ഖലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം വഷളാകുന്നു. കാനഡയില്‍ നടക്കുന്ന ഖലിസ്ഥാന്‍ വാദികളുടെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളോട് കാനേഡിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടാണ് ഇന്ത്യയെ ചൊടിപ്പിക്കുന്നത്. ഇരു സര്‍ക്കാരുകളും തമ്മില്‍ വാക്ക് പോര് മുറുകുകയാണ്.
ഖലിസ്ഥാന്‍വാദികളുടെ നിരന്തരമായ പ്രതിഷേധങ്ങളും ഇന്ത്യാവിരുദ്ധ പ്രകടനങ്ങള്‍ക്കും വേദിയാവുകയാണ് കാനഡയിപ്പോള്‍. ഏറ്റവുമൊടുവില്‍ ജൂലൈ എട്ടിന് കാനഡയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ റാലിയും സംഘടിപ്പിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കാനഡ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്
തിങ്കളാഴ്ച ഡല്‍ഹിയിലെ കാനേഡിയന്‍ അംബാലിഡറെ ഇന്ത്യ വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ആശങ്കകള്‍ അനാവശ്യമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ വ്യക്തമാക്കിയത്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ കാനഡ ഗൗരവതരമായ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം ട്രൂഡോ തള്ളികളഞ്ഞു. തീവ്രവാദത്തിനെതിരെ എന്നും ശക്തമായ നിലപാടെടുക്കുന്ന രാജ്യമാണ് കാനഡയെന്നും ഇന്ത്യയുടെ അഭിപ്രായം തെറ്റെന്നുമാണ് ട്രൂഡോ പ്രതികരിച്ചത്. ഇതിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ.
കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയെ വിമര്‍ശിച്ച് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് രംഗത്തെത്തിയത്. ''ട്രൂഡോയുടെ പ്രതികരണത്തെ കുറുച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടു. ഇവിടെ വിഷയം ആവിഷ്‌കാര സ്വാതന്ത്ര്യമല്ല. മറിച്ച് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും വിഘടനവാദം പ്രചരിപ്പിക്കുന്നതും തീവ്രവാദത്തെ നിയമവിധേയമാക്കുന്നതുമാണ്,'' അരിന്ദം ബാഗ്ചി പറഞ്ഞു. കാനേഡിയന്‍ നിലപാട് വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് വിദേശകാര്യ വക്താവിന്‌റെ പ്രതികരണം. ഖലിസ്ഥാന്‍ വിഷയം കാനഡ കൈകാര്യം ചെയ്യുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് പ്രയാസമുണ്ടാക്കുന്നതെന്നായിരുന്നു ജയശങ്കറിന്‌റെ പ്രസ്താവന. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കാനേഡിയന്‍ സര്‍ക്കാരിനെ നയിക്കുന്നതെന്നായിരുന്നു എസ് ജയശങ്കറിന്‌റെ വിമര്‍ശനം.
അതേസമയം, ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് 250ലേറെ ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യാ വിരുദ്ധ റാലി സംഘടിപ്പിച്ചതില്‍ രണ്ട് പേര്‍ അറസ്റ്റിലായി. വിഘടനവാദ ഗ്രൂപ്പായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) പിന്തുണയോടെയായിരുന്നു പ്രതിഷേധം. വിവിധ രാജ്യങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ഖലിസ്ഥാന്‍ വാദികളുടെ ആക്രമണങ്ങളും ഭീഷണികളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കാനഡയ്ക്ക് പുറമെ യുഎസ്എ, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെയാണ് ഖലിസ്ഥാന്‍ വാദികള്‍ ലക്ഷ്യമിടുന്നത്.