യുകെയില്‍ ലിസ് ട്രസ് മന്ത്രിസഭയില്‍ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യൻ വംശജ സുവെല്ല ബ്രെവർമാൻ. തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലെ ഫാരെഹാമില്‍ നിന്നുള്ള എംപിയാണ് 42 കാരിയായ സുവെല്ല. മുൻ ആഭ്യന്തര സെക്രട്ടറിയായിരുന്ന ഇന്ത്യൻ വംശജ പ്രീതി പട്ടേലിന്റെ പിൻഗാമിയായാണ് സുവെല്ല ക്യാബിനെറ്റിലെത്തുന്നത്. പോലീസ്, കുടിയേറ്റം എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന യുകെ ആഭ്യന്തര വകുപ്പിന്റെ സ്റ്റേറ്റ് സെക്രട്ടറിയായിട്ടാണ് നിയമനം. മുൻ പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് കരാറിനെ പാർലമെൻറിൽ വോട്ട് ചെയ്ത മൂന്ന് അവസരങ്ങളിലും പിന്തുണക്കാതിരുന്ന 28 "സ്പാർട്ടൻ" ടോറി എംപിമാരിൽ ഒരാളാണ് സുവെല്ല. കൺസർവേറ്റീവ് പാർട്ടി നേതൃത്വ തിരഞ്ഞെടുപ്പിൽ ട്രസിനെതിരെ മത്സരിക്കുകയും ചെയ്തിരുന്നു.
1980 ഏപ്രിൽ മൂന്നിന് ഉമയുടെയും ക്രിസ്റ്റി ഫെർണാണ്ടസിന്റെയും മകളായിട്ടാണ് സുവെല്ല ജനിക്കുന്നത്. സുവെല്ലയുടെ 'അമ്മ തമിഴ്‌നാട് സ്വദേശിയാണ്, മൗറീഷ്യസിൽ നിന്നാണ് അവർ യുകെയിലേക്ക് കുടിയേറിയത്. ഗോവൻ വംശജനായ അച്ഛൻ കെനിയയിൽ നിന്ന് 1960-കളിലാണ് ബ്രിട്ടനിലെത്തിയത്. ലണ്ടനിലെ ഹീത്ത്‌ഫീൽഡ് സ്‌കൂളിൽ പഠിച്ച സുവെല്ല പിന്നീട് കേംബ്രിഡ്ജിലെ ക്വീൻസ് കോളേജിൽ നിയമത്തിൽ ബിരുദം നേടി. പാന്തിയോൺ-സോർബോൺ സർവകലാശാലയിൽ യൂറോപ്യൻ, ഫ്രഞ്ച് നിയമങ്ങളിൽ ബിരുദാനന്തര ബിരുദവും അവർ പൂർത്തിയാക്കിയിട്ടുണ്ട്. 2005ലാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അന്ന് ലെസ്റ്റർ ഈസ്റ്റിൽ നിന്ന് പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
കൺസർവേറ്റീവ് പാർട്ടി നേതൃത്വ തിരഞ്ഞെടുപ്പിൽ ട്രസിനെതിരെ സുവെല്ല മത്സരിച്ചിരുന്നു
2015 മെയ് മാസത്തിൽ ആണ് സുവെല്ല ഫാരെഹാമിന്റെ കൺസർവേറ്റീവ് എം പിയായി തിരഞ്ഞെടുക്കപ്പെടുന്നത്. അന്നുമുതൽ അവർ പാർലമെന്റ് അംഗമാണ്. 2017-ലും 2019-ലും അവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ, 2020 ഫെബ്രുവരി മുതൽ 2022 സെപ്റ്റംബർ വരെ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാർട്ടിഗേറ്റ് ഉൾപ്പെടെ ഒന്നിലധികം അഴിമതികൾക്കിടയിൽ രാജി വെക്കാൻ നിർബന്ധിതനായതിനെ തുടർന്ന് ടോറി നേതാവും പ്രധാനമന്ത്രിയും ആയ ബോറിസ് ജോൺസണിന് പകരമായി ആദ്യം മുന്നോട്ട് വന്ന മത്സരാർഥികളിൽ ഒരാളായിരുന്നു സുവെല്ല. എന്നാല്‍ പ്രാരംഭ ബാലറ്റിന്റെ രണ്ടാം റൗണ്ട് മത്സരത്തിൽ തന്നെ സുവെല്ല പുറത്തതായി. തുടര്‍ന്ന് ട്രസിനെ പിന്തുണയ്ക്കുകയായിരുന്നു. ബ്രെക്സിറ്റ് അനുകൂല നിലപാടിന് പേരുകേട്ട വ്യക്തികൂടിയാണ് സുവെല്ല.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ബിരുദധാരിയായ സുവെല്ല 2018ൽ റെയൽ ബ്രാവർമാനെ വിവാഹം കഴിച്ചു. പ്രസവാവധി സംബന്ധിച്ച ബ്രിട്ടനിലെ കാലഹരണപ്പെട്ട നിയമത്തിൽ കഴിഞ്ഞ വർഷം മാറ്റമുണ്ടാവാൻ കാരണം സുവെല്ലയായിരുന്നു. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്കാൻ മാറിനിന്ന സമയത്തും അവർ ക്യാബിനറ്റ് മന്ത്രി ആയി തുടർന്നു.
ബുദ്ധമത വിശ്വാസി കൂടിയാണ് സുവെല്ല. ശ്രീബുദ്ധ പ്രമാണഗ്രന്ഥമായ "ധമ്മപദ" ത്തിലായിരുന്നു സുവെല്ല പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത്.