അൽ ഖാദിർ ട്രസ്റ്റ് കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാന് ജാമ്യം. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് രണ്ടാഴ്ചത്തേയ്ക്ക് ജാമ്യം അനുവദിച്ചത്. പാക് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ജാമ്യത്തിനായി ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചത്.
വെള്ളിയാഴ്ച അതീവ സുരക്ഷയൊരുക്കിയാണ് ഇമ്രാൻ ഖാനെ 11.30ഓടെ ഇസ്ലാമാബാദ് ഹൈക്കോടതിയിലെത്തിച്ചത്. ഇമ്രാന്‍ കോടതിയിലെത്തി രണ്ട് മണിക്കൂറിന് ശേഷമാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് മിയാംഗല്‍ ഹസന്‍ ഔറംഗസേബ്, ജസ്റ്റിസ് സമന്‍ റഫത്ത് ഇംതിയാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇമ്രാന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ കോടതിയിലേയ്ക്ക് ഇടിച്ചുകയറിയതും കേസിന്റെ വിചാരണ വൈകാൻ ഇടയാക്കിയിരുന്നു. വാദം ആരംഭിച്ചതിന് തൊട്ടുപിന്നാലെ വീണ്ടും വെള്ളിയാഴ്ച പ്രാർത്ഥനകൾക്കായി കോടതി പിരിഞ്ഞു. പിന്നീട് 2.30നാണ് വാദം പുനരാരംഭിച്ചത്.
അതേസമയം, ഇമ്രാൻ ഖാനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുവെന്നാരോപിച്ച് രാജ്യത്തുടനീളം സമാധാനപരമായ പ്രതിഷേധങ്ങൾ നടത്താൻ പിടിഐ ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പ്രതിഷേധം നടത്താനായിരുന്നു നിര്‍ദേശം.
ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഉടനടി വിട്ടയക്കണമെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. കൂടാതെ ഇമ്രാൻ ഖാന് സുരക്ഷയൊരുക്കാനും കോടതി പോലീസിന് നിർദേശവും നൽകിയിരുന്നു. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ മുന്നിൽ നിന്നായിരുന്നു ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഫെഡറൽ സുരക്ഷാ സേനയായ റേഞ്ചേഴ്സ് ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്തത്. ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ നിർദേശ പ്രകാരമായിരുന്നു അൽ ഖാദിർ അഴിമതി കേസിലെ അറസ്റ്റ്. ഇതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറിയിരുന്നു. പാക് പഞ്ചാബ് പ്രവിശ്യയിൽ മാത്രം ഏകദേശം ആയിരത്തോളം തെഹ്‌രീക് ഇ ഇൻസാഫ് നേതാക്കളും പ്രവർത്തകരും അറസ്റ്റിലായിരുന്നു. ഒരു ഡസനോളം പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തു.
അൽ ഖാദിർ ട്രസ്റ്റ് ഉപയോഗിച്ച് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ സർക്കാരിലെ മറ്റ് ചില മന്ത്രിമാരും ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസി (എൻസിഎ) സർക്കാരിന് അയച്ച 5000 കോടി രൂപ തട്ടിയെടുത്തതായാണ് ആരോപണം.