രം

'ട്രംപിനെ വീഴ്ത്താന്‍ മികച്ചവന്‍ ഞാന്‍ തന്നെ'; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് പിന്‍മാറില്ലെന്ന് ബൈഡന്‍

എത്യോപ്യ കഴിഞ്ഞാല്‍ ഗാസ; നടക്കുന്നത് നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ നരഹത്യ

'ഭിന്നശേഷിക്കാരെ പരിഹസിക്കരുത്'; മാധ്യമങ്ങളോടും സിനിമാക്കാരോടും സുപ്രീംകോടതി, മാര്‍ഗനിര്‍ദേശം പുറത്തിറക്കി

'ഞാന്‍ അസം ജനതയുടെ പടയാളി'; അസമിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി