WORLD

കാനഡയിലേക്ക് പറക്കുന്നതിൽ ആശങ്ക; വിദ്യാർത്ഥികളെ വെട്ടിലാക്കി നയതന്ത്രബന്ധത്തിലെ വിള്ളൽ

വെബ് ഡെസ്ക്

കാനഡയിൽ പഠിക്കാനും ജോലി ചെയ്യാനുമൊക്കെയായി പോയവരെയും പോകാനിരിക്കുന്നവരെയും ആശങ്കയിലാക്കി ഇരുരാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധത്തിലെ വിള്ളൽ. നിലവിൽ കാനഡയിൽ താമസിക്കുന്നവരേക്കാൾ അങ്ങോട്ടേക്ക് പഠിക്കാനും ജോലികൾക്കായി പോകാൻ തയ്യാറെടുക്കുന്നവരെയാണ് ഇത് കൂടുതലായി ബാധിച്ചിരിക്കുന്നത്. ജനുവരിയിൽ നടക്കുന്ന പുതിയ അഡ്മിഷനിൽ കാനഡയിലേക്ക് പോകാനിരിക്കുന്ന വിദ്യാർഥികളിൽ പലരും തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയ അവസ്ഥയിലാണെന്ന് വിസ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.

2022ലെ കണക്കനുസരിച്ച്, കാനഡയിലേക്ക് പുറംരാജ്യങ്ങളിൽനിന്ന് വന്ന് പഠിക്കുന്നവരുടെ നാല്പത് ശതമാനവും ഇന്ത്യക്കാരാണ്. മൂന്നുലക്ഷത്തിലധികമാണ് ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം. കഴിഞ്ഞ ദിവസം കാനഡ പൗരന്മാർക്കുള്ള വിസ ഇന്ത്യ നിഷേധിച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമായത്. ഇന്ത്യയിൽ വേരുകളുള്ള കാനേഡിയൻ പൗരത്വം സ്വീകരിച്ചവർ, ഡോക്ടർമാർ, വ്യവസായികൾ, സഞ്ചാരികൾ എന്നിങ്ങനെ പലവിധ ആവശ്യങ്ങൾക്കായി രാജ്യത്തേക്ക് വരാനിരുന്നവരിൽ പലരും ടിക്കറ്റുകൾ കാൻസൽ ചെയ്തതായി വിമാന ടിക്കറ്റ് ഏജൻസികൾ പറയുന്നു.

പഠനത്തിനും അതിനുശേഷം ജോലിനോക്കുന്നതിനും വളരെ സുരക്ഷിതമായാ രാജ്യമായാണ് കാനഡ വിലയിരുത്തപ്പെടുന്നത്. കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ കുത്തൊഴുക്കിന് കാരണവും ഇതുതന്നെയാണ്. പഠനത്തിനുശേഷം പെട്ടെന്ന് പൗരത്വം ലഭിക്കുന്നതും കാനഡയുടെ പ്രധാന ആകർഷണമാണ്. അതേസമയം, കാനഡയിൽ നിലവിൽ ബുദ്ധിമുട്ടൊന്നുമില്ലെന്നും പലതും അഭ്യൂഹങ്ങൾ മാത്രമാണെന്നുമാണ് അവിടെ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ പക്ഷം. നയതന്ത്ര ബന്ധത്തിലെ പ്രശ്നങ്ങൾ ഇതുവരെയും ബാധിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത്.

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ കാനഡയിൽനിന്ന് പുറത്താക്കിയതോടെയാണ് കാര്യങ്ങൾ വഷളാകുന്നത്. കാനഡയുടെ നടപടിക്കുപിന്നാലെ ഇന്ത്യയും കനേഡിയൻ പ്രതിനിധിയെ പുറത്താക്കി. കാനേഡിയൻ പൗരന്മാർക്കുള്ള വിസ നൽകുന്നത് കഴിഞ്ഞദിവസം ഇന്ത്യ താത്കാലികമായി നിർത്തുകയും ചെയ്തു.

ജൂണിലായിരുന്നു ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം. ഇതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം. ഇത് ഇന്ത്യ തള്ളിയെങ്കിലും കാനഡ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ആരോപണത്തിന് പകരം തെളിവുകൾ കാണിച്ചാൽ അന്വേഷണത്തോട് സഹകരിക്കണമെന്നാണ് ഇന്ത്യ പറയുന്നത്. തെളിവുകളുണ്ടെന്ന് കഴിഞ്ഞ ദിവസം ഐക്യരാരാഷ്ട്ര സഭയിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു.

അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജസ്റ്റിൻ ട്രൂഡോയും ചർച്ച നടത്തിയിരുന്നു. അന്ന് ഖലിസ്ഥാൻ വാദവും അതുയർത്തുന്ന ആശങ്കകളെക്കുറിച്ചും മോദി പറഞ്ഞിരുന്നെങ്കിലും സമാധാനപരമായ പ്രതിഷേധങ്ങൾക്ക് കാനഡയിൽ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ട്രൂഡോയുടെ പ്രതികരണം. അതിനുപിന്നാലെ ഉഭയകക്ഷി വ്യാപാരം സംബന്ധിച്ചുള്ള ചർച്ചയ്ക്കായി ഇന്ത്യയിലേക്കുള്ള യാത്ര കാനഡ റദ്ദാക്കിയിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം