WORLD

ഇക്വഡോറിൽ ആഭ്യന്തര സംഘർഷം, അടിയന്തരാവസ്ഥ; ന്യൂസ് ചാനൽ ലൈവിൽ ആയുധധാരികളായ അക്രമിസംഘം

വെബ് ഡെസ്ക്

ആഭ്യന്തര സംഘർഷം രൂക്ഷമായ ഇക്വഡോറിൽ ക്രമസമാധാന നില പാടെ തകര്‍ന്നതിനു പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപനം. രാജ്യത്ത് അക്രമികൾ അഴിഞ്ഞാടുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ലോസ് കോൺറോസ് ക്രിമിനൽ സംഘത്തലവൻ അഡോൾഫോ മക്കിയാസിനെ ജയിലിൽനിന്ന് കാണാതായതിനെത്തുടർന്നാണ് രാജ്യത്ത് സംഘർഷം ആരംഭിച്ചത്

ആയുധധാരികളായ ഒരു സംഘം രാജ്യത്തെ പ്രധാനപ്പെട്ട ടെലിവിഷൻ ചാനലായ ടിസിയുടെ സ്റ്റുഡിയോയിൽ കയറി തോക്കുചൂണ്ടി മാധ്യമപ്രവർത്തകരെ ബന്ദികളാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തോക്കുചൂണ്ടി ജീവനക്കാരെ നിലത്തുകിടത്തി കൈകൾ ബന്ധിക്കുന്നതും ആളുകൾ ഭയപ്പെട്ട് കരയുന്നതും ദൃശ്യങ്ങളിൽ കാണാം.

കറുത്ത വസ്ത്രം ധരിച്ചും മുഖം മറച്ചുമുള്ള ആയുധധാരികളെ ടിവി ചാനൽ ലൈവിൽ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം. ചാനലിലെ ഏതെങ്കിലും ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല.

തന്റെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ലെന്ന് ടിസി ടെലിവിഷൻ ചാനലിന്റെ ഹെഡ് ഓഫ് ന്യൂസ് ആയിരുന്ന അലീന മൻറിക് പറയുന്നു. അലീനയുടെ തലയ്ക്കുനേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു. "എല്ലാം തകർന്നു.. എനിക്കിപ്പോൾ മനസിലാകുന്ന ഒരേയൊരു കാര്യം ഈ രാജ്യം വിട്ടുപോകേണ്ട സമയമായി എന്നതാണ്," അലീന പറഞ്ഞു.

നിലവിലെ സാഹചര്യം ഇക്വഡോർ ദേശീയ പോലീസ് സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിച്ചു. സംഭവസ്ഥലത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചതായും 13 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. ടെലിവിഷൻ സ്റ്റുഡിയോയിൽ അതിക്രമിച്ച് കടന്ന നിരവധിപേരുടെ കൈകൾ ബന്ധിച്ച നിലയിലുള്ള ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു.

ലോസ് കോൺറോസ് ക്രിമിനൽ സംഘത്തലവൻ അഡോൾഫോ മക്കിയാസിനെ ജയിലിൽനിന്ന് കാണാതായതിനുപിന്നാലെ ഏഴോളം പോലീസ് ഉദ്യോഗസ്ഥരെ അക്രമികൾ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. നിരവധി നഗരങ്ങളില്‍ ബോംബ് സ്ഫോടനങ്ങളും ജയിലുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടവിലാക്കപ്പെടുന്ന സാഹചര്യവുമുണ്ടായി.

സ്ഥിതിഗതികള്‍ രൂക്ഷമായതിന് പിന്നാലെ ഇക്വഡോർ പ്രസിഡന്റ് ഡാനിയൽ നൊബോവ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്ത് ആഭ്യന്തര സായുധ സംഘർഷമാണ് നിലനിൽക്കുന്നതെന്നും പ്രസിഡന്റ് വിശദീകരിക്കുന്നു. തീവ്രവാദ ബന്ധമുള്ള 22 സംഘടനകളുടെ വേരറുക്കാനുള്ള നിർദേശം പ്രസിഡന്റ് പോലീസിന് നൽകിയതായാണ് പുറത്തുവരുന്ന വിവരം.

ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സായുധസേനയ്ക്ക് എല്ലാവിധ അധികാരങ്ങളും ഇക്വഡോർ സർക്കാർ നൽകിയിരിക്കുകയാണ്. ലഹരിവസ്തുക്കളുടെ അനിയന്ത്രിതമായ നീക്കം ഇപ്പോഴുള്ള സ്ഥിതി കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്തെ തെരുവുകളിലും ജയിലുകളിലും തുടർച്ചയായി അക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് നോബോവ പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞ നവംബറിൽ വരുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും