മാധ്യമ പ്രവർത്തകൻ അര്‍ഷാദ് ഷെരീഫ് കെനിയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്താന്‍ ഭരണകൂടത്തിനെതിരെ ഗുരുതര ആരോപണവുമായി പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീഫ് ഇ ഇന്‍സാഫ്. അര്‍ഷാദ് ഷെരീഫിനെ വകവരുത്താനുള്ള ആസൂത്രണം പാകിസ്താനിലാണ് നടന്നത്. കൊലപാതകത്തില്‍ പാകിസ്താന്‍ സെെന്യത്തിന്‍റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും പാര്‍ട്ടി നേതാവ് ഫൈസല്‍ വാവ്ദ ആരോപിച്ചു. ഷെരീഫിന്റെ കൊലപാതകം അന്വേഷിക്കാന്‍ പാക് സര്‍ക്കാന്‍ പ്രത്യേക അന്വേഷണ ഏജന്‍സിയെ നിയോഗിച്ചതിന് പിന്നാലെയാണ് ഫൈസല്‍ വാവ്ദയുടെ ആരോപണം.
പാര്‍ട്ടിക്കുള്ളിലുള്ള പലര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ആരോപണം
പാര്‍ട്ടിക്കുള്ളിലുള്ള പലര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. ഇവരെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇമ്രാന്‍ഖാനെ ധരിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അര്‍ഷാദിന്റെ ഫോണും ലാപ്‌ടോപ്പും കാണാതായതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. വെളിപ്പെടുത്തിലിന് പിന്നാലെ താൻ കൊല്ലപ്പെടാനുള്ള സാധ്യതയുണ്ടെന്നും വാവ്ദ പറഞ്ഞു.
പാകിസ്താനിലേക്ക് മടങ്ങിയെത്തിയാല്‍ കൊല്ലുമെന്ന ഭീഷണി നിലനിന്നിരുന്നു
വാവ്ദയുടെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്നും വാവ്ദയെ സസ്‌പെന്‍ഡ് ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അർഷാദിന്‍റെ മരണത്തില്‍ പാക്ക് ഭരണകൂടത്തിന് പങ്കുണ്ടെന്ന് നേരത്തെ മുൻ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ആരോപിച്ചിരുന്നു.
ഇമ്രാന്‍ ഖാന്റെ അടുത്ത സഹായി ഷെഹ്ബാസ് ഗില്ലുമായി അഭിമുഖം നടത്തിയതിന് ഓഗസ്റ്റില്‍ ഷെരീഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. രാജ്യത്തെ ശക്തരായ സൈന്യത്തിനെതിരെ ഇമ്രാന്‍ ഖാനെ ഉയര്‍ത്തിക്കാട്ടാന്‍ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതായി അഭിമുഖത്തില്‍ ഗില്‍ വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അര്‍ഷാദ് ഷെരീഫിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതും അദ്ദേഹം രാജ്യം വിട്ടതും. പിന്നീട് അദ്ദേഹം കെനിയയില്‍ അഭയം തേടുകയായിരുന്നു.