WORLD

ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയത് ബോംബ് സ്ഥാപിച്ചല്ല; ഷോട്ട് റേഞ്ച് പ്രൊജക്ടൈൽ ഉപയോഗിച്ചെന്ന് ഇറാൻ

ഇറാനിൽ നിന്നുള്ള തിരിച്ചടി പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രയേലും സഖ്യകക്ഷിയായ അമേരിക്കയും

വെബ് ഡെസ്ക്

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയത് ഹ്രസ്വദൂര പ്രൊജക്‌ടൈൽ ഉപയോഗിച്ചെന്ന് ഇറാൻ. ടെഹ്‌റാനിലെ അദ്ദേഹത്തിൻ്റെ വസതിക്ക് പുറത്തുനിന്ന് ഏഴ് കിലോഗ്രാം ഭാരമുള്ള ഒരു ഷോർട്ട് റേഞ്ച് പ്രൊജക്ടൈൽ ഉപയോഗിച്ചാണ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഹനിയയെ കൊലപ്പെടുത്തിയത് അദ്ദേഹം താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിൽ രഹസ്യമായി ഒളിപ്പിച്ച സ്‌ഫോടകവസ്തു ഉപയോഗിച്ചാണെന്ന് മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെ തള്ളുന്നതാണ് പുതിയ വെളിപ്പടുത്തലുകൾ.

ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ആണ് കൊലപാതകം സംബന്ധിച്ച സുപ്രധാന വിവരം പുറത്തുവിട്ടത്. ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ ആക്രമണത്തിന് കടുത്ത പ്രതികരണം ചെയ്യുമെന്ന് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. "രക്തസാക്ഷി ഇസ്മായിൽ ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യും, സാഹസികവും ഭീകരവുമായ സയണിസ്റ്റ് ഭരണകൂടത്തിന് കഠിനമായ ശിക്ഷ ലഭിക്കും," ഐആർജിസി പ്രസ്താവന പറയുന്നു. 'ക്രിമിനൽ' യുഎസ് സർക്കാരിൻ്റെ പിന്തുണയോടെയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്നും ഐആർജിസി ഊന്നിപ്പറഞ്ഞു. പശ്ചിമേഷ്യ വിശാലമായ പ്രാദേശിക യുദ്ധത്തിലേക്ക് കടക്കുമോ എന്ന ഭീതി ജനിപ്പിക്കുന്നതാണ് ഇറാന്റെ പുതിയ പ്രതികരണങ്ങൾ.

ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിന് ചൊവ്വാഴ്ച ഇറാനിലെത്തിയപ്പോഴാണ് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. ചടങ്ങിൽ പങ്കെടുത്ത് മണിക്കൂറുകൾക്ക് ശേഷം ജൂലൈ 31 ന് പുലർച്ചെ രണ്ട് മണിക്ക് അദ്ദേഹത്തിന്റെ വസതിയിലായിരുന്നു ആക്രമണം നടന്നത്. സംഭവത്തിൽ ഇസ്രയേൽ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഹനിയയെ വെള്ളിയാഴ്ച ഖത്തറിൽ അടക്കം ചെയ്തു.

ഇറാനിലെത്തിയാൽ ഹനിയ താമസിക്കാൻ സാധ്യതയുള്ള മുറി കണ്ടെത്തി ബോംബ് സ്ഥാപിച്ചാണ് ഹനിയയെ കൊലപ്പെടുത്തിയതെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. രണ്ടുമാസം മുൻപ് തന്നെ, ഹനിയയുടെ കൊലപാതകത്തിന് കാരണമായതെന്ന് കരുതപ്പെടുന്ന ബോംബ് ഇസ്രയേൽ സ്ഥാപിച്ചിരുന്നുവെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഖത്തറിൽ താമസിച്ചിരുന്ന ഇസ്മായിൽ ഹനിയയെ, പുറം രാജ്യങ്ങളിൽ എവിടെയെങ്കിലുംവെച്ച് കൊലപ്പെടുത്താനായിരുന്നു ഇസ്രയേൽ പദ്ധതിയിട്ടിരുന്നത്. അങ്ങനെയാണ് ഹനിയ പലവിധ ചർച്ചകൾക്കായി നിരവധി തവണ വന്നുപോയിരുന്ന ഇറാനെതന്നെ കൃത്യം നടത്താൻ ഇസ്രയേൽ തിരഞ്ഞെടുത്തതെന്നും റിപ്പോർട്ട് പറയുന്നു.

സ്ഫോടനത്തിൽ കെട്ടിടം കുലുങ്ങുകയും ചില ജനാലകൾ തകരുകയും ഒരു പുറംഭിത്തി ഭാഗികമായി പൊളിയുകയും ചെയ്തിരുന്നു. ഹനിയയ്‌ക്കൊപ്പം ആ സമയം മുറിയിലുണ്ടായിരുന്ന അംഗരക്ഷകനും കൊല്ലപ്പെട്ടു.

അതേസമയം, ഇറാനിൽ നിന്നുള്ള തിരിച്ചടി പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രയേലും സഖ്യകക്ഷിയായ അമേരിക്കയും. ഇസ്രയേലിനെതിരെ വ്യാപകമായ മിസൈൽ ആക്രമണം ഇൻ്റലിജൻസ് സമൂഹം പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥൻ പറഞ്ഞു. അമേരിക്ക മിഡിൽ ഈസ്റ്റിൽ കൂടുതൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. അധിക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ശേഷിയുള്ള ക്രൂയിസറുകളും ഡിസ്ട്രോയറുകളും ക്രമീകരിക്കുന്നുണ്ടെന്ന് പെൻ്റഗൺ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്തു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍