WORLD

സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനാകുന്നു; മോചനം 19 വര്‍ഷങ്ങള്‍ക്കുശേഷം

വടക്കൻ അമേരിക്കയിൽ നിന്നുള്ള രണ്ട് ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയതിന് 2003ലാണ് ശോഭരാജ് നേപ്പാളിൽ ശിക്ഷിക്കപ്പെടുന്നത്

വെബ് ഡെസ്ക്

കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനാകുന്നു. 19 വർഷമായി നേപ്പാൾ ജയിലിൽ തടവിലായിരുന്നു ശോഭരാജ്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നേപ്പാൾ സുപ്രീംകോടതി അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. വടക്കൻ അമേരിക്കയിൽ നിന്നുള്ള രണ്ട് ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയതിന് 2003ലാണ് ശോഭരാജ് നേപ്പാളിൽ ശിക്ഷിക്കപ്പെടുന്നത്. ഇനിയും ജയിലിൽ പാർപ്പിക്കുന്നത് തടവുകാരന്റെ മനുഷ്യാവകാശം ലംഘിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മറ്റ് കേസുകളൊന്നും തടസ്സമാകുന്നില്ല എങ്കിൽ ബുധനാഴ്ച തന്നെ ശോഭരാജിനെ വിട്ടയയ്ക്കണമെന്നും 15 ദിവസത്തിനുള്ളിൽ സ്വന്തം രാജ്യത്തേക്ക് തിരിച്ച് പോകണമെന്നും കോടതി ഉത്തരവിട്ടു.

ഇന്ത്യയിലെത്തിയ ഫ്രഞ്ച് ടൂറിസ്റ്റിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ 1976ൽ ശോഭരാജ് അറസ്റ്റിലാകുകയും 12 വർഷം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു

ഏഷ്യയിൽ അങ്ങോളമിങ്ങോളം നടന്ന 20ഓളം കൊലപാതകങ്ങളിലെ മുഖ്യ പ്രതിയാണ് ഫ്രഞ്ച് സ്വദേശിയായ ശോഭരാജ്. കുട്ടിക്കാലത്ത് നിരവധി തവണ ശോഭരാജ് ചെറിയ കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അതിന് ശേഷം 1970കളുടെ തുടക്കത്തിലാണ് തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ എത്തുന്നത്. ഇരകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം മയക്കുമരുന്ന് നൽകി കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു ശോഭരാജിന്റെ രീതി. കൂടുതൽ പാശ്ചാത്യ ടൂറിസ്റ്റുകളായിരുന്നു ശോഭരാജിന്റെ ഇരകൾ.

1975ലാണ് ശോഭരാജ് ആദ്യ കൊലപാതകം നടത്തുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ പട്ടായയിൽ വെച്ച് അമേരിക്കൻ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ഇരകളെ കഴുത്ത് ഞെരിച്ചു കൊല്ലുകയോ കത്തിക്കുകയോ ചെയ്യും. കൂടാതെ കൊലചെയ്ത പുരുഷന്മാരുടെ പാസ്‌പോർട്ടുകളാണ് അടുത്ത സ്ഥലത്തേക്ക് യാത്ര ചെയ്യാൻ ശോഭരാജ് ഉപയോഗിച്ചിരുന്നത്.

ഇന്ത്യയിലെത്തിയ ഫ്രഞ്ച് ടൂറിസ്റ്റിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ 1976ൽ ശോഭരാജ് അറസ്റ്റിലാകുകയും 12 വർഷം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. 1986ൽ ജയിൽ ചാടിയെങ്കിലും പിടിക്കപ്പെട്ടു. ആകെ 21 വർഷം ശോഭരാജ് ഇന്ത്യൻ ജയിലില്‍ കഴിഞ്ഞു.

1997ൽ ജയിൽ മോചിതനായ ശേഷം പാരിസിലേക്ക് തിരികെ പോയ ശോഭരാജ് പിന്നീട് 2003ൽ നേപ്പാളിലാണ് പ്രത്യക്ഷപ്പെടുന്നത്. കാഠ്മണ്ഡുവിൽ അറസ്റ്റിലാകുന്ന ശോഭരാജിനെ 1975ൽ നടത്തിയ ഒരു കൊലപാതകത്തിൽ നേപ്പാൾ കോടതി ശിക്ഷിച്ചു. അതിന് ശേഷം ശോഭരാജ് ചെയ്ത പല കൊലപാതകങ്ങള്‍ തെളിയുകയും ശിക്ഷ കാലാവധി നീളുകയും ചെയ്തു. അതിനിടെ, 2008ൽ നേപ്പാളിലെ തന്റെ അഭിഭാഷകന്റെ മകളായ നിഹിത ബിശ്വാസിനെ ജയിലിൽ വെച്ച് വിവാഹം കഴിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ