ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ അർദ്ധസൈനികനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർക്ക് വധശിക്ഷ വിധിച്ച് ഇറാനിയൻ കോടതി. ബാസിജ് അർദ്ധസൈനിക വിഭാഗത്തിൽ അംഗമായ റുഹൊല്ല അജാമിയൻ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. മൂന്ന് കുട്ടികളടക്കം 13 പേർക്ക് ജയിൽശിക്ഷ വിധിച്ചതായും ജുഡീഷ്യറി വക്താവ് പറഞ്ഞു. നവംബർ 12 ന് ടെഹ്‌റാനടുത്തുള്ള കരാജിൽ ഒരു സംഘം ആളുകൾ അജാമിയനെ പിന്തുടരുകയും കത്തികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. പ്രദേശത്ത് സർക്കാർ വിരുദ്ധ പ്രകടനങ്ങൾ നടന്നിരുന്നു.
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ഹാദിസ് നജാഫിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയവരാണ് അജാമിയനെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി കൊല്ലപ്പെട്ടതിന് ദിവസങ്ങൾ ശേഷമാണ് നജാഫി കൊല്ലപ്പെടുന്നത്. 22 കാരിയായ മഹ്‌സ അമിനിയുടെ കൊലപാതകത്തെ തുടർന്ന് ശക്തമായ പ്രതിഷേധം ഇപ്പോൾ മൂന്ന് മാസം പിന്നിട്ടിരിക്കുകയാണ്.
1979ലെ വിപ്ലവത്തിനുശേഷം ഇറാന്റെ പൗരോഹിത്യ ഭരണാധികാരത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ പ്രകടനങ്ങളായിരുന്നു കഴിഞ്ഞ മൂന്ന് മാസമായി തുടർന്നിരുന്നത്. സുരക്ഷാ സേനയിലെ 300ലധികം ആളുകൾ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു. 43 കുട്ടികളും 25 സ്ത്രീകളും ഉൾപ്പെടെ 326 പ്രതിഷേധക്കാർ സുരക്ഷാ സേനയുടെ അക്രമാസക്തമായ അടിച്ചമർത്തലിൽ കൊല്ലപ്പെട്ടതായി ഇറാൻ മനുഷ്യാവകാശങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 15 ,800 പേരെ സുരക്ഷാസേന കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 39 സുരക്ഷ ഉദ്യോഗസ്ഥരും ഇക്കാലയളവിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ചാരവൃത്തിയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയും പ്രതിഷേധത്തിന് നേതൃത്വം നൽകിയെന്ന് ആരോപിച്ചും ഇറാൻ പതിവായി ആളുകളെ അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇസ്രയേലിലെ മൊസാദ് രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച ഇറാൻ അധികൃതർ നാല് പേരെ വധിച്ചിരുന്നു. ജർമ്മനിയിലെയും നെതർലാൻഡിലെയും വിദേശ ഏജന്റുമാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 12 പേരെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതിഷേധക്കാർ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തതിന്റെ രണ്ടാം ദിവസമായിരുന്നു ഇന്നലെ. പ്രകടനം നടത്തുന്നവർ കടകൾ അടയ്ക്കാനും ബാങ്ക് ഇടപാടുകൾ ഉപയോഗിക്കുന്നത് നിർത്താനും ആളുകളോട് ആവശ്യപ്പെട്ടിരുന്നു. വടക്കൻ ടെഹ്‌റാനിലെ സമീപപ്രദേശങ്ങളിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മിക്ക കടകളും അടച്ചിരുന്നു, കനത്ത സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. കടകൾ അടച്ചുപൂട്ടാൻ ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്യാൻ ഇറാന്റെ ജുഡീഷ്യറി മേധാവി ഘോലംഹൊസൈൻ മൊഹ്‌സെനി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.