WORLD

തോഷ്ഖാന കേസ്; ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനാകാതെ പോലീസ്; പാകിസ്താനിൽ സംഘർഷം

എന്നാല്‍ ഇമ്രാന്‍ ഖാന്‍ വസതിയില്‍ ഇല്ലെന്നറിഞ്ഞതോടെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് മടങ്ങി

വെബ് ഡെസ്ക്

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീക്ക് ഇ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) ചെയര്‍മാനുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം. ഇമ്രാനെ അറസ്റ്റ് ചെയ്യുന്നതിനായി ഇസ്ലാമാബാദ് പോലീസ് ലാഹോറിലെ സമാൻ പാർക്കിലെ വസതിയിലെത്തി. കോടതിയലക്ഷ്യ കേസിൽ ഇസ്ലാമാബാദ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെന്നറിഞ്ഞതോടെ പ്രതിഷേധവുമായി ഇമ്രാന്റെ അനുയായികളും രംഗത്തെത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. എന്നാല്‍ ഇമ്രാന്‍ ഖാന്‍ വസതിയില്‍ ഇല്ലെന്നറിഞ്ഞതോടെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് മടങ്ങി.

തോഷ്ഖാന കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതോടെയാണ് ഇമ്രാനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പോലീസ് മടങ്ങിയതിന് പിന്നാലെ വസതിയിൽ തടിച്ചുകൂടിയ പാർട്ടി പ്രവർത്തകരെ ഇമ്രാൻ ഖാൻ അഭിസംബോധന ചെയ്തു. ഒരിക്കലും ഒരു മനുഷ്യന്റെയും സ്ഥാപനത്തിന്റെയും മുന്നിൽ തലകുനിച്ചിട്ടില്ല, നിങ്ങളെയും അങ്ങനെ ചെയ്യാൻ അനുവദിക്കില്ലെന്നും ഇമ്രാൻ പ്രവർത്തകരോട് പറഞ്ഞു. പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് പ്രവർത്തകരെ വിളിച്ചുകൂട്ടിയതെന്നും ഇമ്രാൻ ഖാൻ വിശദീകരിച്ചു. രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഒരു കൂട്ടത്തിനല്ല, ഒരു രാജ്യത്തിനേ കഴിയൂ എന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്ന് അറിഞ്ഞതോടെ, അറസ്റ്റ് തടയാൻ ഉടൻ തന്നെ അദ്ദേഹത്തിന്റെ വസതിയിൽ എത്തണമെന്ന് പ്രവർത്തകരോട് പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇമ്രാന്‍ ഖാന്റെ വസതിയിലേക്ക് എത്തുകയായിരുന്നു.

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള ഏത് ശ്രമവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് പിടിഐ സീനിയർ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി പറഞ്ഞു. പാകിസ്താനെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടരുതെന്നും വിവേകത്തോടെ പ്രവർത്തിണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റുവെന്ന കേസിലാണ് ഇമ്രാൻ ഖാനെതിരായ നടപടി. സർക്കാർ ഉദ്യോഗസ്ഥർ ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ വെളിപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ ഒരു നിശ്ചിത മൂല്യത്തിൽ താഴെയുള്ളവ സൂക്ഷിക്കാൻ അനുവാദമുണ്ട്. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകും. എന്നാല്‍ ഇമ്രാന്‍ ഖാന്‍ ഇവ നിയമവിരുദ്ധമായി വില്‍പ്പന നടത്തി എന്നാണ് കേസ്. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷൻ, പദവികൾ വഹിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.

കേസില്‍ കഴിഞ്ഞാഴ്ച വാദം നടന്നിരുന്നുവെങ്കിലും ഇമ്രാന്‍ ഖാന്‍ ഹാജരായിരുന്നില്ല. വാറണ്ട് റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞിരുന്നു. അറസ്റ്റ് വാറന്റിൽ ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്ത ശേഷം മാർച്ച് ഏഴിന് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ