WORLD

ലെബനനിലെ പേജർ സ്ഫോടനം: അന്വേഷണം മലയാളിയായ നോർവീജിയൻ യുവാവിലേക്കും

വെബ് ഡെസ്ക്

ലെബനനിലെ പേജർ സ്‌ഫോടനത്തെ കുറിച്ചുള്ള അന്വേഷണം മലയാളിയായ നോർവീജിയൻ പൗരൻ റിൻസൺ ജോസിലേക്കും. സ്‌ഫോടനത്തിന് ഉപയോഗിച്ച പേജറുകൾ വാങ്ങാൻ ഇസ്രയേലിനെ സഹായിച്ചവരുടെ കൂട്ടത്തിൽ റിൻസൻ ജോസ് എന്ന മുപ്പത്തിയൊയൊൻപതുകാരനും ഉണ്ടെന്നാണ് സംശയിക്കുന്നത്. ഒരു ബൾഗേറിയൻ ഷെൽ കമ്പനിയുടെ ഉടമയാണ് റിൻസൺ. അദ്ദേഹമാണ് ഇസ്രയേലിന്റെ ഷെൽ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിൽ നിർമിച്ചുവെന്ന് കരുതപ്പെടുന്ന പേജറുകൾ ഹിസ്‌ബുള്ളയ്ക്ക് കൈമാറാൻ ഇടനില നിന്നതെന്നാണ് റിപ്പോർട്ട്.

പേജർ സ്ഫോടനമുണ്ടായ ദിവസം മുതൽ റിൻസനെ കാണാനില്ലെന്നാണ് വിവരം. പേജറുകൾ ഉപയോഗിച്ച് സ്ഫോടനം നടത്താനുള്ള ഇസ്രയേലിന്റെ രഹസ്യ ഗൂഢാലോചനയെ കുറിച്ച് റിൻസണ് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, ഇസ്രയേലി സുരക്ഷാ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്നയാളായിരുന്നു ക്രിസ്റ്റ്യാന ആർസിഡിയാക്കോണോ-ബാർസണി എന്നും അദ്ദേഹത്തിന്റെ അറിവുണ്ടായിരുന്നില്ല. കേരളത്തിൽ ജനിച്ച റിൻസൺ ജോസ് നോർവേ പൗരനാണ്. നോർവേ പോലീസാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അറിയിച്ചത്.

റിൻസൺ ജോസിൻ്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. ബൾഗേറിയൻ തലസ്ഥാനമായാ സോഫിയയിലെ ഒരു റെസിഡൻഷ്യൽ വിലാസത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവർ മുഖേനയാണ് ഇസ്രയേലിന്റെ ഷെൽ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിൽനിന്ന് ഹിസ്‌ബുള്ളയ്ക്ക് പേജറുകൾ കൈമാറിയത്. ഒപ്പം പേജറുകളുടെ പണമിടപാടും റിൻസന്റെ നോർട്ട ഗ്ലോബൽ വഴിയാണ് നടന്നിട്ടുള്ളതെന്നും ബൾഗേറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ പുറത്തുവന്ന ശേഷം നോർട്ട ഗ്ലോബൽ വെബ്സൈറ്റും അപ്രത്യക്ഷമായിട്ടുണ്ട്.

സ്രോതസുകൾ പറയുന്നതനുസരിച്ച്, ബിഎസി കൺസൾട്ടിങ് കടലാസ് കമ്പനി മാത്രമാണ്. അവരുടെ ലോജിസ്റ്റിക്സ് എല്ലാം കൈകാര്യം ചെയ്തിരുന്നത് നോർട്ട ഗ്ലോബലാണ്. റിൻസന്റെ കമ്പനിയിൽ ജീവനക്കാരില്ലെന്നും ബൾഗേറിയൻ ഷെൽ കമ്പനി ഏജൻസിയായ ഏജന്റസ്യ സ നോവി ഫേമിയുമായി ബന്ധമുള്ള വിലാസത്തിൽനിന്നാണ് കമ്പനി പ്രവർത്തിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ.

അതേസമയം, ബിഎസി കൺസൾട്ടിങ്ങിൻ്റെ ഉടമയും സിഇഒയുമായ ക്രിസ്റ്റ്യാന ആർസിഡിയാക്കോണോ-ബാർസണിയും ആരോപണത്തോട് പ്രതികരിച്ചിട്ടില്ല. തൻ്റെ കമ്പനി ഗോൾഡ് അപ്പോളോയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ പേജറുകളുടെ നിർമ്മാണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ബുധനാഴ്ച അവർ പറഞ്ഞിരുന്നു.

ചെപ്പോക്കില്‍ ചിതറി ബംഗ്ലാദേശ്; ഇന്ത്യയ്ക്ക് 227 റണ്‍സിന്റെ കൂറ്റൻ ലീഡ്

തിരുപ്പതി ലഡു വിവാദം; ആന്ധ്ര സര്‍ക്കാരിനോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ

ഹേമ കമ്മിറ്റി റിപ്പോർട്ട്‍; പോക്സോ സ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസെടുക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം; പുറത്തിറങ്ങുന്നത് ഏഴര വര്‍ഷത്തിനുശേഷം

ബംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ജഡ്ജിയുടെ നടപടി; സ്വമേധയ ഇടപെട്ട് സുപ്രീം കോടതി, റിപ്പോര്‍ട്ട് തേടി