ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിനെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ വംശഹത്യ കേസില്‍ വിധി പുറപ്പെടുവിച്ച് അന്താരാഷ്ട്ര കോടതി (ഐസിജെ). വംശഹത്യ ആരോപിച്ചുള്ള കേസ് കോടതി തള്ളിക്കളയില്ലെന്നും മതിയായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. ഗാസയിലെ വംശഹത്യ തടയാന്‍ ഇസ്രയേല്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, വെടിനിര്‍ത്തലിനുള്ള ഉത്തരവ് നല്‍കുന്നത് കോടതി അവസാനിപ്പിക്കുകയും ചെയ്തു. വംശഹത്യ ആരോപണങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് കോടതി നിലവില്‍ ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. അത്തരമൊരു തീരുമാനത്തിലെത്താന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് വിലയിരുത്തല്‍.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലെ ഹമാസ് ആക്രമണം പരാമര്‍ശിച്ചാണ് അന്താരാഷ്ട്ര കോടതിയുടെ പ്രസിഡന്റായ ജഡ്ജി ജോണ്‍ ഡോണോഗ് വിധി പ്രസ്താവിച്ചത്. കേസില്‍ ഉത്തരവിടാന്‍ അധികാരമുണ്ടെന്ന് പറഞ്ഞ കോടതി ഗാസ മുനമ്പിലെ വംശഹത്യ തടയണമെന്നും അതിന് പ്രേരിപ്പിച്ചവരെ ശിക്ഷിക്കണമെന്നും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഗാസയിലെ വംശഹത്യ തടയാന്‍ ഇസ്രയേല്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മുനമ്പിലേക്ക് മാനുഷിക സഹായമെത്തിക്കുവാനും പലസ്തീനികളെ സംരക്ഷിക്കുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
''വംശഹത്യയില്‍ നിന്നും രക്ഷനേടാനുള്ള പലസ്തീനിന്റെ അവകാശത്തെ അംഗീകരിക്കുന്നു. ഇസ്രയേലിന്റെ സൈനിക ആക്രമണം നിരവധിപ്പേരെ കൊലപ്പെടുത്തി. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. വീടുകള്‍ നശിച്ചു. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിലേക്ക് നയിച്ചു. പ്രദേശത്ത് നടക്കുന്ന മാനുഷിക ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് നന്നായി അറിയാം. ഗാസയിലെ മനുഷ്യരുടെ കഷ്ടപ്പാടുകളില്‍ ഉത്കണ്ഠയുണ്ട്,'' കോടതി പറയുന്നു. ഐക്യരാഷ്ട്ര സഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്‌സിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഗാസ മരണത്തിന്റെയും നിരാശയുടെയും സ്ഥലമായി മാറിയെന്നും ജോണ്‍ ഡോണോഗ് പരാമര്‍ശിച്ചു.
അതേസമയം, ഒരു രാജ്യവും നിയമങ്ങള്‍ക്ക് മുകളിലല്ലെന്ന ഓര്‍മപ്പെടുത്തലാണ് വിധിയെന്നും, സ്വാഗതം ചെയ്യുന്നുവെന്നും പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രയേലിനെ ഒറ്റപ്പെടുത്താനും ഗാസയില്‍ അവര്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ തുറന്ന് കാട്ടുന്നതുമാണ് കോടതിയുടെ ഉത്തരവെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ സമി അബു സുഹ്രി പ്രതികരിച്ചു.
അന്താരാഷ്ട്ര നിയമത്തിന്റെ നിര്‍ണായക വിജയമാണിതെന്നാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ പ്രതികരണം. പെട്ടെന്നുള്ള വിധിക്ക് കോടതിക്ക് നന്ദി പറഞ്ഞ ദക്ഷിണാഫ്രിക്ക താല്‍ക്കാലിക നടപടികളെ സ്വാഗതം ചെയ്യുന്നുവെന്നും ഉത്തരവിനെതിരെ ഇസ്രയേല്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. പലസ്തീന്‍ ജനതയുടെ നീതിക്ക് വേണ്ടിയുള്ള സുപ്രധാന നാഴികകല്ലാണിതെന്നും ദക്ഷിണാഫ്രിക്ക അഭിപ്രായപ്പെട്ടു.