WORLD

കാനഡയുമായുള്ള തര്‍ക്കം: ഇന്ത്യയുമായുള്ള ബന്ധം വഷളായേക്കാമെന്ന് യുഎസ് അംബാസഡര്‍

പൊളിറ്റിക്കോയില്‍ വന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യയുമായുള്ള ബന്ധം വഷളായേക്കാമെന്ന് എറിക് ഗാര്‍സെട്ടി ടീമിനോട് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

വെബ് ഡെസ്ക്

കാനഡയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വന്നതിന് പിന്നാലെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായേക്കാമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ എറിക് ഗാര്‍സെട്ടി പറഞ്ഞതായി റിപ്പോര്‍ട്ട്. പൊളിറ്റിക്കോയില്‍ വന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യയുമായുള്ള ബന്ധം വഷളായേക്കാമെന്ന് എറിക് തന്റെ ടീമിനോട് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

അനിശ്ചിതകാലത്തേക്ക് ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വരുമെന്ന് അദ്ദേഹം പറഞ്ഞതായി പേര് വെളിപ്പെടുത്താത്ത ഒരു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു.

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ്ങ് നിജ്ജാറിനെ ജൂണില്‍ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുകള്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. കൂടാതെ സമഗ്രമായ അന്വേഷണത്തിനു അമേരിക്ക ആഹ്വാനം ചെയ്തിരുന്നു.

അമേരിക്കന്‍ അംബാസഡറും ടീമംഗങ്ങളും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് ഒരു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ''ഇന്ത്യന്‍ ജനങ്ങളുമായും സര്‍ക്കാരുമായും ഞങ്ങളുടെ ശക്തമായ പങ്കാളിത്തത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥനാണ് അംബാസഡര്‍ ഗാര്‍സെറ്റി. ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം പ്രധാനവും തന്ത്രപരവുമാണ്''- വക്താവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൂടുതൽ കനേഡിയന്‍ നയതന്ത്ര പ്രതിനിധികളെ ഒരാഴ്ചയ്ക്കകം പിന്‍വലിക്കണമെന്ന് ഇന്ത്യ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഇതിനായി ഒക്ടോബര്‍ 10 വരെയാണ് കാനഡയ്ക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി. കാനഡയുടെ 62 നയതന്ത്ര പ്രതിനിധികളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. എന്നാല്‍ പ്രതിനിധികളുടെ എണ്ണം 41 ആയി കുറയ്ക്കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് മേധാവിയായ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നത്. കാനഡയുടെ ആരോപണം നിഷേധിച്ച ഇന്ത്യ കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാ വിരുദ്ധശക്തികളെ സംരക്ഷിക്കുന്നതിനും വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് കാനഡ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് തിരിച്ചടിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ