മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിന് കോടികളുടെ ആയുധങ്ങള്‍ നല്‍കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്ന് 100 കോടി ഡോളര്‍ വിലമതിക്കുന്ന ആയുധങ്ങളാണ് മ്യാന്‍മര്‍ ഇറക്കുമതി ചെയ്തത്. റഷ്യ, ചൈന, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നിവയാണ് ആയുധങ്ങള്‍ നല്‍കിയ മറ്റ് രാജ്യങ്ങള്‍.
2021 ഫെബ്രുവരിയില്‍ സൈനിക ഭരണകൂടം മ്യാന്‍മര്‍ ഭരണം ഏറ്റെടുത്തത് മുതലുള്ള കണക്കാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസ് പുറത്ത് വിട്ടിരിക്കുന്നത്. 'ദ ബില്യണ്‍ ഡോളര്‍ ഡെത്ത് ട്രേഡ്' എന്നാണ് റിപ്പോര്‍ട്ടിന് പേരിട്ടിരിക്കുന്നത്. ഈ അഞ്ചു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ആയുധങ്ങള്‍ സാധാരണക്കാര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കായി സൈനിക ഭരണകൂടം ഉപയോപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സാഗിംഗ് മേഖലയിൽ സെപ്റ്റംബര്‍ 16നുണ്ടായ സൈനിക വ്യോമാക്രമണണത്തിൽ ആറ് കുട്ടികളുള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രണങ്ങൾക്കായി ഉപയോകിച്ച ആയുധങ്ങളും ഹെലികോപ്റ്ററുകളുമെല്ലാം വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒരു ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആയുധങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തിരിക്കുന്നത് റഷ്യയാണ്. 40.6 കോടി ഡോളർ വിലമതിക്കുന്ന ആയുധങ്ങളാണ് സൈന്യത്തിന് റഷ്യ നല്‍കിയത്. 26.7 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ചൈന രണ്ടാം സ്ഥാനത്തും 25.4 കോടി ഡോളറുമായി സിംഗപ്പൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഇന്ത്യ 5.1 കോടി ഡോളര്‍ വിലമതിക്കുന്ന ആയുധങ്ങളും തായ്‌ലന്‍ഡ് 2.8 മില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങളുമാണ് നല്‍കിയത്.
മ്യാന്‍മര്‍ നടത്തിയ 12,500ല്‍ അധികം ആയുധ ഇടപാടുകളുടെ വിശദാംശങ്ങള്‍ യുഎന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ 94 ശതമാനം അഥവാ 94.7 കോടി ഡോളര്‍ വരുന്ന ഇടപാടുകളും മ്യാന്‍മര്‍ സൈന്യവുമായി നേരിട്ട് നടത്തിയതാണ്. ആറ് ശതമാനം അതായത് 5.8 കോടി ഡോളര്‍ വരുന്ന ഇറക്കുമതികളും മ്യാന്‍മര്‍ ആസ്ഥാനമായുള്ള ആയുധ ഇടപാടുകാരോ ആയുധ വ്യാപാരികളെ വഴിയോ നടന്നിട്ടുള്ളതാണ്.
ഭീകരമായ മനുഷ്യാവകാശ ലംഘന പ്രവര്‍ത്തികള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനായി ആയുധങ്ങള്‍ അനിയന്ത്രിതമായി വാങ്ങുന്നതിന് മ്യാന്‍മര്‍ സൈന്യത്തെ അന്തര്‍ദേശീയ ആയുധ വിതരണക്കാര്‍ സഹായിക്കുന്നതായി യുഎന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യുഎന്‍ അംഗരാജ്യങ്ങള്‍ തന്നെ ഇതില്‍ ഭാഗമാകുന്നതും എടുത്തുപറയുന്നു. മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടായിരുന്നിട്ടും അന്താരാഷ്ട്ര സമൂഹം ആയുധങ്ങള്‍ നല്‍കി പിന്തുണയ്ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.
60.1 കോടി ഡോളര്‍ വിലമതിക്കുന്ന ആയുധങ്ങള്‍, 18 കോടി ഡോളര്‍ വിലമതിക്കുന്ന രണ്ട് തവണ ഉപയോഗപ്പെടുത്താവുന്ന സൈനിക സാമഗ്രികള്‍, 8.7 കോടി ഡോളറിന്റെ യുദ്ധോപകരണ നിര്‍മാണ ഉപകരണങ്ങള്‍, 7.7 കോടി ഡോളര്‍ വരുന്ന അസംസ്‌കൃത വസ്തുക്കള്‍, 6.1 കോടി ഡോളറിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് 100 കോടി ഡോളര്‍ ആയുധ ഇറക്കുമതിയില്‍ ഉള്‍പ്പെടുന്നത്. യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, നൂതന മിസൈല്‍ സംവിധാനം, റഡാറുകള്‍ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുന്നുണ്ട്.