സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇറാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 23കാരൻ മജിദ്രേസ രഹ്നവാര്‍ഡിനെ തൂക്കിലേറ്റുന്നതിന് മുൻപുള്ള വീഡിയോ പ്രചരിക്കുന്നു. തന്റെ മരണത്തിൽ ആരും ദുഃഖിക്കരുതെന്നും ഖബറിൽ ഖുറാൻ വായിക്കരുതെന്നും മജിദ്രേസ പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്.
സുരക്ഷാ സേനയിലെ രണ്ട് അംഗങ്ങളെ കൊന്നുവെന്നാരോപിച്ചാണ് മജിദ്രേസ രഹ്നവാര്‍ഡിനെ വധ ശിക്ഷയ്ക്ക് വിധിച്ചത്. മജിദ്രേസയുടെ വധശിക്ഷ തിങ്കളാഴ്ച പുലര്‍ച്ചെയോടെ നടപ്പിലാക്കുകയും ചെയ്തു. വധശിക്ഷ നടപ്പാക്കി ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. കണ്ണുകള്‍ രണ്ടും മൂടികെട്ടിയ നിലയില്‍ മുഖംമൂടി ധരിച്ച രണ്ട് സുരക്ഷാ കാവൽക്കാര്‍ക്കൊപ്പം നിൽക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.
തന്റെ അവസാന ആഗ്രഹം എന്താണെന്ന് മജിദ്രേസ പറയുന്നതാണ് വീഡിയോ. ''എന്റെ ശവകുടീരത്തിലെത്തി ആരും വിലപിക്കേണ്ട. ആരും ഖുർആൻ വായിക്കാനോ പ്രാർത്ഥിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. നല്ല സംഗീതം വെച്ച് ആഘോഷിക്കൂ-''മജിദ്രേസ പറയുന്നു. ബെൽജിയൻ പാർലമെന്റ് അംഗവും സ്ത്രീകളുടെ അവകാശ പ്രവർത്തകയുമായ ദര്യ സഫായിയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.
രണ്ട് സുരക്ഷാ സേനാംഗങ്ങളെ കുത്തിക്കൊലപ്പെടുത്തുകയും നാല് പേരെ കുത്തി പരുക്കേൽക്കുകയും ചെയ്തതിനാണ് മജിദ്രേസിന് കോടതി വധശിക്ഷ വിധിച്ചതെന്നാണ് ഇറാൻ അധികൃതർ പറഞ്ഞത്. എന്നാൽ മജിദ്രേസിനെ നിർബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചാണ് വധശിക്ഷ വിധിച്ചതെന്ന് ഓസ്‌ലോ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് ഗ്രൂപ്പ് ഡയറക്ടർ മഹ്മൂദ് അമിരി മൊഗദ്ദം പറഞ്ഞു. ഒരു യുവ പ്രതിഷേധക്കാരനെ പരസ്യമായി വധിച്ചത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതാക്കൾ ചെയ്ത മറ്റൊരു ഗുരുതരമായ കുറ്റകൃത്യമാണെന്ന് മഹ്മൂദ് അമിരി മൊഗദ്ദം ആരോപിച്ചു. വധശിക്ഷ നടപ്പാക്കിയതിന് ശേഷം മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തൂക്കിലേറ്റുന്നതിന് മുൻപ് മജിദ്രേസയെ ഉമ്മയുമായി കൂടിക്കാഴ്ച്ചക്ക് അനുവദിച്ചിരുന്നു. വധശിക്ഷയുടെ വിവരം ഉമ്മയെ അറിയിച്ചിരുന്നില്ല.മകനെ ഉടൻ വിട്ടയക്കുമെന്നാണ് ഉമ്മ കരുതിയത്. എന്നാൽ പിന്നീട് മൃതശരീരമാണ് കാണുന്നതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സെക്യൂരിറ്റി ജീവനക്കാരനെ കുത്തികൊന്നു എന്നാരോപിച്ച് മൊഹസിന്‍ ഷെക്കരായിയെ പരസ്യമായി തൂക്കികൊന്നതിനു പിന്നാലെയാണ് പുതിയ വധ ശിക്ഷ നടപ്പിലാക്കുന്നത്. ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പങ്കെടുത്തതിന്റെ പേരില്‍ 25 ലധികം പേരെ ഇതിനോടകം ഇറാന്‍ ഭരണകൂടം വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച മഹ്‌സ അമിനിയുടെ മരണത്തിന് ശേഷം ഇറാനില്‍ പ്രതിഷേധം കനക്കുകയായിരുന്നു. 1979 മുതല്‍ ഇറാന്‍ ഭരണകൂടം നേരിട്ട ഏറ്റവും വലിയ പ്രതിഷേധമായിരുന്നു കടന്നുപോയത്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളെപോലും ക്രൂരമായാണ് സുരക്ഷാ സേന നേരിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.