അൽ-സദറിനെ പിന്തുണയ്ക്കുന്നവർ അദ്ദേഹത്തിന്റെ ചിത്രവുമായി പാർലമെന്റിനുളളിൽ പ്രതിഷേധിക്കുന്നു 
WORLD

വീണ്ടും പാർലമെന്റ് ആക്രമണം; ഇറാഖ് ആഭ്യന്തര യുദ്ധത്തിനു സമാനം

വെബ് ഡെസ്ക്

ഇറാഖിൽ രാഷ്ട്രീയ സംഘർഷം രൂക്ഷം. ഇറാൻ അനുകൂല ഷിയാ സഖ്യം നിർദേശിച്ച മുഹമ്മദ് അൽ സുഡാനിയെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കമാണ് ഇറാഖിനെ ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യത്തിലെത്തിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നിയമനത്തിനെതിരെ ഷിയാ നേതാവ് മുഖ്താദ അൽ സദറിന്റെ അനുയായികളാണ് പ്രതിഷേധം തുടരുന്നത്. ആയിരക്കണക്കിന് പ്രതിഷേധക്കാർ പാർലമെന്റിലേക്ക് ഇരച്ചുകയറി. ഈ ആഴ്ച രണ്ടാം തവണയാണ് സദർ അനുയായികൾ പാർലമെന്റിൽ കടക്കുന്നത്. സംഘർഷം രൂക്ഷമായതോടെ, സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 125 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പാർലമെന്റിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ കുത്തിയിരിപ്പ് സമരം പ്രഖ്യാപിക്കുകയായിരുന്നു. തങ്ങളുടെ ആവശ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതുവരെ പിരിഞ്ഞുപോകില്ലെന്നായിരുന്നു അവരുടെ നിലപാട്. അതോടെ, സുരക്ഷാ സേനയ്ക്ക് കണ്ണീർ വാതകവും സ്റ്റൺ ഗ്രനേഡും പ്രയോഗിക്കേണ്ടിവന്നു. എന്നാൽ, സദർ അനുയായികൾ കൂട്ടമായെത്തിയതോടെ, സുരക്ഷാസേന പിൻവാങ്ങി. സംഘ‌‍ർഷത്തിൽ 100 പ്രതിഷേധക്കാർക്കും 25 സുരക്ഷാ സേനാംഗങ്ങൾക്കുമാണ് പരുക്കേറ്റത്. പാർലമെന്റ് സമ്മേളനം തടസപ്പെട്ടതിനെത്തുടർന്ന്, സ്പീക്കർ മുഹമ്മദ് അൽ ഹൽബൂസി തുടർ സമ്മേളനങ്ങൾ ഉള്‍പ്പെടെ നിർത്തിവെച്ചു.

അൽ-സദറിന്റെ ചിത്രങ്ങൾ ഉയർത്തി അനുയായികൾ പാർലമെന്റിനുളളിൽ പ്രതിഷേധിക്കുന്നു

രാജ്യത്തിന്റെ പലഭാ​ഗങ്ങളിൽ നിന്നായി ആയിരത്തോളം സദർ അനുയായികളാണ് പ്രതിഷേധത്തിനെത്തിയത്. ഇറാഖി പതാകയും സദറിന്റെ ഛായാചിത്രങ്ങളും ഉയർത്തിയാണ് ഇവർ പാർലമെന്റ് മന്ദിരത്തിൽ തടിച്ചുകൂടിയത്. വിദേശ രാജ്യങ്ങളുടെ നുഴഞ്ഞുകയറ്റം അനുവദിക്കില്ലെന്നായിരുന്നു അവരുടെ മുദ്രാവാക്യം. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ നീക്കാനും പാർലമെന്റ് സമ്മേളനം തടഞ്ഞ്, പുതിയ പ്രധാനമന്ത്രിയെ നിയമിക്കാനുള്ള നീക്കം തടയാനുമാണ് കുത്തിയിരിപ്പ് സമരമെന്നും അവർ പറഞ്ഞു.

ജൂണിൽ, സർക്കാർ രൂപീകരണ ചർച്ചകളിൽനിന്ന് സദറിന്റെ പാർട്ടി വിട്ടുനിന്നിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയിട്ടും പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് സദർ അനുയായികളെ ഉപയോ​ഗിച്ച് പ്രതിഷേധം ശക്തമാക്കിയത്. സർക്കാർ കെട്ടിടങ്ങളും എംബസികളും ഉൾക്കൊള്ളുന്ന ബാഗ്ദാദിലെ കനത്ത കോട്ടകളുള്ള ഗ്രീൻ സോണിന്റെ കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള സിമന്റ് ബാരിക്കേഡുകൾ ഉൾപ്പെടെ മറിച്ചിട്ടാണ് പ്രതിഷേധക്കാർ പാർലമെന്റിൽ കടന്നത്. സദ്ദാം ഹുസൈനെ പുറത്താക്കാൻ 2003ൽ യുഎസ് നടത്തിയ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ രാഷ്ട്രീയ അസ്ഥിരതയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

സദർ അനുയായികൾ ബാരിക്കേഡ് കടന്ന് ഹൈ സെക്യൂരിറ്റി ഗ്രീൻ സോണിലേക്ക് കടക്കുന്നു

അതേസമയം രാജ്യത്തിനും ജനതയ്ക്കുംവേണ്ടി രാഷ്ട്രീയ കക്ഷികൾ ഒരുമിച്ചിരുന്ന് ചർച്ച നടത്തുകയും ധാരണയിലെത്തുകയും വേണമെന്ന് താൽക്കാലിക പ്രധാനമന്ത്രി മുസ്തഫ അൽ-കാദിമി ആഹ്വാനം ചെയ്തു. പ്രകടനക്കാരോട് സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ഐക്യരാഷ്ട്രസഭയും രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇറാഖി നേതാക്കൾ സംഘർഷം വെടിയണമെന്നും യുഎൻ ആഹ്വാനം ചെയ്തിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും