അന്താരാഷ്ട്ര സമൂഹത്തിന്റെ എതിർപ്പുകൾക്കിടയിലും വീണ്ടും വധശിക്ഷ നടപ്പിലാക്കി ഇറാൻ ഭരണകൂടം. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടയിൽ സൈനികനെ കൊലപ്പെടുത്തി എന്ന കുറ്റം ചാർത്തിയാണ് രണ്ടുപേരെ തൂക്കിലേറ്റിയത്. 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങൾ ആരംഭിച്ചതിന് ശേഷം നാലാമത്തെ വധ ശിക്ഷയാണ് ശനിയാഴ്ച ഇറാന്‍ നടപ്പാക്കിയത്.
വ്യാജ വിചാരണകൾ നടത്തി ജനകീയ പ്രക്ഷോഭകരെ ഭയപ്പെടുത്തുകയാണ് ഇറാന്‍ ഭരണകൂടത്തിന്റെ ലക്ഷ്യംആംനസ്റ്റി ഇന്റർനാഷണൽ
ബാസിജ് അർദ്ധസൈനിക സേനയിലെ അംഗത്തെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് മറ്റ് മൂന്ന് പേർക്ക് വധശിക്ഷയും 11 പേർക്ക് ജയിൽ ശിക്ഷയും വിധിച്ചിരുന്നു. റൂഹുള്ള അജാമിയന്റെ (സൈനികൻ) കൊലപാതകത്തിലേക്ക് നയിച്ച കുറ്റകൃത്യത്തിന് മുഹമ്മദ് മെഹ്ദി കറാമിയെയും സെയ്ദ് മുഹമ്മദ് ഹുസൈനിയെയും ശനിയാഴ്ച രാവിലെ തൂക്കിലേറ്റിയാതായി ഇറാന്റെ ഔദ്യോഗിക വാർത്ത മാധ്യമമായ ഐ എൻഎ ന്യൂസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.
ബലപ്രയോഗത്തിലൂടെയാണ് 22 കാരനായ കരാമിയെ കുറ്റം സമ്മതിപ്പിച്ചതെന്ന് ആംനസ്റ്റി ആരോപിച്ചു. ഹൊസെയ്‌നിയും ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്ന് അദേഹത്തിന്റെ അഭിഭാഷകൻ കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു. ഹൊസെയ്നിയുടെ കൈകളും കാലുകളും കെട്ടിയിട്ട് മർദിക്കുകയും തലയിൽ ചവിട്ടി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതാഘാതമേൽപ്പിച്ചു എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉയർത്തിയിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം ഇറാൻ അധികൃതർ നിഷേധിച്ചു.
വ്യാജ വിചാരണകൾ നടത്തി ജനകീയ പ്രക്ഷോഭകരെ ഭയപ്പെടുത്തുകയാണ് ഇറാന്റെ ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ മുൻപ് അഭിപ്രായപ്പെട്ടിരുന്നു. 26 പേരുടെയെങ്കിലും വധ ശിക്ഷയ്ക്ക് അധികൃതർ തയ്യാറെടുക്കുന്നതായും സംഘടന ആരോപിച്ചിരുന്നു. കോടതിയിൽ ലഭിക്കേണ്ട അവകാശങ്ങളെല്ലാം വധശിക്ഷ നേരിടുന്നവർക്ക് നിഷേധിക്കപ്പെട്ടതായും ആംനസ്റ്റി ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശ സംഘടനയായ എച്ച് ആർഎഎൻഎയുടെ വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 517 പ്രതിഷേധക്കാരാണ് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്. കൂടാതെ സുരക്ഷാ സേനയിലെ 68 അംഗങ്ങളും കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 300 പേരുടെ മരണം ഇറാൻ സർക്കാരും സമ്മതിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ 19,262 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായും കരുതപ്പെടുന്നു.