ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹി ജയില്‍ മോചിതനായി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ചതിന്റെ പേരില്‍ ഏഴ് മാസമായി ജയിലില്‍ കഴിയുകയായിരുന്ന പനാഹി, രണ്ട് ദിവസം മുന്‍പ് നിരാഹാര സമരത്തിലേക്ക് കടന്നിരുന്നു. വെള്ളിയാഴ്ച കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പനാഹിയെ വിട്ടയക്കാന്‍ ഇറാന്‍ ഭരണകൂടം തീരുമാനമെടുത്തത്. യുഎസ് ആസ്ഥാനമായുള്ള സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻ ഇറാൻ (സിഎച്ച്ആർഐ) ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്.
2022 ജൂലായ് 11നാണ് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി പനാഹിയെ അറസ്‌റ്റ് ചെയ്യുന്നത്. ആറ് വർഷം തടവിന് വിധിച്ച് ടെഹ്റാനിലെ എവിൻ ജയിലിലേക്ക് പനാഹിയെ മാറ്റി. ബുധനാഴ്ചയാണ് അദ്ദേഹം നിരാഹാര സമരത്തിലേക്ക് കടന്നത്. ''തന്റെ ജീവനില്ലാത്ത ശരീരം ജയിലിൽ നിന്ന് മോചിപ്പിക്കുന്നത് വരെ ഈ സമരം തുടരുമെന്ന'' പനാഹിയുടെ വാക്കുകളോടെ അദ്ദേഹത്തിന്റെ ഭാര്യ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നിരാഹാര സമരത്തെ കുറിച്ച് ലോകം അറിയുന്നത്. ഇതോടെ പനാഹിയെ വിട്ടയക്കണമെന്ന ആവശ്യമുയര്‍ത്തി നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി.
ഇറാന്‍ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ സിനിമകള്‍ ചിത്രീകരിച്ചതിന് പനാഹിയെ 2010ല്‍ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ആറ് വര്‍ഷത്തെ തടവിന് വിധിച്ച് അദ്ദേഹത്തിന് നിരവധി വിലക്കുകളുംഏര്‍പ്പെടുത്തി. എന്നാല്‍ രണ്ട് മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം പനാഹിയെ വിട്ടയച്ചു. സിനിമകള്‍ ചെയ്യുന്നതിനും മാധ്യമങ്ങളുമായി സംസാരിക്കുന്നതിനും വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനുമുള്ള വിലക്ക് തുടര്‍ന്നു. എന്നാല്‍ രഹസ്യമായും സാഹസികമായും അദ്ദേഹം സിനിമാ ചിത്രീകരണങ്ങള്‍ പൂര്‍ത്തിയാക്കി. ആ സിനിമകളെല്ലാം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ വലിയ കൈയടിയും നേടി.
ഇക്കഴിഞ്ഞ ജൂലൈയിലാണ് പനാഹി വീണ്ടും അറസ്റ്റിലാകുന്നത്. ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരില്‍ ഇറാന്‍ ഭരണകൂടം അറസ്റ്റ് ചെയ്ത ചലച്ചിത്ര സംവിധായകന്‍ മുഹമ്മദ് റസൂലോഫിനെ കുറിച്ച് അന്വേഷിക്കാനായി പ്രോസിക്യൂട്ടറുടെ ഓഫീസില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. പിന്നാലെ പനാഹി 2010ലെ ശിക്ഷ തുടര്‍ന്ന് അനുഭവിക്കണമെന്ന് കോടതി വിധിച്ചു. മോചനം സാധ്യമാകാതിരുന്നതോടെയാണ് പനാഹി നിരാഹാര സമരത്തിലേക്ക് കടന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ റസൂലോഫിനെ ജനുവരിയിൽ ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു.
മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തെ തുടർന്നാണ് ഇറാനിൽ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായത്. ഇതേ തുടര്‍ന്ന് അറസ്റ്റിലായവരില്‍ നിരവധി സിനിമാക്കാരുമുണ്ട്. ശിരോവസ്ത്രം ധരിക്കാത്ത ചിത്രങ്ങൾ പ്രസിദ്ധീകരിച്ച ഇറാനിയൻ നടി തരാനെ അലിദോസ്തി ജയിൽ മോചിതയായത് ജനുവരിയിലാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഇതുവരെ 500ലേറെ പേര്‍ കൊല്ലപ്പെടുകയും 20,000ത്തോളം പേര്‍ തടവിലാക്കപ്പെടുകയും ചെയ്തുവെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.