സിംഗപ്പൂരില്‍ കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരനായ ഷെഫിന് നാല് മാസം തടവുശിക്ഷ വിധിച്ച് കോടതി. നാൽപ്പത്തിനാലുകാരനായ ഇയാൾ പെൺകുട്ടികളുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തിൽ ബലമായി സ്പർശിക്കുകയും സ്നേഹാഭ്യർത്ഥന നടത്തുകയും ചെയ്തുവെന്നാണ് കേസ്. കോടതിയിൽ ഇയാൾ കുറ്റസമ്മതം നടത്തി.
സബ് വേ റെയില്‍വേസ്റ്റേഷന് സമീപം പട്ടാപ്പകൽ കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് മൂന്ന് മാസത്തിന് ശേഷമാണ് മറ്റൊരു പെണ്‍കുട്ടിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയത്.
രണ്ട് അവസരങ്ങളിലും കുമാര്‍ പെണ്‍കുട്ടികളെ കെട്ടിപ്പിടിക്കുകയോ ചുംബിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്തിരുന്നു.
14 വയസ്സുള്ള പെണ്‍കുട്ടി ബൂന്‍ കെങ് റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു ആദ്യ സംഭവം. സുശീല് കുമാര്‍ പെണ്‍കുട്ടിയോട് എന്തോ ചോദിച്ചു. എന്നാല്‍ ഭാഷ മനസ്സിലാവാതിരുന്ന പെണ്‍കുട്ടി വഴി ചോദിക്കുകയാണെന്ന് കരുതി സ്‌റ്റേഷനിലേയ്ക്ക് കൈ ചൂണ്ടിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ കെട്ടിപിടിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ ബലമായി കെട്ടിപിടിച്ച സുശീല്‍ അവരെ ഉമ്മവയ്ക്കുകയും ഫോണ്‍ നമ്പര്‍ വാങ്ങി സേവ് ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ വീണ്ടും കെട്ടിപ്പിടിക്കുകയും വലതു കവിളില്‍ പലതവണ ചുംബിക്കുകയും ചെയ്തു. പിന്നീട് മൊബൈല്‍ ഫോണില്‍ ഇയാളുടെയും പെണ്‍കുട്ടിയുടെയും 'സെല്‍ഫി' ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് തന്നോടൊപ്പം ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് കുമാര്‍ ചോദിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങണമെന്ന് പെണ്‍കുട്ടി പറഞ്ഞു. പണം വേണമെങ്കില്‍ വിളിക്കണമെന്ന് പറഞ്ഞ് വീണ്ടും ചുംബിച്ചശേഷം സുശീല്‍ മടങ്ങി.
ഇയാള്‍ നടന്നുപോയശേഷം പെണ്‍കുട്ടി വീട്ടിലേക്ക് ഓടി വന്ന് അമ്മയോട് സംഭവം പറയുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. ഈ സംഭവത്തിന് ശേഷവും ഇയാള്‍ പെണ്‍കുട്ടിയെ വാട്‌സാപ്പിലൂടെയും ശല്യപ്പെടുത്തി. തുടര്‍ന്ന് കുമാറിനെ അടുത്ത ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും ഒരു ദിവസത്തിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
ഇത് കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്ക് ശേഷം നവംബര്‍ എട്ടിന്, 19 വയസ്സുള്ള പെണ്‍കുട്ടിയെ ഒരു ഹൗസിങ് ബ്ലോക്കിന്റെ ലിഫ്റ്റ് ലോബിയില്‍ വച്ച് ഇയാള്‍ കയ്യില്‍ പിടിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സമുദായത്തെ കുറിച്ച് അന്വേഷിക്കുകയും അവരുടെ സമുദായത്തിലുള്ളവരെ തനിക്ക് ഇഷ്ടമാണെന്ന് പറയുകയുമായിരുന്നു.
കൈതട്ടിമാറ്റാന്‍ ശ്രമിച്ചെങ്കിലും സുശീല്‍ അതിന് തയ്യാറായില്ല. ഈ സമയം മറ്റൊരാള്‍ ലിഫ്റ്റിലേയ്ക്ക് കയറിയെങ്കിലും സുശീല്‍ പെണ്‍കുട്ടിയുടെ കൈയില്‍ തൊട്ടുകൊണ്ട് സംഭാഷണം തുടര്‍ന്നു. മൂന്നാമത്തെ ആള്‍ ലിഫ്റ്റില്‍ നിന്ന് ഇറങ്ങിയ ശേഷം ഇയാള്‍ പെണ്‍കുട്ടിയോട് സ്‌നേഹാഭ്യര്‍ത്ഥന നടത്തുകയും ചുംബിക്കുകയും ചെയ്തു.
എന്നാല്‍ ഇരുവരും ഒരു അടഞ്ഞ പ്രദേശത്തായിരുന്നതിനാല്‍ പെണ്‍കുട്ടി ഭയം കാരണം എന്ത് ചെയ്യമെന്നറിയാതെ നിന്ന് പോയെന്ന് ഡെപ്യൂട്ടി പബ്ലിക്ക് പ്രോസിക്ക്യൂട്ടര്‍ ഡെലീഷിയ ടാന്‍ പറഞ്ഞു. 15ആം നിലയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ലിഫ്റ്റില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് ഓടുകയും സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ മാതാവിനോട് പറയുകയായിരുന്നു. എന്നാല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയതായി അറിവില്ല.
സുശീൽ കുമാറിനെ അന്ന് തന്നെ പോലീസ് അയാളുടെ വസതിയില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നിരീക്ഷണ ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തു. വിചാരണയ്ക്കിടെ കുമാറിന്റെ പശ്ചാത്താപ വാദം താന്‍ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ ജില്ലാ ജഡ്ജി പോള്‍ ചാന്‍, ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്ന ഒരാള്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം അതേ കുറ്റം ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി.
ദുര്‍ബലയായ ഒരു ഇരയെ ലക്ഷ്യമിട്ടതും പൊതുസ്ഥലത്ത് നിരന്തരമായി ലജ്ജാകരമായ രീതിയില്‍ പെരുമാറിയതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ജഡ്ജി പറഞ്ഞു. ഇരകളോട് ക്രൂരമായി പെരുമാറിയതിന്, പ്രതിയ്ക്ക് രണ്ട് വര്‍ഷം തടവും പിഴയോ ചൂരല്‍ അടിയോ അല്ലെങ്കില്‍ ഇവയെല്ലാം സംയോജിപ്പിച്ചുള്ള ശിക്ഷയോ ലഭിച്ചേക്കും.