ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകള്‍ക്ക് വിചിത്ര ശിക്ഷാ വിധികളുമായി ഇറാന്‍ സര്‍ക്കാര്‍. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ മാനസികരോഗമാരോപിച്ച് കൗണ്‍സിലിങ്ങിനയയ്ക്കുകയും മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ പരിപാലിക്കാനയക്കുകയും ചെയ്യുന്നു. ഇറാന്‍ ഭരണകൂടം ഇതിനായി മാനസിക രോഗത്തിനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതായി ആരോഗ്യ സംരക്ഷണ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഹിജാബ് ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ഇറാന്‍ ഭരണകൂടം സ്ത്രീകള്‍ക്കെതിരെ കര്‍ശനമായ അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടരുകയാണ്.
ഹിജാബ് ധരിക്കാത്ത ഫോട്ടോകള്‍ നിരന്തരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും അടുത്തിടെ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തതിന് ഇറാനിയന്‍ നടി ബയേഗനെ ശിക്ഷിച്ചിരുന്നു. രണ്ട് വര്‍ഷത്തെ തടവിനൊപ്പം അവരുടെ 'വ്യക്തിത്വ വൈകല്യം' ഭേദമാക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ മാനസിക കേന്ദ്രത്തില്‍ ചികിത്സ തേടാനും കോടതി ശിക്ഷ വിധിച്ചു. ഹിജാബ് ധരിക്കാതെ വാഹനമോടിച്ചതിന് മറ്റൊരു സ്ത്രീക്ക് ലഭിച്ച ശിക്ഷ ഒരു മാസത്തോളം മോര്‍ച്ചറിയിൽ ശവങ്ങളെ പരിപാലിക്കാനായിരുന്നു.
''മഹ്‌സ അമ്‌നിയുടെ കസ്റ്റഡി മരണത്തിന് ശേഷം രാജ്യത്തെ നിരവധി സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് ഉപേക്ഷിക്കുന്നുണ്ട്. അതിനാല്‍ ബയേഗന് ലഭിച്ച ശിക്ഷ നല്ലൊരു മാതൃകയാണ്'', ഇറാന്‍ സ്‌പെഷ്യലിസ്റ്റും യൂണിവേഴ്‌സിറ്റി പാരിസ് സൈറ്റിലെ പ്രൊഫസറുമായ അസാദെ കിയാന്‍ പ്രതികരിച്ചു. 2022 സെപ്റ്റംബറില്‍ ആണ് ശരിയായ രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മഹ്‌സ അമ്‌നിയെ ഇറാന്‍ സദാചാര പോലീസ് കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ ഇറാനിലെ നിരവധി സെലിബ്രെറ്റികളും അത്‌ലെറ്റുകളും സാധാരണക്കാരും മഹ്‌സ അമ്‌നിക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തുവന്നു.
ശവസംസ്‌കാര ചടങ്ങില്‍ ഹിജാബിന് പകരം തൊപ്പി ധരിച്ചതിന് നടി അസേദ സമദിക്കും ഇറാനിയിന്‍ കോടതിയുടെ വിചിത്ര ശിക്ഷാവിധി നേരിടേണ്ടി വന്നു. അവര്‍ക്ക് 'സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യം'' ഉണ്ടെന്ന് കോടതി സ്വയം രോഗ നിര്‍ണയം നടത്തുകയും, ആഴ്ചതോറും ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടാന്‍ ഉത്തരവിടുകയും ചെയ്തു.
അധികാരികള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി മനഃശാസ്ത്രത്തെ ചൂഷണം ചെയ്യുകയാണെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്.
ഇറാന്‍ ഭരണകൂടത്തിന്റെ വിചിത്രമായ ശിക്ഷാ വിധിക്കെതിരെ മാനസികാരോഗ്യ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇറാനിലെ നാല് മാനസികാരോഗ്യ സംഘടനയുടെ പ്രസിഡന്റുമാര്‍ രാജ്യത്തെ ജൂഡീഷ്യറി തലവന്‍ ഘോഘം ഹുസൈന്‍ മൊഹ്‌സൈനിക്ക് തുറന്ന കത്തയച്ചു. അധികാരികള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി മനഃശാസ്ത്രത്തെ ചൂഷണം ചെയ്യുകയാണെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്. മാനസികാരോഗ്യ തകരാറുകള്‍ കണ്ടെത്തുന്നത് മാനസിക വിദഗ്ധരുടെ ഉത്തരവാദിത്തമാണെന്നും, ജഡ്ജിമാരുടേതല്ലെന്നും കത്തില്‍ പറയുന്നു.
ഇതു കൂടാതെ ഹിജാബ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഇറാന്‍ ഭരണകൂടം വേറെയും നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഹിജാബ് ധരിക്കാത്തവര്‍ക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. ഹിജാബ് ധരിക്കാതെ വാഹനമോടിക്കുന്നത് കണ്ടാല്‍ അവര്‍ക്ക് നോട്ടീസ് അയക്കുകയും വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നു. അത്തരം സ്ത്രീകളെ പിരിച്ചു വിടാന്‍ തൊഴിലുടമകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്. ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് ആശുപത്രി ചികിത്സ പോലും നിഷേധിക്കുകയും അവര്‍ക്ക് ഭക്ഷണം കൊടുക്കുന്ന കടകള്‍ അടച്ചു പൂട്ടിക്കുകയും ചെയ്യുന്നു. ഹിജാബ് നിയമത്തെ മറികടക്കാന്‍ ശ്രമിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള നീക്കം ഇറാന്‍ ഭരണകൂടം ശക്തമാക്കുകയാണ്.