WORLD

ഇറാന്‍ പ്രക്ഷോഭം: പോലീസ് കസ്റ്റഡിയില്‍ ബലാത്സംഗം, കൊടുംക്രൂരതകള്‍

വെബ് ഡെസ്ക്

ഇറാനില്‍ മാസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ അതിക്രൂരവും മനുഷ്യത്വ രഹിതവുമായ രീതികളിലൂടെ നേരിട്ടു ഭരണകൂടം. പ്രതിഷേധിക്കുന്നവര്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ജയിലിലടയ്ക്കപ്പെടുകയാണ്. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ബലാത്സംഗമുള്‍പ്പെടെയുള്ള ക്രൂരതകള്‍ക്ക് അവരെ ഇരയാക്കുകയുമാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ അറസ്റ്റിലാവുകയും പോലീസ് കസ്റ്റഡിയിലിരിക്കെ മരിക്കുകയും ചെയ്ത 22കാരി മഹ്‌സ അമിനിയുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് ഇറാനില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി ഹിജാബ് അഴിച്ചു മാറ്റുകയും അവ കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ കടന്നു പോകേണ്ടി വരുന്നത് ക്രൂരമായ പീഡനങ്ങളിലൂടെയാണെന്ന് അനുഭവസ്ഥർ.

പ്രതിഷേധത്തില്‍ ഇതുവരെ 300ലധികം പേര്‍ കൊല്ലപ്പെട്ടു. 15,000ത്തിലധികം പ്രക്ഷോഭകരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ കടന്നു പോകേണ്ടി വരുന്നത് ക്രൂരമായ പീഡനങ്ങളിലൂടെയാണെന്ന് അനുഭവസ്ഥരുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. തെരുവുകളില്‍ പ്രതിഷേധിക്കുന്ന സ്ത്രീകളോട് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ വളരെ മോശമായി പെരുമാറുന്നതും ശാരീരികമായി ഉപദ്രവിക്കുന്നതുമായ വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അറസ്റ്റിലായവരെ പോലീസ് ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം അത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഹാദിസ് നജാഫി, സെറിന ഇസ്മായില്‍സെദെ, നികഷകരാമി എന്നിങ്ങനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെ പേരുകള്‍ നീളുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ഇവരില്‍ പലരും അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് നിക മരിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും, പോലീസ് തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടതാണെന്ന് കുടുംബം ആരോപിക്കുന്നു. തലയില്‍ മാരകമായി മുറിവേറ്റ് രക്തംവാര്‍ന്നതായിരുന്നു മരണകാരണം. സെറിന ഇസ്മായില്‍സെദെ എന്ന പതിനാറുകാരി മര്‍ദനമേറ്റായിരുന്നു മരിച്ചത്.

നിക ഷകരാമി
അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായതാണെന്ന് പരിശോധനയില്‍ ഡോക്ടര്‍മാര്‍ മനസ്സിലാക്കി

അര്‍മിത അബ്ബാസി എന്ന 20കാരിയായ പെണ്‍കുട്ടിയുടെ ദുരവസ്ഥ പുറം ലോകമറിഞ്ഞത് ചില ഡോക്ടര്‍മാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നാണ്. ടിക്ടോക്കറും വ്ളോഗറുമായ അബ്ബാസിയെ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഒക്‌ടോബര്‍ ആദ്യ വാരമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ 17ന് കറാജിലെ ഇമാം അലി ആശുപത്രിയില്‍ അബ്ബാസിയെ അതീവ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായതാണെന്ന് പരിശോധനയില്‍ ഡോക്ടര്‍മാര്‍ മനസ്സിലാക്കി. എന്നാല്‍ അറസ്റ്റിന് മുമ്പാണ് ബലാത്സംഗം നടന്നതെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. അബ്ബാസി ഇപ്പോഴും കറാജിലെ ഫര്‍ദിസ് ജയിലില്‍ തടവിലാണ്.

പെണ്‍കുട്ടികളെ മാത്രമല്ല, അറസ്റ്റു ചെയ്യുന്ന ആണ്‍കുട്ടികളേയും ഉദ്യോഗസ്ഥര്‍ ശാരീരിക പീഡനത്തിന് വിധേയമാക്കുന്നു

അബ്ബാസിയെ പോലെ നിരവധി പെണ്‍കുട്ടികള്‍ ദിവസവും ജയിലറകള്‍കുള്ളില്‍ നിസ്സഹായരായി ആക്രമണങ്ങള്‍ക്ക് വിധേയരാവുന്നുണ്ട്. പെണ്‍കുട്ടികളെ മാത്രമല്ല, അറസ്റ്റു ചെയ്യുന്ന ആണ്‍കുട്ടികളേയും ഉദ്യോഗസ്ഥര്‍ ശാരീരിക പീഡനത്തിന് വിധേയമാക്കുന്നുണ്ട്. ഇറാനിയന്‍ പോലീസിന്റെ തടവില്‍ നിന്ന് രക്ഷപ്പെട്ട 17 വയസ്സുകാരനായ ഒരു ആണ്‍കുട്ടി തനിക്കും സുഹൃത്തുക്കള്‍ക്കും പോലീസില്‍ നിന്ന് നേരിടേണ്ടി വന്ന ശാരീരിക പീഡനങ്ങളെ കുറിച്ച് സിഎന്‍എന്നിനോട് സംസാരിക്കുന്നുണ്ട്.

രണ്ട് മാസത്തിലേറെയായി നടക്കുന്ന പ്രക്ഷോഭങ്ങൾ രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ശത്രുക്കളാണ് പ്രക്ഷോഭകാരികളെ പ്രോത്സാഹിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് ഇതുവരെ ആറ് പേരെയാണ് ഇറാന്‍ ഭരണകൂടം വധശിക്ഷക്ക് വിധിച്ചത്. കുറഞ്ഞത് 21 പേർക്കെതിരേ വധശിക്ഷയ്ക്ക് കാരണമായേക്കാവുന്ന കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടിട്ടുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു. ഭരണകൂട അടിച്ചമർത്തലിൽ 378 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുള്ളതായും അവരിൽ 47 പേരും കുട്ടികളാണെന്നും ഇറാൻ മനുഷ്യാവകാശ സംഘടനകളും കണക്കുകള്‍ പുറത്തുവിടുന്നു.

കൂട്ട അറസ്റ്റുകള്‍ക്കും അടിച്ചമർത്തലുകള്‍ക്കും കായിക, ചലച്ചിത്ര താരങ്ങളും മാധ്യമപ്രവർത്തകരും ഇരകളായിട്ടുണ്ട്. പ്രക്ഷോഭത്തെ കുറിച്ചുള്ള ചോദ്യം ചെയ്യലിൽ, ഇറാനിലെ അറിയപ്പെടുന്ന ഫുട്ബോൾ ടീമുകളിലൊന്നായ പെർസെപോളിസ് എഫ്‌സിയിൽ നിന്നുള്ള യഹ്‌യ ഗോൾമോഹമ്മദിയുടെ പരിശീലകനും ഉൾപ്പെട്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകകപ്പ് ഫുട്ബോള്‍ വേദിയില്‍ ഇറാൻ ടീം അംഗങ്ങള്‍ ആദ്യ മത്സരത്തിന് മുമ്പ് ദേശീയ ഗാനം പാടാതെ പ്രതിഷേധിച്ചതും ശ്രദ്ധേയമായിരുന്നു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ