WORLD

ഇന്തോനേഷ്യയുടെ തലസ്ഥാനം മാറ്റുന്നു; എന്താണ് കാരണം? ആശങ്ക എന്തിന്?

വെബ് ഡെസ്ക്

ദ്വീപുരാജ്യമായ ഇന്തോനേഷ്യ, തലസ്ഥാനം ജക്കാർത്തയിൽ നിന്ന് ഏകദേശം 2000 കിലോമീറ്റർ അകലെയുള്ള ബോർണിയോ ദ്വീപിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന കലിമന്തനിലേക്ക് മാറ്റുകയാണ്. 2022 ജനുവരി 18നാണ് ഇന്തോനേഷ്യൻ സർക്കാർ തലസ്ഥാന മാറ്റത്തിനുള്ള ബിൽ പാസാക്കിയത്. രാജ്യത്തിന്റെ പുതിയ തലസ്ഥാന നഗരം, "ദ്വീപസമൂഹം (archipelago)" എന്നർഥം വരുന്ന നുസന്തര എന്നാകും അറിയപ്പെടുക. പുതിയ തീരുമാനം നിലവിൽ പല ചർച്ചകൾക്കും വഴി തെളിച്ചിരിക്കുകയാണ്. പരിസ്ഥിതിവാദികളും തദ്ദേശീയ വിഭാഗങ്ങളും ഈ നീക്കത്തെ ആശങ്കയോടെയാണ് കാണുന്നത്.

'വനനഗരം' എന്ന ആശയത്തിലൂന്നിയാകും 'നുസാന്തര'യുടെ രൂപകല്പനയെന്നും 65 ശതമാനം പ്രദേശങ്ങളിൽ വീണ്ടും വനവത്കരിക്കുമെന്നും അധികൃതർ പറയുന്നു.

തലസ്ഥാനം മാറ്റുന്നതിന് പിന്നില്‍?

ഏകദേശം പത്ത് ദശലക്ഷം ആളുകൾ വസിക്കുന്ന ജക്കാർത്ത, ലോകത്ത് ഏറ്റവും വേഗത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന നഗരമാണ്. 2050-ഓടെ നഗരത്തിന്റെ മൂന്നിൽ ഒന്ന് പ്രദേശം വെള്ളിത്തനടിയിലാകുമെന്നാണ് കരുതപ്പെടുന്നത്. ഇത് തന്നെയാണ് സ്വതന്ത്രമായ കാലം മുതൽ തലസ്ഥാനമായിരുന്ന ജക്കാർത്തയിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് മാറാനുള്ള തീരുമാനത്തിന് പിന്നില്‍.

ത്രികോണാകൃതിയിലുള്ള അഴിപ്രദേശത്ത് (DELTA) പടുത്തുയർത്തിയിരിക്കുന്ന ജക്കാർത്തൻ നഗരത്തിലെ 40 ശതമാനവും സമുദ്രനിരപ്പിന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. അനിയന്ത്രിതമായ ഭൂഗർഭ ജലചൂഷണവും കാലാവസ്ഥാ വ്യതിയാനം മൂലം ഉയർന്നുവരുന്ന ജാവ കടലും കാര്യങ്ങൾ കൂടുതൽ വഷളാക്കികൊണ്ടിരിക്കുകയാണ്. ഇതിനുപുറമെയാണ് വൻതോതിൽ മലിനീകരിക്കപ്പെട്ട വായുവും ഭൂഗർഭ ജലവും. കൂടാതെ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും അഴുക്കുജലം ഒഴുകിപ്പോകാനുള്ള തടസവുമെല്ലാം സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കനാലിലൂടെയുള്ള വെള്ളമൊഴുക്ക് സാധാരണ ഗതിയിലാക്കാൻ മാത്രം പ്രതിവർഷം 4.5 ബില്യൺ ഡോളറാണ് ചെലവാകുന്നത്.

ജക്കാർത്തയിലെ ജനങ്ങൾ ദൈനംദിന ആവശ്യങ്ങൾക്കുള്ള വെള്ളത്തിനായി കുഴൽകിണറുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ജനസംഖ്യ ഉയർന്നതോടെ കുഴൽകിണറുകളുടെ എണ്ണവും വർധിച്ചു. കൂടുതൽ ഭൂഗർഭ ജലം വലിച്ചെടുക്കാൻ ആരംഭിച്ചതോടെയാണ് കരഭാഗം താഴാൻ തുടങ്ങിയതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഇതിനോടകം തന്നെ അഞ്ച് ഗ്രാമങ്ങളിൽ നിന്നായി നൂറോളം തദ്ദേശീയരാണ് കുടിയിറക്കപ്പെട്ടത്

പുതിയ തലസ്ഥാനനഗരിയുടെ നിർമാണം

ഒരു സുസ്ഥിര നഗരം എന്ന രീതിയിലാകും പുതിയ തലസ്ഥാന നഗരിയെന്നാണ് പ്രസിഡന്റ് ജോകോ വിഡോഡോയുടെ പ്രഖ്യാപനം. 'വനനഗരം' എന്ന ആശയത്തിലൂന്നിയാകും 'നുസാന്തര'യുടെ രൂപകല്പനയെന്നും 65 ശതമാനം പ്രദേശങ്ങള്‍ വനവത്കരിക്കുമെന്നും അധികൃതർ പറയുന്നു. ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് അടുത്ത വർഷം ഓഗസ്റ്റ് 17 ന് നഗരം ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒറാങ്ങുട്ടാന്‍

പരിസ്ഥിതിവാദികളുടെ ആശങ്ക

കലിമന്തൻ പ്രവിശ്യയുടെ 2,56,000 ഹെക്ടറിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഈ മേഖലകളിൽ വസിക്കുന്ന ഒറാങ്ങുട്ടാനെ പോലുള്ള അപൂർവ ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രധാനമായി ഉയരുന്ന വാദം. ഈ പ്രദേശത്തെ വനമേഖലകൾ 'ഉത്പാദന വന'ങ്ങളാണ് (വന ഉത്പന്നങ്ങൾക്കായി മനുഷ്യർ ആശ്രയിക്കുന്നവ). ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ അവയുടെ നശീകരണത്തിലേക്ക് നയിച്ചേക്കാം. കൂടാതെ മറ്റ് വനമേഖലകളുടെ സുരക്ഷയുടെ കാര്യത്തിലും ഇതുവരെ ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

തദ്ദേശീയ സമൂഹങ്ങളെ എങ്ങനെ ബാധിക്കും?

ഇതിനോടകം തന്നെ അഞ്ച് ഗ്രാമങ്ങളിൽ നിന്നായി നൂറോളം തദ്ദേശീയരാണ് കുടിയിറക്കപ്പെട്ടത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് അവരുടെ വീടുകള്‍ നഷ്ടപ്പെട്ടേക്കും. അതേസമയം, പുതിയ നഗരിയുടെ നിർമാണത്തിന് പ്രാദേശിക സമുദായ നേതാക്കളുടെ പിന്തുണയുണ്ടെന്നും ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നുമാണ് സർക്കാരിന്റെ പക്ഷം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും