WORLD

ഖലിസ്ഥാൻ വിഘടനവാദ നേതാവ് പന്നു വധശ്രമക്കേസ്: കുറ്റാരോപിതനായ ഇന്ത്യൻ പൗരനെ അമേരിക്കയ്ക്ക് കൈമാറിയതായി റിപ്പോർട്ട്

കഴിഞ്ഞ ജൂണിലാണ് അമേരിക്കയുടെ നിർദേശ പ്രകാരം ചെക്ക് റിപ്പബ്ലിക്ക് സർക്കാർ നിഖിൽ ഗുപ്തയെ അറസ്റ്റ് ചെയ്യുന്നത്

വെബ് ഡെസ്ക്

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപ്ത്വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ കുറ്റാരോപിതനായ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറിയതായി റിപ്പോർട്ട്. അമേരിക്കയിൽ വച്ചായിരുന്നു പന്നുവിനെതിരെയുള്ള വധശ്രമം. കഴിഞ്ഞ ജൂണിലാണ് അമേരിക്കയുടെ നിർദേശ പ്രകാരം ചെക്ക് റിപ്പബ്ലിക്ക് സർക്കാർ നിഖിൽ ഗുപ്തയെ അറസ്റ്റ് ചെയ്യുന്നത്. കൊലപാതകത്തിന് വേണ്ടി ഒരാളെ നിയോഗിച്ചതിന് പിന്നിൽ നിഖിൽ ഗുപ്തയാണെന്നായിരുന്നു അമേരിക്കയുടെ ആരോപണം.

2023 ജൂണിൽ പ്രേഗിൽനിന്ന് ഇന്ത്യയിലേക്ക് സഞ്ചരിക്കവെയായിരുന്നു നിഖിൽ ഗുപ്തയുടെ അറസ്റ്റ്. അമേരിക്കയ്ക്ക് കൈമാറാൻ അനുവദിക്കരുതെന്ന നിഖിലിന്റെ ഹർജി കഴിഞ്ഞ മാസം(ഫെബ്രുവരി) ചെക് കോടതി നിരസിച്ചിരുന്നു. ഇതോടെയാണ് പന്നുൻ വധശ്രമക്കേസിലെ കുറ്റാരോപിതരിൽ പ്രധാനിയെ അമേരിക്കയ്ക്ക് കൈമാറാൻ വഴിയൊരുങ്ങിയത്. നിലവിൽ നിഖിൽ ഗുപ്തയെ അമേരിക്കയിലെത്തിച്ചതായി അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തത്. ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസ് വെബ്‌സൈറ്റും ചില അടുത്ത വൃത്തങ്ങളെയും ഉദ്ധരിച്ചാണ് റിപ്പോർട്ട്.

അൻപത്തിരണ്ടുകാരനായ നിഖിൽ ഗുപ്തയെ നിലവിൽ ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് തടങ്കൽ കേന്ദ്രമായ ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെൻ്ററിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് അറിയുന്നത്. ബ്യൂറോ ഓഫ് പ്രിസൺസ് വെബ്‌സൈറ്റിലെ തടവുകാരുടെ പട്ടികപ്രകാരമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2023 നവംബറിലാണ് ഇന്ത്യൻ റോ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അമേരിക്കൻ പൗരനായ പന്നുവിനെ വധിക്കാൻ പദ്ധതിയിട്ടതായി അമേരിക്ക ആരോപണം ഉന്നയിച്ചത്. ഉത്തരേന്ത്യയിൽ പരമാധികാര സിഖ് രാഷ്ട്രത്തിന് വേണ്ടി വാദിച്ച യുഎസിൽ താമസിക്കുന്ന ഗുർപ്ത്വന്ത് സിങ് പന്നൂനെ കൊല്ലാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനുമായി ചേർന്ന് നിഖിൽ ഗുപ്ത ഗൂഢാലോചന നടത്തി എന്നായിരുന്നു യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാരുടെ വാദം.

യുഎസ് ഡിപ്പാർട്മെന്റിന്റെ കുറ്റപത്രത്തിൽ പേര് വെളുപ്പെടുത്തിയിട്ടില്ലാത്ത 'ഇന്ത്യൻ ഉദ്യോഗസ്ഥനെ' സിസി-1 എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹമാണ് മുഴുവൻ പദ്ധതികൾക്കും പിന്നിലെന്നാണ് ആരോപണം. ഇയാൾ സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനാണെന്നും നിലവിൽ സെക്യൂരിറ്റി മാനേജ്‌മെന്റ്, ഇന്റലിജൻസ് എന്നീ ഉത്തരവാദിത്തങ്ങളുള്ള 'സീനിയർ ഫീൽഡ് ഓഫീസർ' ആന്നെന്നുമാണ് അവകാശപ്പെട്ടിട്ടുള്ളതെന്നും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഗുജറാത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിഖിൽ ഗുപ്തയെ കേസുകളിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകിയാണ്‌ ഇയാൾ ഗൂഢാലോചനയുടെ ഭാഗമാക്കിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും