WORLD

ഇറാനിൽ അറസ്റ്റ് തുടരുന്നു: പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് ഓസ്കാർ ചിത്രത്തിലെ നായിക തരാനേ അലിദോസ്തി തടവിൽ

വെബ് ഡെസ്ക്

ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ഏതുവിധേനയും അടിച്ചമർത്തുന്ന ഇറാനിൽ ഓസ്കാർ പുരസ്‌കാരം നേടിയ ചിത്രത്തിലെ നായികയും അറസ്റ്റിൽ. പ്രശസ്ത ഇറാനിയൻ അഭിനേതാവ് തരാനേ അലിദോസ്തിയെയാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് അധികൃതർ തടവിലാക്കിയിരിക്കുന്നത്. പ്രതിഷേധങ്ങളെ കുറിച്ച് 'തെറ്റായ കാര്യങ്ങൾ' പ്രചരിപ്പിച്ചു എന്ന കുറ്റമാണ് അലിദോസ്തിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഷേധത്തിൽ പങ്കാളിയായതിന്റെ പേരിൽ ഒരാളെ വധിച്ചതിനെ അപലപിച്ച് അലിദോസ്തി കഴിഞ്ഞയാഴ്ച ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. 2016ൽ ഓസ്കാർ നേടിയ ചിത്രമായ 'ദി സെയിൽസ്മാനിലെ' നായികയാണ് അലിദോസ്തി.

2016ൽ ഓസ്കാർ നേടിയ ചിത്രമായ 'ദി സെയിൽസ്മാനിലെ' നായികയാണ് അലിദോസ്തി.

മൊഹ്‌സെൻ ശേഖരിയുടെ വധശിക്ഷയ്‌ക്കെതിരെ ശബ്ദിക്കാത്തതിന് ചില അന്താരാഷ്ട്ര സംഘടനകളെ ലക്ഷ്യമിട്ട് കൊണ്ട് കൂടിയായിരുന്നു അലിദോസ്തിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ടെഹ്‌റാനിലെ ഒരു പ്രധാന റോഡിൽ തടസ്സം സൃഷ്ടിക്കുകയും ഒരു അർദ്ധസൈനിക സേനയിലെ അംഗത്തെ വെട്ടുകത്തികൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ഇറാൻ ഭരണകൂടം മൊഹ്‌സെനെ തൂക്കിലേറ്റിയത്.

പ്രക്ഷോഭം അമേരിക്കയുടെയും മറ്റ് വിധ്വംസക ശക്തികളുടെയും ഗൂഢാലോചനയുടെ ഭാഗമനാണെന്നാണ് ഇറാന്റെ പ്രതികരണം

'അവന്റെ പേര് മൊഹ്‌സെൻ ശേഖരി എന്നാണ്. ഈ രക്തച്ചൊരിച്ചിൽ കണ്ടിട്ടും അതിൽ പ്രതികരിക്കാത്ത അന്താരാഷ്ട്ര സംഘടനകൾ എല്ലാം മനുഷ്യരാശിക്ക് അപമാനമാണ്'എന്നെഴുതിയ പോസ്റ്റായിരുന്നു അലിദോസ്തി പങ്കുവെച്ചത്. എട്ടു ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ടും നിലവിൽ പ്രവർത്തനരഹിതമാണ്.

മഹ്‌സ അമിനിയുടെ കൊലപാതകത്തെ തുടർന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത് മുതൽ ഇറാൻ ഭരണകൂടത്തിനെതിരെ അലിദോസ്തി നിരന്തര വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം അറിയിക്കാനായി ഹിജാബ് ധരിക്കാതെയുള്ള ചിത്രം കഴിഞ്ഞ മാസം അലിദോസ്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

1979 ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഇറാൻ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് രാജ്യത്ത് നിലവിൽ അരങ്ങേറുന്നത്. പ്രക്ഷോഭത്തെ അടിച്ചമർത്താനായി പ്രതിഷേധക്കാരെ തടവിലാക്കുകയും വധശിക്ഷകൾ നടപ്പാകുകയുമാണ് ഇറാൻ ഭരണകൂടം. കൂടാതെ പ്രക്ഷോഭം അമേരിക്കയുടെയും മറ്റ് വിധ്വംസക ശക്തികളുടെയും ഗൂഢാലോചനയുടെ ഭാഗമനാണെന്നാണ് ഇറാന്റെ പ്രതികരണം.

സുരക്ഷാ സേനയിലെ രണ്ട് അംഗങ്ങളെ കൊന്നുവെന്നാരോപിച്ച് മജിദ്രേസ രഹ്നവാർഡെന്ന യുവാവിനെ വധിച്ചത് ആഗോള തലത്തിൽ തന്നെ ചർച്ചാ വിഷയമായിരുന്നു. വധശിക്ഷ നടപ്പാക്കി ദിവസങ്ങൾക്ക് ശേഷം മജിദ്രേസയുടെ പുറത്തുവന്ന വീഡിയോയും വൈറൽ ആയിരുന്നു. ഇതിനോടകം തന്നെ നിരവധി സെലിബ്രിറ്റികളാണ് ഇറാനിൽ നടക്കുന്ന ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?