WORLD

'റഫായിലെ ആക്രമണം ഹൃദയഭേദകം'; പലസ്തീനെന്ന സ്വതന്ത്രരാഷ്ട്രത്തിന് പിന്തുണ ആവർത്തിച്ച് ഇന്ത്യ

പലസ്തീന്‍ രാഷ്ട്രത്തിനും ദ്വിരാഷ്ട്ര നയത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ ചരിത്രപരമായ പിന്തുണയും അദ്ദേഹം വ്യക്തമാക്കി

വെബ് ഡെസ്ക്

റഫായിലെ ഇസ്രയേല്‍ അധിനിവേശത്തെയും ആക്രമണത്തെയും അപലപിച്ച് ഇന്ത്യ. റഫായിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ സാധാരണക്കാരുടെ ഹൃദയഭേദകമായ നഷടം വേദനാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രന്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കണമെന്ന് തങ്ങള്‍ നിരന്തരം ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

''റഫായിലെ അഭയാര്‍ഥി ക്യാമ്പിലെ സാധാരണക്കാരുടെ ജീവന്റെ നഷ്ടം ഹൃദയ ഭേദകമാണ്. സാധാരണക്കാരുടെ സംരക്ഷണത്തിന് അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ബഹുമാനിക്കണമെന്നും ഞങ്ങള്‍ നിരന്തരം ആഹ്വാനം ചെയ്യുന്നു. സംഭവത്തില്‍ ഇസ്രയേല്‍ ഇതിനോടകം തന്നെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അന്വേഷണവും പ്രഖ്യാപിച്ചു,'' അദ്ദേഹം പറയുന്നു.

അതേസമയം പലസ്തീന്‍ രാഷ്ട്രത്തിനും ദ്വിരാഷ്ട്ര നയത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ ചരിത്രപരമായ പിന്തുണയും ജയ്‌സ്വാള്‍ വ്യക്തമാക്കി. സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങള്‍ പലസ്തീനെ രാഷ്ട്രമാക്കി അംഗീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

''1980ലെ അവസാനത്തോടെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അംഗീകരിക്കപ്പെട്ടതും പരസ്പരസമ്മതമുള്ളതുമായ അതിര്‍ത്തികളില്‍ ഇസ്രയേലിനോട് ചേര്‍ന്ന് സമാധാനത്തോടെ ജീവിക്കുന്ന പരമാധികാരവും പ്രായോഗികവും സ്വതന്ത്രവുമായ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ദിരാഷ്ട്ര പരിഹാരത്തെയും ഞങ്ങള്‍ പണ്ടുമുതലേ പിന്തുണയ്ക്കുന്നുണ്ട്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേയ് 28 മുതല്‍ പലസ്തീനെ ഒരു രാഷ്ട്രമായി സ്‌പെയിനും അയര്‍ലാന്‍ഡും നോര്‍വേയും അംഗീകരിച്ച് തുടങ്ങിയത്. എന്നാല്‍ ഈ നീക്കത്തില്‍ അപലപിച്ച് ഇസ്രയേലും രംഗത്തെത്തിയിരുന്നു. ഹമാസിനെ ശക്തിപ്പെടുത്തുന്ന തീരുമാനമാണിതെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.

അതേസമയം രണ്ട് ദിവസം അടുപ്പിച്ച് റഫായിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് സമീപം ഇസ്രയേല്‍ നടത്തിയ ക്രൂരതയ്‌ക്കെതിരെ എല്ലാ കണ്ണുകളും റഫായിലേക്ക് എന്നര്‍ത്ഥം വരുന്ന ഓള്‍ ഐസ് ഓണ്‍ റഫയെന്ന ക്യാംപയിന്‍ വ്യാപിക്കുകയാണ്. എന്‍ബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം 24 മണിക്കൂറിനുള്ളില്‍ 2.9 കോടി പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ക്യാംപയിനിന്റെ ഭാഗമായത്. കൂടാതെ സമൂഹമാധ്യമങ്ങളില്‍ 4 കോടിയിലധികം തവണയാണ് ചിത്രം റീഷെയര്‍ ചെയ്തത്. രാജ്യത്ത് നിരവധി സെലിബ്രിറ്റിമാരാണ് ക്യാംപയിനിന്റെ ഭാഗമായിരിക്കുന്നത്.

എന്നാല്‍ യുദ്ധക്കെടുതിയുടെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയും ഗാസയിലെ റഫായില്‍ കരയാക്രമണം കടുപ്പിക്കുകയാണ് ഇസ്രയേല്‍. ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷതേടി ലക്ഷക്കണക്കിന് സാധാരണക്കാര്‍ അഭയം തേടിയ തെക്കന്‍ ഗാസ നഗരമായ റഫായിലേക്ക് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി ഇസ്രയേല്‍ സൈന്യം കടന്നതിന് പിന്നാലെയാണ് തെരുവുകളില്‍ രൂക്ഷമായ തെരുവ് പോരാട്ടവും ഇസ്രായേല്‍ ബോംബാക്രമണവും റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേലിന്റെ പുതിയ ആക്രമണത്തില്‍ കുറഞ്ഞത് 37 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വിവരം.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി