ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത കൗമാരക്കാരിയെ ഇറാൻ സുരക്ഷാ സേനയിലെ മൂന്ന് പേർ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ട്. ഇറാൻ സുരക്ഷാ സേനയിൽനിന്ന് ചോർന്ന രേഖകളിലെ വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2022 ൽ മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഇറാനിൽ നടന്ന ഭരണവിരുദ്ധ പ്രതിഷേധത്തിനിടെ കാണാതായ പതിനാറുകാരിയായ നിക ഷക്കാരാമിയെയാണ് ഇറാൻ സുരക്ഷാ സേന ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയത്.
കാണാതായി ഒൻപത് ദിവസത്തിനുശേഷം മോർച്ചറിയിലാണ് നികയുടെ മൃതദേഹം കണ്ടെത്തുന്നത്. അത് നിക തന്നെയാണോയെന്ന് തിരിച്ചറിയാന്‍ കുറച്ച് സെക്കൻഡുകൾ മാത്രമേ ബന്ധുക്കൾക്ക് ഉദ്യോഗസ്ഥർ അനുവദിച്ചുള്ളൂ. മർദനമേറ്റതിന്റെ പാടുകൾ നികയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് നികയുടെ മാതാവ് നസ്റീന്‍ ഉള്‍പ്പെടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു സർക്കാർ വാദം. കെട്ടിടത്തിനു മുകളില്‍നിന്ന് വീണാണ് നിക മരിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും പോലീസ് തലയ്ക്കടിച്ച് പരുക്കേല്പിച്ചതിനെത്തുടര്‍ന്ന് മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. തലയില്‍ മാരകമായി മുറിവേറ്റ് രക്തം വാര്‍ന്നാണ് നിക മരിച്ചത്. 'അതീവ രഹസ്യ സ്വഭാവമുള്ളത്' എന്നടയാളപ്പെടുത്തിയിരിക്കുന്ന രേഖകൾ പുറത്തുവന്നതോടെയാണ് നികയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകുന്നത്.
രാജ്യത്തിൻ്റെ ഇസ്ലാമിക ഭരണകൂടത്തെ പ്രതിരോധിക്കുന്ന സുരക്ഷാ സേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) നികയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ തെളിവെടുപ്പിന്റെ സംഗ്രഹമാണ് റിപ്പോർട്ടിലുള്ളത്. പെൺകുട്ടിയെ കൊലപ്പെടുത്തിയവരുടെയും സത്യം മറച്ചുവെക്കാൻ ശ്രമം നടത്തിയ മുതിർന്ന കമാൻഡർമാരുടെയും പേരുവിവരങ്ങളും റിപ്പോർട്ടിലുണ്ട്.
നിക പ്രതിഷേധക്കാരുടെ നേതാവാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ സൈന്യം പെൺകുട്ടിയെ നിരീക്ഷിച്ചു വന്നത്. പെൺകുട്ടിയുടെ പെരുമാറ്റവും ഫോണിൽ വന്ന നിരന്തരമായ കോളുകളുമാണ് ഈ സംശയത്തിലേക്ക് ഇറാൻ സുരക്ഷാ സേനയുടെ ടീം 12 നെ എത്തിച്ചത്. ഇക്കാര്യം സ്ഥിരീകരിക്കാൻ സംഘം ഉദ്യോഗസ്ഥരിലൊരാളെ പ്രതിഷേധക്കാരൻ്റെ വേഷത്തിൽ ജനക്കൂട്ടത്തിലേക്ക് അയച്ചു. ഇയാളുടെ റിപ്പോർട്ടനുസരിച്ച് നികയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി അവിടെനിന്ന് രക്ഷപ്പെട്ട് ഓടിപ്പോയി. സുരക്ഷാ സേന തന്നെ പിന്തുടരുകയാണെന്ന് നിക ഒരു സുഹൃത്തിനോട് പറഞ്ഞതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
കൈവിലങ്ങുകൾ വെക്കുകയും ബലം പ്രയോഗിച്ച് അടക്കിനിർത്തുകയും ചെയ്തിട്ടും നിക ചവിട്ടുകയും ശകാരിക്കുകയും ചെയ്ത് പ്രതിരോധിച്ച് കൊണ്ടിരുന്നു. പ്രകോപിതരായ ഉദ്യോഗസ്ഥർ ബാറ്റൺ കൊണ്ട് പെൺകുട്ടിയെ അടിക്കുകയായിരുന്നു. കൊല്ലപ്പെട്ടപ്പോൾ അവളെ തെരുവിൽ ഉപേക്ഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ അവർക്ക് നിർദേശം നൽകി
സുരക്ഷാ സേന വീണ്ടും കണ്ടെത്തി ഒരു മണിക്കൂറിനുശേഷമാണ് നികയെ കസ്റ്റഡിയിലെടുത്തത്. അരാഷ് കൽഹോർ, സദേഗ് മൊൻജാസി, ബെഹ്‌റൂസ് സദേഗി എന്നീ മൂന്ന് ടീം 12 അംഗങ്ങളാണ് നികക്കൊപ്പം സേനാ വാഹനത്തിന്റെ പിന്നിലുണ്ടായിരുന്നത്. ടീം ലീഡർ മൊർതേസ ജലീൽ ഡ്രൈവറോടൊപ്പം മുന്നിലായിരുന്നു. ശേഷം അവളെ അടച്ചിടാൻ ഉദ്യോഗസ്ഥർ താൽക്കാലിക പോലീസ് ക്യാമ്പിലേക്ക് പോയി. എന്നാൽ ഇവിടെ തിരക്കായതിനാൽ തിരിച്ച് വരേണ്ടി വന്നു. മറ്റിടങ്ങളിലും പ്രവേശനം സാധ്യമാകാതെ വന്നതോടെ ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. എന്നാൽ അവർ അവിടെ എത്തുന്നതിന് മുൻപ് നിക കൊല്ലപ്പെട്ടു.
സുരക്ഷാ സേനയുടെ രഹസ്യവാനിൽ വെച്ചാണ് ഉദ്യോഗസ്ഥർ നികയെ ലൈംഗികമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. വാനിൽ നടന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണവും രേഖകളിൽ ഉണ്ട്. കൈവിലങ്ങുകൾ വെക്കുകയും ബലം പ്രയോഗിച്ച് അടക്കിനിർത്തുകയും ചെയ്തിട്ടും നിക ചവിട്ടുകയും ശകാരിക്കുകയും ചെയ്ത് പ്രതിരോധിച്ച് കൊണ്ടിരുന്നു. പ്രകോപിതരായ ഉദ്യോഗസ്ഥർ ബാറ്റൺ കൊണ്ട് പെൺകുട്ടിയെ അടിക്കുകയായിരുന്നു.
ഒടുവിൽ നിക കൊല്ലപ്പെട്ടപ്പോൾ അവളെ തെരുവിൽ ഉപേക്ഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ അവർക്ക് നിർദേശം നൽകുകയായിരുന്നു. സെപ്റ്റംബര്‍ 20ന് ടെഹ്‌റാനില്‍ നടന്ന പ്രതിഷേധത്തിനിടെ, നിക ഷക്കാരാമി മാലിന്യപ്പെട്ടിയുടെ മുകളില്‍ കയറിനിന്നുകൊണ്ട് ഹിജാബ് കത്തിക്കുന്നതിന്റെയും ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. അതിനുശേഷമാണു നികയെ കാണാതായത്. പോലീസ് നികയെ പിന്തുടര്‍ന്നിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ ആരോപണമുന്നയിച്ചിരുന്നു. മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കെ നികയെ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് രേഖകളിൽനിന്ന് വ്യക്തമാണ്.
നികയുടെ തിരോധാനവും മരണവും വൻതോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. രാജ്യത്തുടനീളമുള്ള കൂടുതൽ പേർ പ്രക്ഷോഭങ്ങളുടെ ഭാഗമാവുകയും പ്രക്ഷോഭം കൂടുതൽ കനക്കുകയും ചെയ്തത് നികയുടെ മരണത്തിനു പിന്നാലെയാണ്. ഹിജാബ് ധരിക്കാത്തതിന് പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി മരിച്ചതിനു പിന്നാലെയാണ് ഇറാനില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ അനവധി കൗമാരക്കാർ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.