മുൻ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി അധ്യക്ഷനുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമെന്ന് പാകിസ്താൻ സുപ്രീംകോടതി. ഉടൻ തന്നെ അദ്ദേഹത്തെ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു. അറസ്റ്റിനെതിരെ ഇമ്രാൻ ഖാൻ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി നടപടി.
ഒരു മണിക്കൂറിനുള്ളിൽ കോടതി മുൻപാകെ ഹാജരാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടർന്നാണ് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യുറോ ഇമ്രാൻ ഖാനെ കോടതിയിലെത്തിച്ചത്. കോടതി പറഞ്ഞ സമയവും കഴിഞ്ഞാണ് അതീവ സുരക്ഷയോടെ ഇമ്രാനെ ഹാജരാക്കിയത്. നാളെ ഹാജരാക്കാൻ അനുവദിക്കണമെന്ന് എൻഎബിയുടെ ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. വിഷയത്തിൽ ഇസ്ലാമബാദ് ഹൈക്കോടതിയെ സമീപിക്കണമെന്ന് ഇമ്രാനോട് ആവശ്യപ്പെട്ട സുപ്രീം കോടതി, ഹൈക്കോടതി വിധി എന്തായാലും അനുസരിക്കാൻ ബാധ്യസ്ഥനെന്നും വ്യക്തമാക്കി. നാളെ തന്നെ കേസ് പരിഗണിക്കാനാണ് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നിർദേശം. അതുവരെ അതിഥിയായി സർക്കാർ അതിഥിമന്ദിരത്തിൽ ഇമ്രാൻ കഴിയുമെന്നും പൂർണസുരക്ഷാ ചുമതല സർക്കാരിനെന്നും ചീഫി ജസ്റ്റിസ് പറഞ്ഞു. കുടുംബാംഗങ്ങളെ കാണാൻ കോടതി ഇമ്രാന് അനുവാദം നൽകിയിട്ടുണ്ട്.
പാകിസ്താന്‍ ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബന്ദിയാല്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‌റെയാണ് നടപടി. ചൊവ്വാഴ്ച പാകിസ്താനിലെ അഴിമതി വിരുദ്ധ സേന അറസ്റ്റ് ചെയ്ത ശേഷം ഇമ്രാൻ ഖാന്റെ അഭിഭാഷകർ ഇസ്ലാമബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അറസ്റ്റ് നിയമവിധേയമാണെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനെതിരെ കൂടിയാണ് ഇമ്രാൻ ഖാൻ സുപ്രീംകോടതിയിലെത്തിയത്.
അതിനാടകീയമായാണ് ഇമ്രാൻ ഖാനെ ഇസ്ലാമബാദ് ഹൈക്കോടതി പരിസരത്ത് നിന്ന് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പാകിസ്താനില്‍ സ്ഥിതിഗതികൾ കലാപസമാനമായിരുന്നു. പ്രതിഷേധക്കാരും സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടോളം പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ലഹോറില്‍ കോര്‍പ്‌സ് കമാന്‍ഡറുടെ വീട് തകര്‍ത്ത സംഭവത്തിലടക്കം ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഷാ മുഹമ്മദ് ഖുറേഷിയടക്കം നിരവധി പിടിഐ നേതാക്കള്‍ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അറസ്റ്റിലായിരുന്നു. അലിമുഹമ്മദ്ഖാൻ, ഇജാസ് ചൗധരി തുടങ്ങിയ നേതാക്കളും അറസ്റ്റിലാണ്.
ഹൈക്കോടതിയിൽ നിന്ന് എന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വടികൊണ്ട് മർദിച്ചു. ഒരു കുറ്റവാളിയോടും ഇത് ചെയ്യാറില്ല. എനിക്ക് ഒന്നും അറിയില്ല, എന്താണ് സംഭവിക്കുന്നതെന്ന് എനിക്കിപ്പോഴും അറിയില്ലസുപ്രീംകോടതിയിൽ ഇമ്രാൻ ഖാൻ
ഫാസിസത്തിനെതിരായ പോരാട്ടം തുടരുമെന്ന് പിടിഐ പ്രതികരിച്ചു. രാജ്യത്ത സുരക്ഷസ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധിയക്ഷതയി നാളെ ദേശീയ സുരക്ഷാ സമിതി യോഗം ചേരുന്നുണ്ട്.