ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷം രൂക്ഷമാകുന്നതിനിടെ, ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് സൂചന നൽകി യുഎസ്. ഓസ്ട്രേലിയ, കാനഡ, ന്യൂസിലന്റ്, യുകെ, യുഎസ് എന്നിവിടങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള സഖ്യമായ ഫൈവ് ഐസ് പങ്കിട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ പ്രസ്താവന നടത്തിയതെന്ന് കാനഡയിലെ യുഎസ് അംബാസഡര്‍ ഡേവിഡ് കോഹന്‍ വ്യക്തമാക്കി. കനേഡിയൻ സിടിവി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഡേവിഡ് കോഹന്റെ പ്രസ്താവന.
ട്രൂഡോയുടെ പ്രസ്താവനയ്ക്ക് ആഴ്ചകൾ മുൻപ്, നിജ്ജാറിന്റെ കൊലപാതകത്തെ പരസ്യമായി അപലപിക്കാൻ കാനഡ യുഎസ് ഉൾപ്പെടെയുള്ള അടുത്ത സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു എന്ന വാഷിംഗ്ടണ് പോസ്റ്റിന്റെ റിപ്പോർട്ട് കോഹൻ നിഷേധിച്ചു
ഇന്ത്യയ്ക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങളിൽ യുഎസ് വളരെയധികം ആശങ്കാകുലരാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഉലച്ചിൽ പരിഹരിക്കാനും അന്വേഷണം സുതാര്യമാക്കാനും ഒട്ടാവയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച പറഞ്ഞതിന് പിന്നാലെയാണ് കോഹന്റെ പ്രതികരണവും പുറത്തുവരുന്നത്. കനേഡിയൻ സർക്കാരിന്റെ അന്വേഷണം മാനുഷികവും നിരീക്ഷണാധിഷ്ഠിതവുമാണോ എന്നതില്‍ കോഹൻ പ്രതികരിച്ചില്ല. ട്രൂഡോയുടെ പ്രസ്താവനയ്ക്ക് ആഴ്ചകൾ മുൻപ്, നിജ്ജാറിന്റെ കൊലപാതകത്തെ പരസ്യമായി അപലപിക്കാൻ കാനഡ യുഎസ് ഉൾപ്പെടെയുള്ള അടുത്ത സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു എന്ന വാഷിംഗ്ടണ് പോസ്റ്റിന്റെ റിപ്പോർട്ട് കോഹൻ നിഷേധിച്ചു. സ്വകാര്യ നയതന്ത്ര സംഭാഷണങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന ശീലം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിലുള്ള വിദേശകാര്യമന്ത്രി എസ് ജയശങ്കർ, വരും ദിവസങ്ങളിൽ യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ കാനഡ വിഷയം ചർച്ചചെയ്യാൻ സാധ്യതയുണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്.
"രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കാനഡയും യുഎസും തമ്മിൽ പലതരം ആശയവിനിമയം നടന്നിട്ടുണ്ട്. എന്നാൽ, അവയൊക്കെ പുറത്തുവിടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഇന്ത്യയ്ക്കുമേലുള്ള കാനഡയുടെ ആരോപണങ്ങളെ യുഎസ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അവ സത്യമാണെങ്കിൽ, അത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. അതുകൊണ്ടുതന്നെ, വിഷയത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നും കാര്യമായ അന്വേഷണം നടത്തേണ്ടത് വളരെ പ്രധാനമാണെന്നും ഞങ്ങൾ കരുതുന്നു." കോഹൻ പറഞ്ഞു.
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്നതിന്റെ "വിശ്വസനീയമായ" തെളിവുകൾ കാനഡ ഇന്ത്യയുമായി പങ്കിട്ടിട്ടുണ്ടെന്നും ഈ ഗുരുതരമായ വിഷയത്തിൽ വസ്തുതകൾ സ്ഥാപിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാകണമെന്നും ട്രൂഡോ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ഇന്ത്യ അന്വേഷണവുമായി സുതാര്യത പുലർത്തിയാൽ മാത്രമേ, വിഷയത്തിൽ ആശങ്കയൊഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് അന്വേഷിക്കാൻ കാനഡയെ പിന്തുണയ്ക്കുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും വ്യാഴാഴ്ച വ്യക്തമാക്കി.
അതേസമയം, ട്രൂഡോയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഇന്ത്യ, അവ അസംബന്ധവും പ്രേരിതവുമാണെന്ന് ആരോപിച്ചു. കാനഡയിലെ ഖാലിസ്ഥാൻ വിഘടനവാദികൾക്കെതിരെ ഒട്ടാവ നടപടിയെടുക്കുന്നില്ലെന്നും നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും പങ്കിടുന്നില്ലെന്നുമാണ് ഇന്ത്യയുടെ പ്രധാന ആരോപണം. വിവരങ്ങൾ പങ്കിട്ടാൽ, അവ പരിശോധിക്കാനും അന്വേഷണവുമായി സഹകരിക്കാനും തയാറാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.