WORLD

'നയതന്ത്ര ഉദ്യോഗസ്ഥരെ ഒരാഴ്ചയ്ക്കകം തിരിച്ചുവിളിക്കണം'; കാനഡയ്ക്ക് അന്ത്യശാസനം നല്‍കി ഇന്ത്യ

നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനായി ഒക്‌ടോബർ 10 വരെയാണ് ഇന്ത്യ കാനഡയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്

വെബ് ഡെസ്ക്

കനേഡിയന്‍ നയതന്ത്ര പ്രതിനിധികളെ ഒരാഴ്ചയ്ക്കകം പിന്‍വലിക്കണമെന്ന് അന്ത്യശാസനം നല്‍കി ഇന്ത്യ. കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെയാണ് രാജ്യത്ത് നിന്ന് തിരിച്ചു വിളിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി ഒക്‌ടോബർ 10 വരെയാണ് കാനഡയ്ക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി. കാനഡയുടെ 62 നയതന്ത്ര പ്രതിനിധികളാണ് നിലവിൽ ഇന്ത്യയിലുള്ളത്. എന്നാൽ പ്രതിനിധികളുടെ എണ്ണം 41 ആയി കുറയ്ക്കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്.

അതേസമയം രാജ്യത്തുള്ള കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നും ഇത്തരം കാര്യത്തിൽ തുല്യത ഉണ്ടാകണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. കാനഡയുടെ മണ്ണിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം നടന്നതും തുടർന്നുണ്ടായ സംഭവങ്ങളും ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഏറ്റവും മോശമായ രീതിയിൽ ബാധിച്ചിരുന്നു. പ്രശ്നങ്ങൾ ആരംഭിച്ച സമയത്ത് തന്നെ രാജ്യത്തെ നയതന്ത്ര പ്രാതിനിധ്യം കുറയ്ക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവി ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയിൽ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി പവന്‍ കുമാര്‍ റായിയെ എംബസിയിൽ നിന്ന് കാനഡ പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ കാനഡയുടെ ആരോപണം നിഷേധിച്ച ഇന്ത്യ കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാ വിരുദ്ധശക്തികളെ സംരക്ഷിക്കുന്നതിനും വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് കാനഡ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് തിരിച്ചടിച്ചു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍