WORLD

മോദി-പുടിൻ ചർച്ച: ആലിംഗനത്തിന് പിന്നാലെ അമേരിക്കയുടെ സന്ദേശമെത്തി, വെളിപ്പെടുത്തലുമായി യുഎസ് വിദേശകാര്യ വകുപ്പ്

വെബ് ഡെസ്ക്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിനിടെ തങ്ങളുടെ ആശങ്ക പങ്കുവെച്ചതായി അമേരിക്ക. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെയാണ് അമേരിക്ക മോദിയുമായി സംഭാഷണം നടത്തിയത്. അമേരിക്കൻ വിദേശകാര്യ വകുപ്പ് ചൊവ്വാഴ്ചയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

"വളരെ വിജയകരമായ വാർഷിക ഉച്ചകോടി," എന്നായിരുന്നു മോദി-പുടിൻ ചർച്ചയെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര വിശേഷിപ്പിച്ചത്. ചർച്ചയ്ക്കുശേഷമാണ് അമേരിക്കൻ സംഘം മോദിക്ക് സന്ദേശം കൈമാറിയത്. പക്ഷേ ഉളളടക്കം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ യുഎസ് വിദേശകാര്യ വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. തന്ത്രപരമായ പങ്കാളിയായി ഇന്ത്യ തുടരുന്നതിനിടയിലും റഷ്യയുമായുള്ള ബന്ധം സംബന്ധിച്ച് അമേരിക്ക ആശങ്ക പ്രകടിപ്പിച്ചതായാണ് സൂചന.

ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ചുള്ള അമേരിക്കയുടെ ആശങ്കകൾ ഇന്ത്യയുമായി പങ്കുവച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് വിദേശകാര്യ വകുപ്പ് വക്താവ് മൈക്ക് മില്ലർ മറുപടി പറയുന്നതിനിടെയാണ് മോദിയുമായി സംസാരിച്ച കാര്യം അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മോദിയുമായി സംഭാഷണം നടത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഞങ്ങളുടെ ആശങ്കകളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം. ഞങ്ങൾ അവ സ്വകാര്യമായി, നേരിട്ട് ഇന്ത്യൻ സർക്കാരിനോട് പ്രകടിപ്പിച്ചിട്ടുണ്ട്. അത് തുടരുന്നു," മൈക്ക് മില്ലർ പറഞ്ഞു.

യുക്രെയ്നിലെ കുട്ടികളുടെ ആശുപത്രി ബോംബിട്ട് നിരവധി പേരെ റഷ്യ കൊന്നുവെന്ന ആരോപണത്തിനിടെയായിരുന്നു മോദി- പുടിൻ കൂടിക്കാഴ്ച. ഇരുവരും നേരിട്ടു കണ്ടപ്പോൾ മോദി, പുടിനെ ആലിംഗനം ചെയ്തതിനെതിരെയും പാശ്ചാത്യ രാജ്യങ്ങൾ നീരസം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് അമേരിക്ക നേരിട്ട് മോദിയുമായി ചർച്ച നടത്തിയത്.

മോദിയുടെ ഇടപെടലിനെതിരെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും രംഗത്തുവന്നിരുന്നു. “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ നേതാവ് റഷ്യയിൽ കൈകൾ രക്തപങ്കിലമായ ഒരു കുറ്റവാളിയെ കെട്ടിപ്പിടിച്ചത് വലിയ നിരാശയുണ്ടാക്കുന്നു. ഇത് സമാധാന ശ്രമങ്ങൾക്കേറ്റ കനത്ത പ്രഹരമാണ്," സെലൻസ്കി എക്‌സിൽ കുറിച്ചു.

മോദിയുടെ റഷ്യൻ സന്ദർശനത്തിൽ നിരവധി വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായത്. 2030-ഓടെ വ്യാപാര ബന്ധം 10,000 കോടി ഡോളറിലെത്തിക്കാനുള്ള ഉഭയകക്ഷി തീരുമാനമാണ് അതിൽ പ്രധാനം. കൂടാതെ ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര-സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒൻപത് ഇനങ്ങളിലും വാർഷിക ഉച്ചകോടിയിൽ ധാരണയായിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?