WORLD

'26 ദിവസത്തിനിടെ ഇറാൻ നടപ്പാക്കിയത് 55 വധശിക്ഷ': ഭീതി വിതച്ച് പ്രക്ഷോഭം അടിച്ചമർത്താൻ നീക്കമെന്ന് ആരോപണം

ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്നവരെ വരുതിയിലാക്കുകയും സമൂഹത്തിൽ ഭീതി സൃഷ്ടിക്കുകയുമാണ് ഇറാന്‍ നടപടികളുടെ പ്രധാന ലക്ഷ്യമെന്നും എൻജിഒ

വെബ് ഡെസ്ക്

ജനകീയ പ്രക്ഷോഭം നടക്കുന്ന ഇറാനിൽ 26 ദിവസത്തിനിടെ ഭരണകൂടം തൂക്കിലേറ്റിയത് 55 പേരെ. നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് (ഐഎച്ച്ആർ) എന്ന എൻജിഒയാണ് കണക്കുകൾ പുറത്തുവിട്ടത്. ന്യായമായ വിചാരണ അവകാശങ്ങൾ പോലും അനുവദിക്കാതെയാണ് ശിക്ഷാ നടപടികൾ നടക്കുന്നത്. ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്നവരെ വരുതിയിലാക്കുകയും സമൂഹത്തിൽ ഭീതി സൃഷ്ടിക്കുകയുമാണ് ഇറാന്‍ നടപടികളുടെ പ്രധാന ലക്ഷ്യമെന്നും എൻജിഒ ആരോപിക്കുന്നു.

ഇറാനിലെ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ ആരംഭിച്ച ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ നാല് യുവാക്കൾ തൂക്കിലേറ്റപ്പെട്ടിരുന്നു. പോലീസ് കസ്റ്റഡിയിൽ അവരെല്ലാം "ക്രൂരമായ പീഡനത്തിന്" ഇരയായതായി മനുഷ്യാവകാശ സംഘടനായ ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തിരുന്നു. അതിനെ ശരിവെക്കുന്ന തരത്തിലാണ് ഐഎച്ച്ആർ റിപ്പോര്‍ട്ട്. 2023ൽ മാത്രം 55 വധശിക്ഷകൾ നടന്നുവെന്നത് സ്ഥിരീകരിക്കപ്പെട്ട വിവരമാണെന്ന് ഐഎച്ച്ആർ പറയുന്നു.

ഇറാൻ നടപ്പാക്കുന്ന വധശിക്ഷകൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. ഇത്തരം ശിക്ഷകളെ നിർത്തലാക്കണമെങ്കിൽ എല്ലാത്തരം വധ ശിക്ഷകളും അവസാനിപ്പിക്കണമെന്ന് ഐഎച്ച്ആർ ഡയറക്ടര്‍ പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുള്ള പ്രതികരണങ്ങളുടെ അഭാവവും ഇറാന്റെ ഇത്തരം നടപടികൾക്ക് ഇന്ധനം പകരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐഎച്ച്ആറിന്റെ കണക്കുകൾ പ്രകാരം, 2021ല്‍ ഇറാനിൽ 333 പേരെയാണ് വധിച്ചത്. ഇതിൽ 83 ശതമാനം കേസുകളുടെ കണക്കും അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇറാൻ ഭരണകൂടത്തിന്റെ കർശന ഇസ്ലാമിക നിയമങ്ങൾക്കെതിരെയാണ് നിലവിലെ ജനകീയ പ്രക്ഷോഭങ്ങൾ. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ 64 കുട്ടികളും 39 സ്ത്രീകളുമടക്കം 488 പേരാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട 107 പേർ വധഭീഷണി നേരിടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ധത്തിനിടെ മാത്രം 7040 പേർ ഇറാനിൽ വധിക്കപ്പെട്ടിട്ടുണ്ട്. തൂക്കിലേറ്റപ്പെട്ട സ്ത്രീകളുടെ എണ്ണത്തിലും ഇറാൻ മുൻപന്തിയിലാണ്. 2010 മുതൽ 187 സ്ത്രീകളാണ് ഇറാനിൽ തൂക്കിലേറ്റപ്പെട്ടത്.

സെപ്റ്റംബർ 16നാണ് ഇറാൻ മതകാര്യ പോലീസ് കസ്റ്റഡിയിൽ മഹ്‌സ അമിനി കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുൻപ് തലസ്ഥാന നഗരമായ ടെഹ്റാനിൽ നിന്ന് ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരിലായിരുന്നു അമിനിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഹൃദയാഘാതം വന്നാണ് അമിനി മരിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ പോലീസിന്റെ മർദ്ദനത്തിൽ ആണ് അമിനി കൊല്ലപ്പെട്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രക്ഷോഭത്തെ തുടർന്ന് മത പോലീസ് സംവിധാനം ഇറാൻ പിൻവലിച്ചിരുന്നു. എന്നാൽ പ്രതിഷേധം തുടരുകയാണ്. കർശനമായി ഇസ്ലാമിക നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ