WORLD

'2030ഓടെ ഇന്ത്യ-റഷ്യ വ്യാപാരം 10,000 കോടി ഡോളറാക്കും'; സംഘർഷങ്ങളിൽ കുട്ടികൾ ഇരകളാകുന്നതിൽ വേദന പ്രകടിപ്പിച്ച് മോദി

നിക്ഷേപങ്ങൾ വർധിപ്പിക്കാനും, കൃഷി, ഊർജം, അടിസ്ഥാന സൗകര്യ മേഖലകളിൽ സഹകരണം ശക്തമാക്കാനും ചർച്ചയിൽ ധാരണയായി

വെബ് ഡെസ്ക്

2030ഓടെ ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറാക്കി ഉയർത്താനും പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാൻ ദേശീയ നാണയങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരം വർധിപ്പിക്കാനും ഇന്ത്യ- റഷ്യ ധാരണ. മോസ്‌കോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും പങ്കെടുത്ത 22-ാമത് വാർഷിക ഉച്ചകോടിക്ക് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് തീരുമാനം. നിക്ഷേപങ്ങൾ വർധിപ്പിക്കാനും, കൃഷി, ഊർജം, അടിസ്ഥാന സൗകര്യ മേഖലകളിൽ സഹകരണം ശക്തമാക്കാനും ചർച്ചയിൽ ധാരണയായി.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെയുള്ള നരേന്ദ്ര മോദിയുടെ ആദ്യ റഷ്യ സന്ദർശനത്തിൽ, ഞായറാഴ്ച കീവിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ നടന്ന ആക്രമണവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനുള്ള അഭ്യർഥനയും പുടിൻ അംഗീകരിച്ചു. എന്നാൽ സംയുക്ത പ്രസ്താവനയിൽ ഇക്കാര്യം സംബന്ധിക്കുന്ന ഉറപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യയിൽനിന്നുള്ള ഏകദേശം 40 പേർ യുക്രെയ്നിൽ ആക്രമണം നടത്തുന്ന റഷ്യൻ സൈന്യത്തിലുണ്ടെന്നാണ് കണക്ക്.

'യുക്രെയ്ന് ചുറ്റും നടക്കുന്ന സംഘർഷം' സമാധാനപരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും സംയുക്ത പ്രസ്താവനയിൽ ഇടംനേടിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായും യുഎൻ ചാർട്ടറിൻ്റെ അടിസ്ഥാനത്തിലും സംഘർഷം സമാധാനപരമായി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള മധ്യസ്ഥത ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രസ്താവനയിൽ എടുത്തുപറഞ്ഞു.

മോദിയുടെ റഷ്യൻ സന്ദർശനത്തിനിടെയാണ് കീവിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ ഞായറാഴ്ച മിസൈൽ ആക്രമണം നടന്നത്. മുപ്പതിലധികം സാധാരണക്കാർ കൊല്ലപ്പെട്ട ആക്രമണത്തിൽ നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ വിഷയവും മോദി ഉച്ചകോടിക്ക് മുൻപ് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. സംഘർഷങ്ങളിൽ സാധാരണക്കാർ പ്രത്യേകിച്ച് കുട്ടികൾ കൊല്ലപ്പെടുന്നത് വേദനയുണ്ടാക്കുന്നുവെന്നായിരുന്നു മോദിയുടെ പ്രതികരണം. . ഇതിന് മറുപടിയായി, സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള മോദിയുടെ ശ്രമങ്ങളെ താൻ അഭിനന്ദിക്കുന്നതായി പുടിൻ പറഞ്ഞു, പക്ഷെ ഉറപ്പുകളൊന്നും പുടിൻ നൽകിയിട്ടില്ല.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മോദി നടത്തിയ റഷ്യൻ സന്ദർശനത്തിൽ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഉൾപ്പെടെ പാശ്ചാത്യ രാജ്യങ്ങൾ നീരസം പ്രകടിപ്പിച്ചിരുന്നു.

2030-ഓടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര-സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാമായും ഒൻപത് ഇനങ്ങളിലാണ് വാർഷിക ഉച്ചകോടിയിൽ ധാരണയായത്. താരിഫ് ഇതര തടസ്സങ്ങൾ ഇല്ലാതാക്കൽ, ദേശീയനാണയം ഉപയോഗിച്ചുള്ള വ്യാപാര സംവിധാനം വികസിപ്പിക്കൽ, ചെന്നൈ- കസ്റ്റംസ് നടപടിക്രമങ്ങൾ സുഗമമാക്കുക, വ്ലാഡിവോസ്‌റ്റോക്ക് സമുദ്ര പാതയും വടക്കൻ കടൽ പാതയും ഇറാൻ വഴിയുള്ള അന്താരാഷ്ട്ര നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട് ഇടനാഴിയും ഉൾപ്പെടെ പുതിയ വ്യാപാരറൂട്ടുകൾ, ആണവോർജം ഉൾപ്പെടെയുള്ള ഊർജമേഖലയിലെ നിക്ഷേപം എന്നിങ്ങനെ നിരവധി മേഖലകളിലാണ് തീരുമാനമായത്.

ഇതിനുപുറമെ, കാലാവസ്ഥാ വ്യതിയാനം, ധ്രുവ മേഖലകളിലെ ഗവേഷണം, നിയമ വ്യവഹാരം, ഫാർമസ്യൂട്ടിക്കൽ സർട്ടിഫിക്കേഷൻ എന്നിങ്ങനെ നിരവധി വിഷയങ്ങൾ സംബന്ധിക്കുന്ന ധാരണാപത്രങ്ങളിലും ഇന്ത്യയും റഷ്യയും ഒപ്പുവച്ചു. നേരത്തെ, റഷ്യയിലെ അഞ്ഞൂറോളം വരുന്ന ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട്, വളരുന്ന സമൂഹത്തിന് സേവനങ്ങൾ സുഗമമാക്കുന്നതിന് കസാനിലും യെക്കാറ്റെറിൻബർഗിലും രണ്ട് പുതിയ കോൺസുലേറ്റുകൾ തുറക്കാനുള്ള ഇന്ത്യയുടെ അഭ്യർഥന റഷ്യ അംഗീകരിച്ചതായും മോദി അറിയിച്ചു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി