WORLD

സൈന്യത്തിലേക്ക് ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കണം; റഷ്യയോട് ആവശ്യപ്പെട്ട് ഇന്ത്യ

വെബ് ഡെസ്ക്

യുക്രെയ്ൻ അധിനിവേശത്തിനുള്ള റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട്‌ ഇന്ത്യ. റഷ്യൻ സർക്കാർ ഇക്കാര്യത്തിൽ പരിശോധന നടത്തി റിക്രൂട്മെന്റ് അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. റഷ്യൻ സേനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട നാല് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നീക്കം.

ഇന്ത്യയുടെ ആവശ്യത്തോട് റഷ്യ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജൂൺ പതിനൊന്നാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് അസാധാരണ നീക്കമുണ്ടായതെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. "അങ്ങേയറ്റം ആശങ്കയുളവാക്കുന്ന കാര്യമാണ്, റഷ്യൻ അധികാരികൾ ഉടൻ തന്നെ ഇക്കാര്യത്തിൽ നടപടിയെടുക്കും,” റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാരുടെ മോചനവും സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനും മറുപടിയായി അദ്ദേഹം പറഞ്ഞു.

റഷ്യയിൽ തൊഴിലവസരങ്ങൾ തേടുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു

അടുത്തിടെ കൊല്ലപ്പെട്ട രണ്ട് പൗരന്മാരുടെ മൃതദേഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടി റഷ്യൻ പ്രതിരോധ- വിദേശകാര്യ വകുപ്പുകളുമായി കേന്ദ്ര സർക്കാർ നിരന്തരം ചർച്ച നടത്തിവരികയാണ്. ഇതുവരെ ഏകദേശം 25 ഇന്ത്യക്കാരാണ് സർക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നത്. റഷ്യൻ സേനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഇവർ തങ്ങളുടെ മോചനം എങ്ങനെയും സാധ്യമാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അവരിൽ പത്തുപേരെ തിരികെ എത്തിക്കാനായെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

അതേസമയം, പാചകക്കാരും സഹായികളും ഉൾപ്പെടെ സപ്പോർട്ട് സ്റ്റാഫായി 200 ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുന്ന ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ കണക്കുകൾ സ്ഥിരീകരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഈ പശ്ചാത്തലത്തിൽ റഷ്യയിൽ തൊഴിലവസരങ്ങൾ തേടുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ നഗരങ്ങളും ദുബായിയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റുമാർ റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്നതിനായി നിയമവിരുദ്ധ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. അതിൽ നിരവധി ഇന്ത്യൻ പൗരന്മാരും കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. നാല് മരണങ്ങൾക്ക് പുറമെ നിരവധി ഇന്ത്യക്കാർക്കും പരുക്കേറ്റിട്ടുമുണ്ട്. റഷ്യയിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന, വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മനുഷ്യക്കടത്ത് ശൃംഖലയിലെ കണ്ണികളെ അടുത്തിടെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കണ്ടെത്തിയിരുന്നു.

ഒടുവില്‍ അജിത്കുമാര്‍ തെറിച്ചു; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി

'തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി, ഇപ്പോള്‍ പാലക്കാടും കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു'; ആഞ്ഞടിച്ച് അന്‍വര്‍

'കോഴിക്കോട്-മലപ്പുറം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം'; ഡിഎംകെയുടെ നയം പ്രഖ്യാപിച്ച് പി വി അന്‍വര്‍

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?