ഗാസയിലെ പോലെ ഇന്ത്യയിലും മുസ്ലിങ്ങൾ ദുരിതമനുഭവിക്കുന്നതായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. തിങ്കളാഴ്ച്ച രാത്രിയായിരുന്നു ഖമേനിയുടെ പോസ്റ്റ്. സമൂഹമാധ്യമായ എക്‌സിൽ കുറിച്ച പോസ്റ്റിലാണ് ഗാസയ്ക്കും മ്യാന്മറിനുമൊപ്പം ഇന്ത്യയെയും ഖമേനി പരാമർശിച്ചത്. ഇതിനോട് ശക്തമായി പ്രതികരിച്ച കേന്ദ്രസർക്കാർ, അഭിപ്രായ പ്രകടനത്തെ അപലപിച്ചു.
“ഗാസ, മ്യാന്മർ, ഇന്ത്യ എന്നിവിടങ്ങൾ ഒരു മുസ്‌ലിം അനുഭവിക്കുന്ന കഷ്ടപ്പാടുകൾ മറന്നുപോയാൽ നമുക്ക് സ്വയം മുസ്‌ലിംകളായി കണക്കാക്കാനാവില്ല" ആയത്തുള്ള അലി ഖമേനി കുറിച്ചു. ഇറാൻ പരമോന്നത നേതാവ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് നടത്തിയ അഭിപ്രായങ്ങളെ അപലപിച്ചുകൊണ്ട് കേന്ദ്രസർക്കാരും ഉടൻ രംഗത്തുവന്നു. ഇത് അസ്വീകാര്യമാണ്. ന്യൂനപക്ഷങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന രാജ്യങ്ങൾ മറ്റുള്ളവരെ കുറിച്ച് എന്തെങ്കിലും നിരീക്ഷണങ്ങൾ നടത്തുന്നതിന് മുമ്പ് സ്വന്തം ഭൂതകാലം നോക്കാൻ നിർദ്ദേശിക്കുന്നുവെന്നും വിദേശകാര്യ മന്ത്രയാളം പ്രതികരിച്ചു. .
മഹ്‌സ അമിനിയെന്ന 22-കാരി ഹിജാബ് കൃത്യമായി ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മതകാര്യ പോലീസ് മർദിച്ചതിനെ തുടർന്ന് മരിച്ചതിന്റെ രണ്ടാം വാർഷികദിനത്തിന് പിന്നാലെയാണ് ഖമേനിയുടെ അഭിപ്രായപ്രകടനം. മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിലെ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന അടിച്ചമർത്തലുകളും വിവേചനങ്ങളും ആഗോളതലത്തിൽ വൻ ചർച്ചയായിരുന്നു. ഇറാനി സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി തെരുവുകളിൽ വലിയ പ്രതിഷേധപ്രകടനങ്ങളും നടത്തിയിരുന്നു.
ഇതാദ്യമായല്ല ഖമേനി ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിങ്ങൾ നേരിടുന്ന ദുരിതങ്ങളെ കുറിച്ച് പരാമർശിക്കുന്നത്. എന്നാൽ ഇത്തവണ എന്താണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾക്ക് ഹേതുവായത് എന്നത് വ്യക്തമല്ല. 2020 മാർച്ചിൽ വടക്കുകിഴക്കൻ ഡൽഹിയിലെ കലാപങ്ങൾ 'മുസ്ലിങ്ങളുടെ കൂട്ടക്കൊല' എന്ന് വിശേഷിപ്പിച്ചിരുന്നു. സമാനമായി, കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിനെ പിന്നാലെയും ആശങ്ക അറിയിച്ച് ഖമേനി രംഗത്തെത്തിയിരുന്നു.