WORLD

ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അക്രമം തടയണം; തീവ്രവാദ ഗ്രൂപ്പുകളെ അനുവദിക്കരുതെന്ന് കാനഡയോട് ഇന്ത്യ

വെബ് ഡെസ്ക്

കാനഡയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന ശിപാര്‍ശയുമായി ഇന്ത്യ. അക്രമങ്ങള്‍, ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, വിദ്വേഷ കുറ്റകൃത്യങ്ങളും പ്രസംഗങ്ങളും തുടങ്ങിയവയെ മുന്‍നിര്‍ത്തിയാണ് ഇന്ത്യ കാനഡയോട് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ (യുഎന്‍എച്ച്ആര്‍സി) അവലോകന യോഗത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായ കെഎസ് മുഹമ്മദ് ഹുസൈനാണ് ശിപാര്‍ശ മുന്നോട്ടുവച്ചത്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളെ അനുവദിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

മനുഷ്യക്കടത്തിനെതിരെയുള്ള കാനഡയുടെ ദേശീയ റിപ്പോര്‍ട്ടിങ്ങിനെ സ്വാഗതം ചെയ്യുന്നതായും കാനഡയുടെ പ്രതിനിധികളോട് നന്ദി രേഖപ്പെടുത്തുന്നതായും ഹുസൈന്‍ പറഞ്ഞു. നാഷണല്‍ ഹൗസിങ് സ്ട്രാറ്റജി ആക്ട് 2019, ആക്‌സസിബിള്‍ കാനഡ ആക്ട്, നാഷണല്‍ സ്ട്രാറ്റജി ടു കോംബാറ്റ് ഹ്യൂമന്‍ ട്രാഫിക്കിങ് 2019-2014 എന്നീ നിയമങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഹുസൈന്‍ പറഞ്ഞു.

തദ്ദേശീയ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട കുട്ടികളോടുള്ള ഘടനാപരമായ വിവേചനം ഇല്ലാതാക്കണമെന്നും കുട്ടികള്‍ക്ക് നല്‍കുന്ന സേവനങ്ങളിലെ അസമത്വം ഇല്ലാതാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 'ആധുനിക അടിമത്വ'ത്തിന്റെ പേരില്‍ കാനഡയെ വിമര്‍ശിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ശിപാര്‍ശ. സമകാലിക രീതിയിലുള്ള അടിമത്വത്തിന്റെ പ്രജനന കേന്ദ്രമെന്ന് വിമര്‍ശിച്ചുകൊണ്ട് കാനഡയുടെ വിദേശ തൊഴിലാളി പരിപാടികളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്ന റിപ്പോര്‍ട്ടായിരുന്നു ഐക്യരാഷ്ട്ര സഭയുടേത്. തൊഴിലാളികളെ സംരക്ഷിക്കുക, ചൂഷണത്തിന് സാധ്യതയുള്ള വിവേചനങ്ങള്‍ കൈകാര്യം ചെയ്യുക, എല്ലാ കുടിയേറ്റക്കാര്‍ക്കും സ്ഥിരതാമസത്തിനുള്ള വ്യക്തമായ മാര്‍ഗങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കനേഡിയന്‍ അധികാരികള്‍ക്ക് മുമ്പാകെ മനുഷ്യാവകാശ സമിതി അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസവും ഇന്ത്യക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് ട്രൂഡോ രംഗത്തെത്തിയിരുന്നു. വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍ ലോകം മുഴുവനാണ് അപകടം നേരിടേണ്ടിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 40 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെവിളിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടത് വിയന്ന കണ്‍വന്‍ഷന്‍ ലംഘനമാണെന്ന ആരോപണം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു ട്രൂഡോയുടെ വിമര്‍ശനം.

ഖലിസ്ഥാന്‍ നേതാവായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കാനഡ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണം ഇന്ത്യ നിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന്, 40 നയതന്ത്ര ഉദ്യോഗസ്ഥരെ ഉടന്‍ തിരികെ വിളിക്കണമെന്ന് ഇന്ത്യ കാനഡയ്ക്ക് അന്ത്യശാസനം നല്‍കി. പിന്നാലെ 40 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ തിരികെ വിളിച്ചു. 21 നയതന്ത്ര ഉദ്യോഗസ്ഥര്‍ മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ അവശേഷിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും