WORLD

'ഉടൻ തിരിച്ചടിയില്ല'; ഇസ്രയേല്‍ ആക്രമണത്തോട് പ്രതികരിച്ച് ഇറാൻ, പശ്ചിമേഷ്യയ്ക്ക് താത്കാലിക ആശ്വാസം

ഇറാനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തി മണിക്കൂറുകൾ പിന്നിടവെയാണ് പ്രതികരണം

വെബ് ഡെസ്ക്

ഇസ്രയേലിന്റെ ആക്രമണത്തിന് ഉടൻ മറുപടിയില്ലെന്ന് ഇറാൻ. വ്യാഴാഴ്‌ച രാത്രി ഇറാനിലേക്ക് ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തി മണിക്കൂറുകൾ പിന്നിടവെയാണ് പ്രതികരണം. ഇസ്രയേലി ഡ്രോണുകൾ ഇറാൻ പ്രതിരോധ സേന വെടിവച്ചിട്ടിരുന്നു. വലിയ സംഘർഷ ഭീതിയിൽ കഴിയുന്ന പശ്ചിമേഷ്യൻ മേഖലയ്ക്ക് ആശ്വാസമേകുന്നതാണ് ഇറാന്റെ പ്രതികരണം.

തിരിച്ചടി ഉടനില്ലാത്തത് ആക്രമണം നടത്തിയത് ആരെന്ന സ്ഥിരീകരണം ലഭിച്ചിട്ടില്ലാത്തതിനാലാണെന്നാണ് വിശദീകരണം. "വിദേശരാജ്യത്തുനിന്നല്ല ആക്രമണം. നുഴഞ്ഞുകയറ്റമുണ്ടായതാണ് കരുതുന്നത്," അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിനോട് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. അതേസമയം, ഇസ്രയേലി തീവ്ര വലതുപക്ഷ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ വെള്ളിയാഴ്ച 'ദുർബലം' എന്ന് പോസ്റ്റ് ചെയ്തു. ഇത് ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തെ ഉദ്ദേശിച്ചാണെന്നാണ് വിലയിരുത്തൽ.

സിറിയയിലെ തങ്ങളുടെ കോണ്‍സുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായാണ് ഇസ്രയേലില്‍ ഇറാന്‍ ഏപ്രില്‍ 14 ന് ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയത്. ഇതിനു മറുപടിയായാണ് ഇന്നലെ രാത്രി ഇറാനിലേക്ക് ഡ്രോണ്‍ ആക്രമണം ഇസ്രയേല്‍ നടത്തിയതെന്നാണ് കരുതുന്നത്. ഇറാന്‍ നഗരമായ ഇസ്ഫഹാനിലാണ് സ്‌ഫോടനമുണ്ടായത്. ഇറാന്റെ സുപ്രധാനമായ വ്യോമതാവളം ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് 350 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍.

ഇസ്ഫഹാൻ പ്രവിശ്യയിൽ ഡ്രോണുകളെ വ്യോമ പ്രതിരോധം വെടിവെച്ച് വീഴ്ത്തിയതായി ഔദ്യോഗിക ടെലിവിഷൻ മാധ്യമം സ്ഥിരീകരിച്ചു. ഇസ്ഫഹാനിൽ കഴിഞ്ഞദിവസം രാത്രി കേട്ട ശബ്ദം വ്യോമപ്രതിരോധ സംവിധാനം 'സംശയാസ്പദമായ വസ്തുവിനെ' ലക്ഷ്യം വച്ചതാണ് കാരണമാണെന്ന് ഇറാൻ സൈന്യത്തിലെ മുതിർന്ന കമാൻഡർ സിയാവോഷ് മിഹാൻദൗസ്റ്റ് ഔദ്യോഗിക ടെലിവിഷന്‍ മാധ്യമത്തോട്‌ പറഞ്ഞു. ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

വ്യോമത്താവളത്തിന് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നടന്നത് മിസൈല്‍ ആക്രമണം തന്നെയാണോ എന്നതില്‍ ഇതുവരെ സ്ഥിരീകരണമില്ല. ആണവ കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി അവകാശപ്പെട്ടു.

ഇറാനെതിരെ ഇസ്രയേൽ സൈനിക നീക്കം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചു. എന്നാൽ എന്തുതരം ആക്രമണമാണ് നടത്തിയതെന്ന് യു എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. 24 മുതൽ 48 മണിക്കൂറിനുള്ളിൽ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ വ്യാഴാഴ്ച ഇസ്രായേൽ ബൈഡൻ ഭരണകൂടത്തെ അറിയിച്ചിരുന്നതായും അവർ പറഞ്ഞു.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം