കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് മുന്നില്‍ ധനസഹായത്തിന് കര്‍ശന ഉപാധികള്‍ വച്ച് അന്താരാഷ്ട്ര നാണ്യ നിധി. സമ്പദ് വ്യവസ്ഥ തിരിച്ചുപിടിക്കാന്‍ അടിയന്തരമായി 700 കോടി ഡോളര്‍ സഹായമാണ് പാകിസ്താന്‍ ഐഎംഎഫിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് ഉപാധികള്‍ കര്‍ശനമാക്കി ഐഎംഎഫ് രംഗത്തെത്തിയത്.
ധനസഹായം വിശകലനം ചെയ്യുന്നതിന് വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമായി പാകിസ്താനുമായി ഐഎംഎഫ് പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഐഎംഎഫ് മിഷൻ ചീഫ് നഥാന്‍ പോര്‍ട്ടറിന്റെ നേതൃത്വത്തിലുള്ള ഐഎംഎഫിന്റെ പ്രതിനിധി സംഘമാണ് ചർച്ചയ്ക്കായി പാകിസ്താനിലുള്ളത്. ഇതു സംബന്ധിച്ച കരാറില്‍ ഫെബ്രുവരി ഒന്‍പതിനകം ഒപ്പ് വെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സഹായങ്ങള്‍ക്ക് നിബന്ധനകള്‍ ബാധകമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്
ഐഎംഎഫ് സഹായം കൊണ്ട് തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നത് ഐഎംഎഫിനെ ബോധ്യപ്പെടുത്തേണ്ടിവരും എന്നതാണ് പാകിസ്താനു മുന്നിലുള്ള പ്രധാന വെല്ലുവിളി. പെട്രോളിന്റെ നികുതി വര്‍ധനവാണ് ഇതില്‍ ആദ്യത്തേത്. ഐഎംഎഫ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി പെട്രോള്‍ ലിറ്ററിന്റെ നിരക്ക് 20-30 വരെ ഉയര്‍ത്തേണ്ടതായി വരും. ഇതോടെ നിലവില്‍ 50 രൂപയുള്ള പെട്രോളിന്റെ വില 70 മുതല്‍ 80വരെയായി ഉയരും. പ്രസിഡന്റിന്റെ അംഗീകാരത്തോടെ ഓര്‍ഡിനന്‍സ് ജിഎസ്ടി നിരക്ക് 1 ശതമാനം വര്‍ധനവാണ് കൊണ്ടുവരികയാണ് മന്നൊന്ന്. ഇതോടെ ജിഎസ്ടി നിരക്ക് 18 ശതമാനമായി ഉയര്‍ന്നേക്കും. പെട്രോളിയം ഉത്പന്നങ്ങള്‍, എണ്ണ, ലൂബ്രിക്കറ്റ് എന്നിവയുടെ ജിഎസ്ടി നിരക്ക് 17 ശതമാനത്തിലേക്ക് ഉയര്‍ത്തുകയാണ് മറ്റൊരു പോംവഴി.
പഞ്ചസാര പാനീയങ്ങളുടെ എക്‌സൈസ് നികുതി നിരക്ക് 13 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി ഉയര്‍ത്തുന്നതാണ് മറ്റൊരു വഴി. സിഗരറ്റിന്റെ എക്സൈസ് തീരുവ ഉയർത്താനും നിർദ്ദേശമുണ്ട്.
കഴിഞ്ഞ ആഴ്ചയുടെ അവസാനത്തില്‍ വിദേശനാണ്യ കരുതല്‍ ശേഖരം 16.1 ശതമാനം ഇടിഞ്ഞ് 3.09 ബില്യണ്‍ ഡോളറിലെത്തി, ഏകദേശം 10 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. പാകിസ്താന്റെ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചത്.
അതേസമയം, വായ്പ നല്‍കുന്നതിനായി ഐഎംഎഫ് മുന്നോട്ടുവെച്ച ഉപാധികള്‍ ചിന്തിക്കാവുന്നതിനുമപ്പുറമാണെന്നും എന്നാല്‍ ഇവ അംഗീകരിക്കാതെ മറ്റ് വഴിയില്ലെന്നും നേരത്തെ തന്നെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രതികരിച്ചിരുന്നു. ധനമന്ത്രി ഇഷാഖ് ദറിന് കഠിനപരീക്ഷണമാണ് ഐഎംഎഫ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.