ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അതിന്റെ രാഷ്ട്രീയ ഗതി നിശ്ചയിച്ച് വിധിയെഴുതിയപ്പോള്‍ പ്രതിപക്ഷ സഖ്യം നടത്തിയ മുന്നേറ്റം അന്താരാഷ്ട്ര മാധ്യമങ്ങളിലും തലക്കെട്ടായി. വന്‍ വിജയം പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ഭരണ കക്ഷിയും പ്രധാനമന്ത്രിയും തിരിച്ചടി നേരിട്ടു എന്ന നിലയിലാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്.
'അജയ്യതയുടെ പ്രഭാവലയം നഷ്ടപ്പെട്ട മോദി', എന്ന നിലയിലാണ് ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യന്‍ തിരഞ്ഞെടുപ്പിനെ വാര്‍ത്തയാക്കിയിരിക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് ചെറുപാര്‍ട്ടികളുടെ സഹായം ആവശ്യമാണെന്നും, തിരഞ്ഞെടുപ്പില്‍ ബിജെപി അപ്രതീക്ഷിത തിരിച്ചടി നേരിട്ടു എന്നും ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ ഭരണകക്ഷിക്ക് തിരിച്ചടി എന്ന നിലയിലാണ് വാര്‍ത്താ ഏജന്‍സിയായ ബിബിസിയും ഖത്തര്‍ ആസ്ഥാനമായ അല്‍ജസീറയും തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. നരേന്ദ്ര മോദി തിരഞ്ഞെടുപ്പില്‍ വിജയം നേടിയെങ്കിലും തിരിച്ചടി നേരിട്ടു എന്ന നിലയിലാണ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നരേന്ദ്ര മോദിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് വ്യക്തമായി പറയുകയാണ് ദ ഗാര്‍ഡിയന്‍. അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ട ഭരണകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റ് ചെറുകക്ഷികളുമായി സഖ്യത്തിന് ശ്രമിക്കുകയാണ് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് തിരിച്ചടിയാണ് എന്ന് ജര്‍മന്‍ മാധ്യമമായ ഡി ഡബ്ല്യൂ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപി മുന്നോട്ട് വയക്കുന്ന പരിഷ്‌കരണങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന സംശയവും ജര്‍മന്‍ മാധ്യമം ഉന്നയിക്കുന്നു.
പാകിസ്താന്‍ മാധ്യമമായ ഡോണ്‍ മോദിയുടെ മൂന്നാം വിജയത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഹിന്ദു ദേശീയ വാദികള്‍ വീണ്ടും അധികാരത്തിലെത്തുമ്പോള്‍ രാജ്യത്ത് മുസ്ലീങ്ങള്‍ക്ക് ഭയം വര്‍ധിക്കുന്നു എന്നാണ് ഡോണ്‍ ചൂണ്ടാക്കാട്ടുന്നത്. എന്നാല്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ ഇന്ത്യയിലെ മുസ്ലീം വിരുദ്ധ നിലപാടുകളില്‍ മാറ്റം വരുത്തുമെന്ന നിലയും ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അന്തിമപട്ടിക അനുസരിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് 293 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തിന് 234 സീറ്റുകളുണ്ട്. 17 സീറ്റുകള്‍ മറ്റുള്ളവര്‍ക്കാണ്. 240 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 99 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. എസ്പി-37, തൃണമൂല്‍ കോണ്‍ഗ്രസ്-29, ഡിഎംകെ-22, ടിഡിപി-16, ജെഡിയു-12, ശിവസേന (ഉദ്ദവ് വിഭാഗം)-7, ലോക് ജനശക്തി-5, വൈഎസ്ആര്‍പി-4, ആർജെഡി-4, സിപിഎം-4, മുസ്ലിം ലീഗ്-3, ആംആദ്മി പാര്‍ട്ടി-മൂന്ന് എന്നിങ്ങനെയാണ് പ്രധാന പാര്‍ട്ടികളുടെ സീറ്റ് നില.
അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കിങ്‌മേക്കര്‍മാരായ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ജെഡിയു നേതാവ് നിതീഷ് കുമാര്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇരു മുന്നണികളുടേയും രാഷ്ട്രീയ ചരടുവലികള്‍. നിലവിലെ സാഹചര്യത്തില്‍ 240 സീറ്റുകളുള്ള ബിജെപിക്ക് സഖ്യകക്ഷികളായ ടിഡിപി, ജെഡിഎസ് എന്നിവരുടെ പിന്തുണയോടെ നിസാരമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ക്ക് ഇന്ന് എന്‍ഡിഎ യോഗവും ചേരുന്നുണ്ട്. രാഷ്ട്രീയ അട്ടിമറികള്‍ ഒന്നും നടന്നില്ലെങ്കില്‍ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാകും. എന്നാല്‍, ടിഡിപിയേയും ജെഡിഎസിനേയും ഏതുവിധേനയും തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ മുന്നണിയും ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ യോഗം ചേരും.