ഇന്ത്യയിൽ നിന്ന് ഫ്രാൻസിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി യുപിഐ ഇടപാടുകളും സാധ്യമാകുന്ന രീതിയിൽ നിർണ്ണായക നീക്കവുമായി ഇന്ത്യയും ഫ്രാൻസും. നാഷണൽ പെയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയും ഫ്രാൻസിലെ പ്രധാന ഇ കോമേഴ്‌സ് കമ്പനിയായ ലൈറയും ചേർന്നാണ് പുതിയ യുപിഐ സംവിധാനവുമായി രംഗത്തെത്തുന്നത്.
ഈ സംവിധാനമുപയോഗിച്ച് യുപിഐ വഴി പണം സ്വീകരിക്കുന്ന ആദ്യത്തെ ടൂറിസ്റ്റ് സ്ഥലമായി ഫ്രാൻസിലെ ഈഫൽ ടവർ മാറും. ഇത് ഇന്ത്യൻ വിനോദ സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം വിപ്ലവകരമായ മാറ്റമാണ്. ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി നടത്തിയ ആഘോഷ പരിപാടിയിലാണ് യുപിഐ സംവിധാനം അവതരിപ്പിക്കുന്നത്. ഈഫൽ ടവറിൽ വരുന്ന സഞ്ചാരികളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യക്കാർ.
ഈ സംവിധാനം നിലവിൽ വരുന്നതോടെ യുപിഐ അപ്പുകളുപയോഗിച്ച് സഞ്ചാരികൾക്ക് ഈഫൽ ടവറിൽ ടിക്കറ്റെടുക്കാൻ സാധിക്കും. ഇതിലൂടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എളുപ്പം സന്ദർശിക്കാൻ സാധിക്കും. ഈ നീക്കം സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നു മാത്രമല്ല, ഫ്രാൻസിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി കമ്പനികൾക്കും ചെറുകിട സംരംഭങ്ങൾക്കും സഹായകമാകുമെന്നാണ് വിലയിരുത്തൽ. ഫ്രാൻസിൽ യുപിഐ സംവിധാനങ്ങൾ വരുന്നതോടെ പണമിടപാടുകളുടെ കാര്യത്തിൽ വലിയ മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്. ഇത് യൂറോപ്യൻ മാർക്കറ്റിൽ വലിയ മാറ്റങ്ങളുണ്ടാക്കും.
ഈ നടപടിയിലൂടെ ഇന്ത്യയിൽ എൻസിപിഐ വികസിപ്പിച്ച യുപിഐ സംവിധാനങ്ങൾ ആഗോളതലത്തിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലൈറയുടെ കൊമേർഷ്യൽ ഡയറക്ടറായ ക്രിസ്റ്റോഫെ മാരിയറ്റും ആഗോളതലത്തിൽ യുപിഐ ഇടപാടുകൾ ജനകീയമാക്കാൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
യുപിഐ പണമിടപാടുകൾ ആഗോളതലത്തിൽ സ്വീകരിക്കപ്പെടുന്നത് എന്തുകൊണ്ടും ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്ന കാര്യമാണ്. 150 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള പണമിടപാട് രീതി യുപിഐ ആണ്. 2024ൽ മാത്രം ഇന്ത്യയിൽ 12.2 ബില്യൺ യുപിഐ ഇടപാടുകൾ ഇന്ത്യയിൽ നടന്നു. അതുകൊണ്ട് തന്നെ ഈ നീക്കം അഗോളതലത്തിൽ ഇന്ത്യക്ക് വലിയ നേട്ടമായി തന്നെ കാണാം.