തടവിൽ കഴിയവേ കൃത്രിമ ബുദ്ധി ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ പ്രചാരണത്തിന്റെ ഭാഗമായി വോയ്‌സ് ക്ലോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രസംഗങ്ങളും നടത്തുന്നുണ്ട്. രാജ്യത്തിൻറെ രഹസ്യ രേഖകൾ ചോർത്തിയ കേസിലാണ് തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി(പിടിഐ) നേതാവ് ജയിലിലായത്.
പിടിഐയുടെ നേതൃത്വത്തിലാണ് കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള പരീക്ഷണം. 'വിർച്വൽ റാലി' എന്ന തലക്കെട്ടിൽ നാല് മിനിട്ടുള്ള സന്ദേശമാണ് സമൂഹമാധ്യമം വഴി തിങ്കളാഴ്ച പ്രചരിപ്പിച്ചത്. എന്നാൽ പരിപാടി നടക്കുന്നതിനിടെ നിരവധി തവണ ഇന്റർനെറ്റ് തടസപ്പെട്ടത് ഇമ്രാൻ ഖാന്റെ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പി ടി ഐ ആരോപിച്ചു.
“എന്റെ പാകിസ്താനികളേ, ഈ ചരിത്രപരമായ ശ്രമത്തിന് സമൂഹമാധ്യമം കൈകാര്യം ചെയ്യുന്ന ടീമിനെ ആദ്യം തന്നെ ഞാൻ അഭിനന്ദിക്കുന്നു. ഞാൻ ജയിലിൽ എങ്ങനെ കഴിയുന്നു എന്ന കാര്യം നിങ്ങൾ എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നുണ്ടാകാം. യഥാർത്ഥ സ്വാതന്ത്ര്യത്തിനായുള്ള എന്റെ ദൃഢനിശ്ചയം ഇന്ന് വളരെ ശക്തമാണ്" ഇമ്രാൻ ഖാന്റെ ശബ്ദത്തിൽ കൃത്രിമ ബുദ്ധി പറഞ്ഞു. അഭിഭാഷകൻ മുഖേനയാണ് ഇമ്രാൻ ഖാൻ തനിക്ക് പറയാനുള്ള കാര്യങ്ങൾ തയാറാക്കി നൽകിയത്. ഇലവൻ ലാബ്‌സെന്ന എഐ സ്ഥാപനം വികസിപ്പിച്ച ടൂൾ ഉപയോഗിച്ചാണ് ടെക്സ്റ്റ് സന്ദേശം ഓഡിയോ ആക്കി മാറ്റിയത്.
ഫെയ്‌സ്ബുക്ക്, എക്‌സ്, യൂട്യൂബ് എന്നിവയിൽ പി ടി ഐ പ്രവർത്തകർ നടത്തിയ അഞ്ച് മണിക്കൂർ നേരത്തെ തത്സമയ പരിപാടിക്കൊടുവിലാണ് ഇമ്രാൻ ഖാന്റെ ഓഡിയോ സംപ്രേക്ഷണം ചെയ്തത്. ഇമ്രാൻ ഖാന്റെ ചിത്രങ്ങളും പഴയ വിഡിയോകളും കൂടെ ഉപയോഗിച്ചിരുന്നു. അടിച്ചമർത്തലുകൾ മറികടക്കാനുള്ള വഴിയായിരുന്നു ഇതെന്ന് പി ടി ഐ സാമൂഹ്യമാധ്യമ മേധാവി ജിബ്രാൻ ഇല്യാസ് പ്രതികരിച്ചു. ഇമ്രാൻ ഖനില്ലാതെ രാഷ്ട്രീയ റാലികൾ അപൂർണമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകൾ വ്യാപകമായി ഉപയോഗപ്പെടുത്തിയാണ് പി ടി ഐയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ. ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ യുവാക്കളെ കൂടെ നിർത്താൻ പാർട്ടി ഇതിലൂടെ ലക്ഷ്യമിടുന്നത്.
2018ൽ പാകിസ്താൻ സൈന്യത്തിന്റെ സർവ പിന്തുണയോടെ അധികാരത്തിലേറിയ മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാനെ കഴിഞ്ഞ വർഷമാണ് അവിശ്വാസ വോട്ടെടുപ്പിലൂടെ സ്ഥാനഭ്രഷ്ടനാക്കിയത്. തനിക്കെതിരെ അമേരിക്ക ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തുടർന്ന് പ്രധാനമന്ത്രിയായ ഷഹബാസ് ഷെരീഫിനെതിരെ വലിയതോതിലുള്ള പ്രചാരണവും ഇമ്രാൻ നടത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് തോഷകാന കേസില്‍ ഇമ്രാൻ ഖാൻ അറസ്റ്റിലാകുന്നത്. ഏകദേശം 150 ലധികം കേസുകളാണ് നിലവിൽ മുൻ പ്രധാനമന്ത്രിയുടെ പേരിലുള്ളത്.