WORLD

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി; ഇറാനുമായി ചർച്ച നടത്തി കേന്ദ്രം

നാല് മലയാളികളടക്കം പതിനേഴ് പേരാണ് ഇറാൻ പിടിച്ചെടുത്ത കപ്പലിലുള്ളത്. ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് ഇറാൻ വിദേശകാര്യമന്ത്രി അമിറബ്ദൊള്ളാഹിയാനുമായി എസ് ജയശങ്കർ ചർച്ച നടത്തിയിരുന്നു

വെബ് ഡെസ്ക്

ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യൻ പ്രതിനിധികളെ ഉടൻ അനുവദിക്കുമെന്ന് ഇറാൻ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. നാല് മലയാളികളടക്കം പതിനേഴ് പേരാണ് ഇറാൻ പിടിച്ചെടുത്ത കപ്പലിലുള്ളത്. ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രാലയവുമായി കേന്ദ്ര സർക്കാർ ബന്ധപ്പെട്ടിരുന്നു. നിലവിലെ സാഹചര്യങ്ങൾ ചർച്ചയായെന്നും വിഷയം പരിഹരിക്കാൻ നയതന്ത്ര ചർച്ചകളുടെ ആവശ്യകതയുണ്ടെന്നുമാണ് ചർച്ചകൾക്കുശേഷം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം എം എസ് സി ഏരീസ് എന്ന കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി എച്ച് അമിറബ്ദൊള്ളാഹിയാനുമായി ജയശങ്കർ ചർച്ച നടത്തിയിരുന്നു. ഇവരുടെ മോചനവും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ചും ചര്‍ച്ച ചെയ്തതായി ജയശങ്കര്‍ വ്യക്തമാക്കി. പ്രദേശത്തുള്ള ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ ആകെ 25 ജീവനക്കാണുള്ളത്. ഇതില്‍ 17 പേരും ഇന്ത്യക്കാരാണ്, നാല് പേർ മലയാളികളും. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ്, വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം പൊറ്റെങ്ങോട്ട് പി വി ധനേഷ്, തൃശൂർ സ്വദേശിയായ ആൻ ടെസ്സ ജോസഫ് എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. കപ്പലിലുള്ള ജീവനക്കാർ സുരക്ഷിതരാണെന്നാണ് കപ്പൽ കമ്പനി അറിയിച്ചത്. വയനാട് സ്വദേശി ധനേഷ് വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതമാണെന്ന് അറിയിച്ചതായി ധനേഷിൻറെ കുടുംബം അറിയിച്ചു. ഇൻ്റർനെറ്റ് വഴി ബന്ധപ്പെട്ട കോൾ പെട്ടന്ന് കട്ടായതിനാൽ എവിടെനിന്നാണ് ധനേഷ് വിളിച്ചതെന്ന് വ്യക്തമല്ല.

ശനിയാഴ്ച ദുബായില്‍നിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന പോര്‍ച്ചുഗീസ് പതാകയുള്ള ചരക്കുകപ്പൽ ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്റെ ഔദ്യോഗികസേനാ വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐ ആര്‍ ജി സി) പിടിച്ചെടുത്ത് തീരത്തേക്കടുപ്പിച്ചത്. കമാൻഡോകൾ യുഎഇയിലെ തുറമുഖ നഗരമായ ഫുജൈറയ്ക്കു സമീപം ഹെലികോപ്റ്ററിലെത്തി കപ്പല്‍ പിടിച്ചെടുത്തുവെന്നാണ് ലണ്ടനിലെ മാരിടൈം ട്രേഡ് ഓപ്പറേഷന് ലഭിച്ച റിപ്പോര്‍ട്ട്.

ലണ്ടന്‍ കേന്ദ്രീകൃതമായ സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്‌നര്‍ കപ്പലാണ് എംഎസ്‌സി ഏരീസ്. കപ്പലിന്റെ അവസാന ലൊക്കേഷന്‍ ദുബൈയിലാണ് കാണിക്കുന്നത്. യുകെഎംടിഒയും മറ്റ് ഏജന്‍സികളും നല്‍കിയ വിവരങ്ങള്‍ അറിയാമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. കപ്പൽ ഇറാന്‍ സേന പിടിച്ചെടുത്ത റിപ്പോർട്ട് ഇസ്രയേലും ശരിവച്ചിരുന്നു. കപ്പൽ റാഞ്ചിയതിനുള്ള പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇസ്രയേൽ സേന വക്താവ് വ്യക്തമാക്കി.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ