ഇസ്രയേൽ- ഇറാൻ ബന്ധം ഏറ്റുമുട്ടലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കേ സംഘർഷഭീതിയിലാഴ്ന്ന് പശ്ചിമേഷ്യ. ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ നടന്ന ആക്രമണമാണ് ഇറാനെ ചൊടിപ്പിച്ചത്. ഇറാൻ സൈന്യത്തിന്റെ പ്രധാന കമാൻഡർമാരിൽ ഒരാളായിരുന്ന മുഹമ്മദ് റെസ സഹേരി ഉൾപ്പെടെ ഏഴോളം പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനുപിന്നിൽ ഇസ്രയേലാണെന്നാണ് ഇറാന്റെ ആരോപണം.
ഇസ്രയേലിനെതിരെ ഇറാൻ്റെ ആക്രമണം 'ഉടൻ' ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വെള്ളിയാഴ്ച പറഞ്ഞിരുന്നു. അങ്ങനെയൊരു നടപടിക്ക് ഇറാൻ മുതിരരുതെന്നും അങ്ങനെയുണ്ടായാൽ ഇസ്രയേലിനൊപ്പം അമേരിക്ക അണിനിരക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. "ഇസ്രയേലിനെ സഹായിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇറാൻ ജയിക്കില്ല," ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈജിപ്ത്, ജോർദാൻ പോലെ മേഖലയിലെ പ്രധാനികളുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച രാത്രി ബന്ധപ്പെട്ടിരുന്നു. ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രകോപന നടപടികൾ മേഖലയിലെ ആർക്കും ഗുണം ചെയ്യില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘർഷഭീതിയെ തുടർന്ന് ഇറാനിലേക്കും ഇസ്രയേലിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യ, പോളണ്ട്, അമേരിക്ക, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ ഇറാന്റെ ആക്രമണം ഉണ്ടായേക്കാമെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രയേലിനെതിരെ നടപടിയെടുക്കാൻ ഐക്യരാഷ്ട്ര സഭ പോലും തയ്യാറാകാത്തതിനെ തുടർന്ന് തങ്ങൾക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തോട് പ്രതികരിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഇറാനി വിദേശകാര്യ മന്ത്രി ഹൊസൈൻ അമിർ അബ്ദുല്ലഹിയൻ വ്യാഴാഴ്ച പ്രതികരിച്ചിരുന്നു.
കോൺസുലേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഇതുവരെ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഏതൊരു ആക്രമണത്തിനും സജ്ജമാണെന്നാണ് ഇസ്രയേലി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഏതുതരത്തിലുള്ള ആക്രമണമാകും ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുക എന്നതിനെ കുറിച്ച് ആർക്കും വ്യക്തതയില്ല. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നേരിട്ട് ആക്രമണം ഉണ്ടാകുമോ അതോ പശ്ചിമേഷ്യയിലെ ഇസ്രയേലിന്റെ ആസ്തികളെയാകുമോ ഇറാൻ ലക്ഷ്യം വയ്ക്കുക എന്നതും അവ്യക്തമായി തുടരുകയാണ്. ഇസ്ലാമിക് ജിഹാദ്, ഹൂതി, ഹിസ്ബുള്ള പോലെ മേഖലയിലെ തീവ്ര-സായുധ സംഘങ്ങളെ ഉപയോഗിച്ച് നേരിട്ട് രംഗത്തിറങ്ങാതെയുള്ള ആക്രമണ സാധ്യതകളും നിരീക്ഷകർ തള്ളിക്കളയുന്നില്ല.
വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയാണെന്നും സൈനിക യൂണിറ്റുകൾക്ക് നൽകിയ അവധികൾ താത്കാലികമായി പിൻവലിച്ചതായും ഇസ്രയേൽ അറിയിച്ചിരുന്നു. കൂടാതെ മിസൈൽ ആക്രമണങ്ങളെ നേരിടാനുള്ള തയാറെടുപ്പിന്റെ ഭാഗമായി ജിപിഎസ് സംവിധാനവും ഇസ്രയേൽ തകരാറിലാക്കിയിട്ടുണ്ട്.
അതേസമയം, വെള്ളിയാഴ്ച വൈകിട്ട് ഹിസ്‌ബുല്ല ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. നാല്പതോളം റോക്കറ്റുകൾ ഹിസ്ബുല്ല ലെബനൻ അതിർത്തിയിൽനിന്ന് അയച്ചതായി ഇസ്രയേലും അറിയിച്ചിരുന്നു.
ഇതിനിടെ ഗാസയിൽ ഇസ്രയേൽ അനസ്യൂതം ആക്രമണങ്ങൾ തുടരുകയാണ്. ഏറ്റവുമൊടുവിൽ മധ്യ ഗാസയിൽ നടത്തിയ ആക്രമണത്തിൽ മുപ്പത് പേർക്ക് പരുക്കേൽക്കുകയും അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തു. വെസ്റ്റ് ബാങ്കിൽ ഇസ്രയേലി കുടിയേറ്റക്കാരും പലസ്തീനികൾക്കെതിരെ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.