ഫ്ലോറിഡയില്‍ കനത്തനാശം വിതച്ച് ഇയന്‍ ചുഴലിക്കാറ്റ് സൗത്ത് കരോലിനയിലേക്ക് നീങ്ങുന്നു. ഫ്ലോറിഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് കഴിഞ്ഞദിവസം വീശിയടിച്ചത്. മിക്ക മേഖലകളും വെള്ളത്തിനടിയിലായി. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കുന്നതിനായി അടിയന്തര രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഫ്ലോറിഡയിലാകെ വൈദ്യുതി പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട സാഹചര്യമാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. എയര്‍പോര്‍ട്ടുകളെല്ലാം അടച്ചു. ഗതാഗത സംവിധാനം പൂര്‍ണമായും താറുമാറായി. ഇരുപതുപേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കെങ്കിലും യഥാര്‍ഥ മരണനിരക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലിനജല പൈപ്പുകള്‍ പൊട്ടിയതോടെ പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ബോട്ട് മുങ്ങി 20ലധികം പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫ്ലോറിഡയിലേത് മഹാദുരന്തമായി പ്രഖ്യാപിച്ചു. ഫ്ലോറിഡയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് ബൈഡന്‍ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. യുദ്ധ സമാനമായ പ്രതിസന്ധികളിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് ഫ്ലോറിഡ ഭരണകൂടം അറിയിച്ചു. കാറ്റിന്റെ സാധ്യത പ്രവചിച്ചപ്പോള്‍ തന്നെ സംസ്ഥാനത്ത് അടിയന്തരാവസ്ഥ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇയന്റെ പ്രഹരശേഷി കുറഞ്ഞെങ്കിലും ഭീതി അകന്നിട്ടില്ല. കാറ്റ് സൗത്ത് കരോലിനയിലേക്ക് നീങ്ങുകയാണെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സൗത്ത് കരോലിനയില്‍ എത്തുന്നതോടെ കാറ്റ് വീണ്ടും ശക്തിയാര്‍ജിക്കുമെന്നാണ് മുന്നറിയിപ്പ്. നോര്‍ത്ത് കരോലിന, ജോര്‍ജിയ, വെര്‍ജിനിയ എന്നിവിടങ്ങളിലും കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.