WORLD

മസ്കിന്റെ റോൾ ചെറുതല്ല; സെലൻസ്കിയുമായുള്ള ഫോൺ സംഭാഷണത്തിൽ ട്രംപിനൊപ്പം സർപ്രൈസ് എൻട്രി

എത്ര വലിയ റോളാണ് മസ്കിന് താൻ നൽകാനിരിക്കുന്നതെന്ന് ലോകത്തെ അറിയിക്കാനാണ് ട്രംപ് ശ്രമിച്ചതെന്നാണ് വിലയിരുത്തൽ

വെബ് ഡെസ്ക്

അമേരിക്കൻ പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാജ്യത്ത് ഇനി 'മസ്‌ക്‌വല്‍ക്കരണം' ആയിരിക്കുമെന്ന നിരീക്ഷണങ്ങൾക്ക് അടിവരയിടും വിധം പുതിയ നീക്കങ്ങൾ. പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം യുദ്ധ സാഹചര്യം ചർച്ച ചെയ്യാനായി യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കിയെ ഫോണിൽ വിളിച്ച ട്രംപിനൊപ്പമുണ്ടായിരുന്നത് ഇലോൺ മസ്ക്. 25 മിനുട്ട് നീണ്ടുനിന്ന സംഭാഷണത്തിനിടെ ട്രംപ് ഫോൺ മസ്കിന് കൈമാറുകയും ചെയ്തു. മസ്കിന്റെ കമ്പനിയായ സ്റ്റാർലിങ്ക് വഴി യുക്രെയ്ന് ഉപഗ്രഹങ്ങളും ഇന്റർനെറ്റും മറ്റ് സാങ്കേതിക സഹായങ്ങളും നൽകിയതിൽ അദ്ദേഹത്തോട് യുക്രെയ്ൻ പ്രസിഡന്റ് നന്ദി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

യുക്രെയ്ന് ആശ്വാസം നൽകുംവിധം പിന്തുണ അറിയിച്ചായിരുന്നു ട്രംപിന്റെ വിളിയെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സംഭാഷണത്തിൽ ഇരുരാജ്യങ്ങളുമായുള്ള സഹകരണം മുന്നോട്ടുകൊണ്ടുപോകുമെന്ന് ട്രംപ് സെലൻസ്കിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ . ശക്തവും അചഞ്ചലവുമായ യുഎസ് നേതൃത്വം ലോക സമാധാനത്തിന് അത്യന്താപേക്ഷിതമാണെന്ന നിലപാടാണ് സെലൻസ്കിയും സ്വീകരിച്ചത്.

യുക്രെയ്നോട് മസ്കിന്റെ നിലപാട് എന്തെന്നതിൽ ഇപ്പോഴും അവ്യക്തതയുണ്ട്. ക്രിമയയ്ക്ക് മുകളിൽ ഉപഗ്രഹ സാന്നിധ്യം ആവശ്യപ്പെട്ടുള്ള യുക്രെയ്ന്റെ ആവശ്യം നേരത്തെ മസ്ക് തള്ളിയിരുന്നു. സമാധാന ശ്രമങ്ങൾക്ക് പിന്തുണയുണ്ടാകുമെന്നും യുദ്ധവും സംഘർഷവും രൂക്ഷമാക്കുന്നതിൽ പങ്കാളിയാകില്ലെന്നുമായിരുന്നു ഇതിന് പിന്നീട് നൽകിയ വിശദീകരണം.

ലോകത്തെ ഏറ്റവും വലിയ ധനികനായ മസ്ക് തിരഞ്ഞെടുപ്പ് വിജയപ്രഖ്യാപനത്തിന് ശേഷം ട്രംപിനൊപ്പം അദ്ദേഹത്തിന്റെ മാർ എ ലാഗോയിലെ റിസോർട്ടിലായിരുന്നു. ട്രംപിന്റെ വിജയത്തെ മസ്കും മസ്ക് നൽകിയ സഹായത്തെ പറ്റി ട്രംപും പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. 'ഇതാ, പുതിയൊരു താരം ' എന്നായിരുന്നു മസ്കിനെ ട്രംപ് വിശേഷിപ്പിച്ചത്. ട്രംപ് ഭരണകൂടത്തിൽ മസ്കിന്റെ സ്വാധീനം ചെറുതാകില്ലെന്ന വിലയിരുത്തൽ പൂർണമായും ശരിവെയ്ക്കുന്നതാണ് നിർണായകമായ യുക്രെയ്ൻ വിഷയത്തിൽ മസ്കിനെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ ഫോൺ സംഭാഷണം. എത്ര വലിയ റോളാണ് മസ്കിന് താൻ നൽകാനിരിക്കുന്നതെന്ന് ലോകത്തെ അറിയിക്കാനാണ് ട്രംപ് ശ്രമിച്ചതെന്ന് വിലയിരുത്തലുണ്ട്.

ജൂലൈയിൽ പെൻസൽവാനിയയിലുണ്ടായ വധശ്രമത്തിന് പിന്നാലെയാണ് ട്രംപിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് മസ്ക് രംഗത്തെത്തിയത്.

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി