സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്തോ-ബ്രിട്ടീഷ് സൗഹൃദം ഉറപ്പിക്കുന്നതില്‍ സുപ്രധാന സ്ഥാനം വഹിച്ച കേന്ദ്രങ്ങളിൽ ഒന്നായ ലണ്ടനിലെ ഇന്ത്യാ ക്ലബ് അടച്ചു പൂട്ടുന്നു. സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തുന്ന വിവരം ഇന്ത്യാ ക്ലബ് ഉടമസ്ഥർ തന്നെയാണ് പുറത്തുവിട്ടത്. സെപ്റ്റംബർ 17 നാകും ജനങ്ങൾക്ക് വേണ്ടി ക്ലബ് അവസാനമായി പ്രവർത്തിക്കുകയെന്നും അടച്ചു പൂട്ടുന്നതിൽ അതിയായ വേദനയുണ്ടെന്നും ഇന്ത്യാ ക്ലബ് ഉടമസ്ഥർ വ്യക്തമാക്കി. ഇന്ത്യാ ക്ലബ് ഉടമസ്ഥരായ യാദ്ഗർ മാർക്കറും മകൾ ഫിറോസയും 'സേവ് ഇന്ത്യ ക്ലബ്' ക്യാംപെയ്നിലൂടെ ക്ലബ് പൂട്ടിപ്പോകാതെ ഇരിക്കാൻ ഏറെ ശ്രമിച്ചിരുന്നു. ഇതെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ക്ലബിന് തിരശീല വീഴുന്നത്.
യുകെയിലെ ആദ്യ ഇന്ത്യൻ ഹൈക്കമ്മീഷണറായ കൃഷ്ണമേനോൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യാ ക്ലബ് സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയിൽ നിന്നുള്ള യുവാക്കൾക്ക് രാഷ്ട്രീയപരമായ ചർച്ചകൾ നടത്താനും ഭാവി സംബന്ധിച്ച കാര്യങ്ങൾ ആസൂത്രണം ചെയ്യാനുമുള്ള ഇടം എന്ന ഉദ്ദേശ്യത്തോടെയാണ് 1946ൽ ഇന്ത്യ ക്ലബ് ആരംഭിച്ചത്. ഇന്ത്യൻ ഹൈക്കമ്മീഷനിനടുത്തുള്ള സ്ട്രാൻഡിൽ ഇന്ത്യൻ റെസ്റ്റോറന്റായി പ്രവർത്തിക്കുന്ന ക്ലബ് 26 മുറികളുള്ള സ്ട്രാൻഡ് കോണ്ടിനെന്റൽ ഹോട്ടലിന്റെ ഒന്നാം നിലയിലായിരുന്നു പ്രവർത്തനം.
അതേസമയം ഇന്ത്യ ക്ലബിന്റെ അടച്ചുപൂട്ടനിലെ കുറിച്ച് വൈകാരികമായി പ്രതികരിച്ച് ശശി തരൂർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ക്ലബിലെ പിതാവിന്റെ ചിത്രങ്ങൾക്ക് മുൻപിലായി സഹോദരിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കു വച്ച് കൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം. സ്ഥാപകരിൽ ഒരാളുടെ മകൻ എന്ന നിലയിൽ ഏറെ ദുഃഖമുണ്ടെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഏകദേശം മുക്കാൽ നൂറ്റാണ്ടോളം ഇന്ത്യക്കാർ ഉൾപ്പെടയുള്ളവർക്ക് സേവനം നൽകിയ സ്ഥാപനമാണ് ലണ്ടൻ ക്ലബെന്നും തരൂർ വ്യക്തമാക്കി. "ഗുണമേന്മയുള്ള ലളിതമായ ഇന്ത്യൻ ഭക്ഷണമായിരുന്നു ലണ്ടൻ ക്ലബ് നൽകിയത്. നിരവധി വിദ്യാർഥികൾക്കും പത്രപ്രവർത്തകർക്കും യാത്രക്കാർക്കും ഇവിടം വീട് പോലെയായിരുന്നു. ഒപ്പം പുതിയ ആളുകളെ കണ്ടെത്താനും സൗഹൃദം നിലനിർത്താനുമുള്ള അന്തരീക്ഷമായിരുന്നു ഇവിടെയുണ്ടായിരുന്നത്" തരൂർ പറഞ്ഞു.