അടുത്ത ആഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) യോഗത്തില്‍ പങ്കെടുക്കുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫു സ്ഥിരീകരിച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവിനോടൊപ്പം ഗ്രൂപ്പിലെ മറ്റ് അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
ഏപ്രില്‍ 27, 29 തീയതികളിലായിരിക്കും യോഗം നടക്കുക. ഇന്ത്യ, റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവയാണ് എസ് സി ഓ അംഗരാജ്യങ്ങള്‍. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം. ഭീകരവാദം, പ്രാദേശിക സുരക്ഷ, അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
2020 ലെ ഗാല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രതിരോധ മന്ത്രി ലീ ഡല്‍ഹി സന്ദര്‍ശിക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയി (എൽ എ സ്) ൽ സംഘര്‍ഷം നടന്ന ചില മേഖലകളില്‍ നിന്ന് പിന്‍മാറ്റം നടത്തിയെങ്കിലും, കാലാകാലമായി ഇരു രാജ്യങ്ങളും ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന അതിര്‍ത്തികളിലെ പിരിമുറുക്കങ്ങള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്‌സെയില് ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
കഴിഞ്ഞ വര്‍ഷം റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം റഷ്യൻ പ്രതിരോധ മന്ത്രി ഷോയ്ഗുവിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. 24-ാമത് ഇന്ത്യ-റഷ്യ ചര്‍ച്ചകള്‍ക്കായുള്ള റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവിന്റെ സന്ദര്‍ശനം ഉള്‍പ്പെടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉന്നതതല ചര്ച്ചകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കയാണ് റഷ്യന്‍ പ്രതിരോധമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്ശനം.
പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിനെ ഇന്ത്യ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. എസ് സി ഒ പ്രതിരോധമന്ത്രിമാരുടെ യോഗത്തിന് ശേഷം മെയ് 5ന് ഗോവയിൽ നടക്കുന്ന വിദേശ മന്ത്രിമാരുടെ യോഗത്തില്‍ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സര്‍ദാരി പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഈ ആഴ്ച ആദ്യം ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പങ്കാളിത്തം അന്വേഷണത്തില്‍ കണ്ടെത്തുകയാണെങ്കില്‍ ഈ സന്ദര്‍ശനത്തിൽ കരിനിഴല്‍ വീഴാൻ സാധ്യതയുണ്ട്.